കോഴിക്കോട്: സംസ്ഥാനത്ത് പാലുല്‍പ്പാദനം കൂടാത്തതിനെപ്പറ്റി ദേശീയക്ഷീര വികസന ബോര്‍ഡ് പഠനം നടത്തും.
രാജ്യത്ത് ഏറ്റവും കൂടുതല്‍ സങ്കരയിനം കാലികളുള്ള കേരളത്തിലെ സ്ഥിതി ഗൗരവമേറിയതിനാലാണ് ഈ നീക്കം. രണ്ട് മാസത്തിനകം പഠനം നടത്തി റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കും.
സംസ്ഥാനത്തെ കാലി സമ്പത്തില്‍ 90 മുതല്‍ 95 ശതമാനവും അത്യുല്‍പ്പാദന ശേഷിയുള്ളവയാണ്. വിദേശ ജാനസിന്റെ സങ്കരയിനങ്ങളായ ഇവയില്‍ നിന്ന് പാലുല്‍പ്പാദനം ക്രമേണ കൂടി വരേണ്ടതാണ്. എന്നാല്‍ ഇവിടെ സ്ഥിതി വ്യത്യസ്തമാണ്. പാലുല്‍പ്പാദനം കൂടുന്നില്ലെന്ന് മാത്രമല്ല നാലഞ്ച് വര്‍ഷമായി മുരടിച്ച നിലയിലുമാണ്. എട്ട് മുതല്‍ ഒമ്പത് ലിറ്റര്‍ പാല് മാത്രമേ ഇപ്പോള്‍ ഒരു കാലിയില്‍ നിന്ന് കിട്ടുന്നുള്ളു. നാടന്‍ കാലികള്‍ തന്നെ ഇത്രയും പാല് നല്കുമ്പോള് സങ്കരയിനത്തിന്റെ കുറഞ്ഞ ഉല്‍പ്പാദനക്ഷമത പരിതാപകരമാണ്. കൃത്രിമ ബീജസങ്കലനത്തിലൂടെ ജനിക്കുന്ന കിടാങ്ങളില്‍ നിന്നും കൂടുതല്‍ പാല് ലഭ്യമാകേണ്ടതാണ്. എന്നാല്‍ ഇവിടെ ഇക്കാര്യത്തിലും വിപരീതഫലമാണ്. സാഹചര്യങ്ങളെല്ലാം അനുകൂലമായിട്ടും പാല് ഉപ്താദനക്ഷമത കുറയുന്നുവെന്ന് മാത്രമല്ല കാലികളുടെ എണ്ണവും ചുരുങ്ങുകയാണ്. രോഗങ്ങള്‍ പിടിപെട്ട് കാലികള്‍ ചാകുന്ന പ്രവണതയും കൂടിവരികയാണ്. ഇതോടെ ഈ രംഗം വിടുന്ന ക്ഷീരകര്‍ഷകരുടെ എണ്ണവും ഏറി.
കേരളത്തിലെ ആശങ്കാജനകമായ ഈ സാഹചര്യം മാറ്റുന്നതിന്റെ മുന്നോയിടായി കഴിഞ്ഞ ദിവസം ബന്ധപ്പെട്ട വകുപ്പുകളുടെ ഉന്നതതല യോഗം ചേരുകയുണ്ടായി.
ദേശീയ ക്ഷീര വികസന ബോര്‍ഡ് ചെയര്മാന് ടി. നന്ദകുമാര്‍ പങ്കെടുത്ത യോഗത്തില്‍ സംസ്ഥാന ക്ഷീര വികസന വകുപ്പ്, ലൈവ് സ്റ്റോക്ക് ഡെവലപ്പ്മെന്റ് ബോര്‍ഡ്, മില്‍മ ആനിമല്‍ ഹസ്ബന്ററി പ്രതിനിധികളും സര്‍ക്കാര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സംബന്ധിച്ചു.
സങ്കരയിനം കാലികള്‍ക്കായുള്ള ബീജസങ്കലനം, കുത്തിവെയ്പ്പ്, അവയുടെ ആരോഗ്യ സ്ഥിതി, പരിചരണം, പോഷകാഹാരം, കാലാവസ്ഥ തുടങ്ങിയ കാര്യങ്ങള്‍ പഠന വിധേയമാക്കിയാകും റിപ്പോര്‍ട്ട് തയ്യാറാക്കുക.
എം.കെ.രമേഷ്കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: