തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിച്ച്കോളേജ് മാഗസിന്. കുന്നംകുളം ഗവണ്മെന്റ് പോളിടെക്നിക്കിലെ കോളേജ് യൂണിയന് പുറത്തിറക്കിയ മാഗസിനിലാണ് പ്രധാനമന്ത്രിയെ നെഗേറ്റെവ് ഫെയ്സസ് എന്ന പേരില്‍ അപമാനകരമായ രീതിയില്‍ ഫോട്ടോ ചിത്രീകരിച്ചിരിക്കുന്നത്. എസ്എഫ്ഐ യൂണിയനാണ് മാഗസിന് പുറത്തിറക്കിയിട്ടുള്ളത്.
കൊടും ഭീകരന് ബിന്ലാദന്, മുംബൈ സ്ഫോടനക്കേസിലെ മുഖ്യപ്രതി കസബ്, വീരപ്പന്, വേലുപ്പിള്ള പ്രഭാകരന്, ഹിറ്റ്ലര്‍, മുസ്സോളിനി, നെപ്പോളിയന് തുടങ്ങിയവര്‍ക്കൊപ്പമാണ് നരേന്ദ്രമോദിയുടെ ചിത്രവും ആലേഖനം ചെയ്തിട്ടുള്ളത്. അതോടൊപ്പം മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ജോര്‍ജ്ജ് രണ്ടാമന് ബുഷിന്റെ ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കവര്‍ചിത്രത്തില്‍ ലോകത്തിന് മാര്‍ഗ്ഗദര്‍ശനം നല്കിയ ബഹുമുഖപ്രതിഭകളുടെ ഫോട്ടോകളും നല്‍കിയിട്ടുണ്ട്. ഇതിലും ബിന്ലാദന് ഉണ്ടെന്നതാണ് ഏറെ ശ്രദ്ധേയം. കാറല്‍മാര്‍ക്സിന്റെ വലിയമുഖമാണ് ഇതില്‍ പ്രധാനമായും ചിത്രീകരിച്ചിട്ടുള്ളത്. ഗാന്ധിജിക്കുംം ശങ്കരാചാര്യര്‍ക്കും , സ്വാമി വിവേകാനന്ദനും, യേശുക്രിസ്തുവിനും ബിന്ലാദനോടൊപ്പം ചെറിയ രീതിയില്‍ സ്ഥാനം കൊടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് പോളിടെക്നിക്കില്‍ നടന്ന ചടങ്ങില്‍ പോളിടെക്നിക് പ്രിന്‍സിപ്പാളാണ് മാഗസിന്റെ പ്രകാശനം നിര്‍വ്വഹിച്ചത്. സി. എസ്. പ്രവീണാണ് മാഗസിന് എഡിറ്റര്‍, എസ്എഫ്ഐ നേതാവായ അഭിന്‍ കൃഷ്ണയാണ് ചെയര്മാന്. പ്രധാനമന്ത്രിയെ മോശമായി ചിത്രീകരിച്ച നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. മാഗസിന് അംഗീകാരം കൊടുത്ത പോളിടെക്നിക്ക് അധികൃതര്‍ക്കെതിരെയും പുസ്തകം പ്രസിദ്ധീകരിച്ച യൂണിയന് ഭാരവാഹികള്‍ക്കെതിരെയും കേസെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തില്‍ പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രിയെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് ബിജെപി ജില്ലാപ്രസിഡണ്ട് എ. നാഗേഷ് ആവശ്യപ്പെട്ടു. ഇതിനെതിരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന് നാഗേഷ് പറഞ്ഞു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: