തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ വിവിധ വര്‍ക്ക്ഷോപ്പുകളില്‍ കോടിക്കണക്കിനു രൂപയുടെ സ്പെയര്‍ പാര്‍ട്സുകള്‍ കെട്ടിക്കിടക്കുന്നു. വന്‍തോതില്‍ സ്പെയര്‍പാര്‍ട്സുകള്‍ വാങ്ങിക്കൂട്ടിയത് വലിയ അഴിമതിയാണെന്നാണ് കണ്ടെത്തല്‍. വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ കോടികളുടെ അഴിമതിനടന്നതായാണ് തെളിവുകള്‍ ലഭിച്ചിട്ടുള്ളത്. ഉദ്യോഗസ്ഥ കമ്പിനി ലോബിയാണു ആവശ്യമില്ലെങ്കിലും സ്പെയര്‍ പാര്‍ട്സുകള്‍ വാങ്ങിക്കൂട്ടിയതിനു പിന്നിലെന്നാണ് അറിയുന്നത്. ആറുമാസം മുന്‍പ് വിജിലന്‍സ് അധികൃതര്‍ കെഎസ്ആര്‍ടിസിയില്‍ നടക്കുന്ന അഴിമതി സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയെങ്കിലും അത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുകയോ തുടര്‍നടപടികളുണ്ടാകുകയോ ചെയ്തിട്ടില്ല. വിജിലന്‍സ് ഫയല്‍ പൂഴ്ത്തിയതായാണ് ആരോപണം.
വിവിധ ഡിപ്പോകളില്‍ സ്പെയര്‍ പാര്‍ട്സുകള്‍ കെട്ടിക്കിടക്കുന്നു എന്ന വാര്‍ത്ത ഇപ്പോള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. വിജിലന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തിയ സംഭവവും അന്വേഷിക്കുമെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു.
2009 മുതലുള്ള ക്രമക്കേടുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിനാണ് വിജിലന്‍സ് തുടക്കമിട്ടത്. 79 സ്റ്റോറുകളില്‍ നിന്നുള്ള വിവരങ്ങളാണു വിജിലന്‍സ് നല്‍കിയിരിക്കുന്നത്. ഈ ഡിപ്പോകളിലെല്ലാം വന്‍തോതില്‍ സ്പെയര്‍ പാര്‍ട്സുകള്‍ കെട്ടിക്കിടക്കുകയാണ്. ആവശ്യമനുസരിച്ച് സ്പെയര്‍പാര്‍ട്സുകള്‍ വാങ്ങുകയല്ല ചെയ്തിരിക്കുന്നത്. പകരം അനാവശ്യമായി കോടികളുടെ സ്പെയര്‍പാര്‍ട്സുകള്‍ വാങ്ങിക്കൂട്ടിയതു വഴി വന്‍ കോഴയാണ് ഉന്നത ഉദ്യോഗസ്ഥരടക്കം കൈപ്പറ്റിയിരിക്കുന്നത്. കെഎസ്ആര്‍ടിസിയുടെ ബസ്സുകള്‍ക്ക് ആവശ്യമില്ലാത്തവയും വാങ്ങിക്കൂട്ടിയവയില്‍ പെടും.
2009 മുതല്‍ 2013 നവംബര്‍ 13 വരെയുള്ള ക്രമക്കേടുകളും മറ്റു ഇടപാടുകളും ക്രോഡീകരിച്ചാണു വിജിലന്‍സ് കെഎസ്ആര്‍ടിസിക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. 79 സ്റ്റോറുകളില്‍ മാത്രം അഞ്ചു കോടിയുടെ ഡെത്ത് സ്റ്റോക്ക് കണ്ടെത്തിയിട്ടുണ്ട്. കെഎസ്ആര്‍ടിസിയുടെ സെന്‍ട്രല്‍ വര്‍ക്ക് ഷോപ്പായ തിരുവനന്തപുരത്തെ പാപ്പനംകോട് മൂന്നു കോടിയുടെ ഉപയോഗശൂന്യമായ സ്പെയര്‍ പാര്ട്സുകളാണു കെട്ടികിടക്കുന്നതെന്നു വിജിലന്‍സ് കണ്ടെത്തി. ഇവ തുരുമ്പെടുത് ഉപയോഗ ശൂന്യമായ നിലയിലുമാണ്.
എടപ്പാള്‍ വര്‍ക്ക് ഷോപ്പില്‍ 1.61 കോടിയും, മാവേലിക്കരയില്‍1.55 കോടിയുടെയും, കോഴിക്കോട് വര്‍ക്ഷോപ്പില്‍ 1.55 കോടിയുടെ ക്രമക്കേടു കണ്ടെത്തി. എന്നാല്‍ ഇതുസംബന്ധിച്ച് കെഎസ്ആര്‍ടിസി അധികൃതര്‍ നല്കുന്ന വിശദീകരണം പുതിയ ബസുകള്‍ വാങ്ങുമ്പോള്‍ പഴയ സ്പെയര്‍ സ്പാര്ട്സുകള് ഉപയോഗശൂന്യമാകാറുണ്ടെന്നാണ്. അതെല്ലാം അതത് വര്‍ക്ക്ഷോപ്പുകളില്‍ മാറ്റിയിടുകയാണ് പതിവെന്നും അധികൃതര്‍ പറയുന്നു. 4000 ത്തിലധികം പഴയ ബസുകള്‍ ഉള്ള കെഎസ്ആര്‍ടിസിക്ക് ഇവയില്‍ ഭൂരിപക്ഷവും ഉപയോഗിക്കാവുന്നതാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ഇവ ഉപയോഗിക്കാതെ വീണ്ടും പുതിയതിന് ഓര്‍ഡര്‍ നല്‍കുകയാണ് പതിവ്.
സാധാരണ സ്പെയര്‍പാര്‍ട്സ് അടക്കമുള്ള പഴയ സാധനങ്ങള്‍ ലേലം ചെയ്യുകയാണു പതിവ്. അതില്‍ നിന്നു ലഭിക്കുന്ന വരുമാനം കോര്‍പ്പറേഷന്റെ കണക്കിലേക്ക് എത്തും. ഈ പതിവു മാനദണ്ഡങ്ങല്‍ എല്ലാം കാറ്റില്‍പ്പറത്തികൊണ്ടുള്ള നടപടിയാണു സ്പെയര്‍ പാര്‍ട്സ് വര്‍ക്ക് ഷോപ്പുകളില്‍ ഉപയോഗശൂന്യമാക്കി ഇട്ടതിലൂടെ വന്നു ചേര്‍ന്നത്. എന്നാല്‍ കെഎസ്ആര്‍ടിസിയുടെ മറ്റു വര്‍ക്ക് ഷോപ്പുകളിലെക്കൂടി കണക്കെടുത്താല്‍ പത്തുകോടിയിലധികം രൂപയുടെ സ്പെയര്‍ പാര്‍ട്സുകള്‍ ഉപയോഗ ശൂന്യമായി കിടക്കുന്നുണ്ടെന്നാണ് കണക്ക്. നഷ്ടക്കണക്കുകള്‍ ദിനംപ്രതി പറയുന്ന കെഎസ്ആര്‍ടിസി ഇത്തരം തട്ടിപ്പുകള്‍ കണ്ടില്ലെന്നു നടിക്കുന്നു. ഉദ്യോഗസ്ഥ കമ്പിനി ലോബിയുടെ ഇടപെടലാണു പ്രശ്നങ്ങള്‍ക്ക് എല്ലാം കാരണമെന്നു പറയുന്നെങ്കിലും നടപടിയെടുക്കാന്‍ സര്‍ക്കാരിനും കെഎസ്ആര്‍ടിസി മാനേജ്മെന്റിനും കഴിയുന്നില്ല.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: