കോഴിക്കോട്: നിയമവിരുദ്ധമായും മനുഷ്യാവകാശങ്ങള്‍ ലംഘിച്ചും പ്രവര്‍ത്തിക്കുന്ന അനാഥ-അഗതിമന്ദിരങ്ങളെ വെള്ളപൂശുന്ന മന്ത്രി എം.കെ.മുനീര്‍ രാജിവെക്കണമെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.സുധീര്‍ ആവശ്യപ്പെട്ടു.
മനുഷ്യക്കടത്ത് നടത്തിയ അനാഥ മന്ദിരങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നും കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷഷണം നടത്തണമെന്നും ആവശ്യപ്പെട്ട് യുവമോര്‍ച്ച കോഴിക്കോട്ട് നടത്തിയ കലക്ടറേറ്റ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാറിന്റെ ഗ്രാന്റ് നിയമവിരുദ്ധമായി തട്ടിയെടുക്കുകയാണ് ചില അനാഥാലയങ്ങള്‍ ചെയ്തത്. സാമൂഹിക നീതിവകുപ്പിന്റെ കെടുകാര്യസ്ഥതയാണ് ഇതിന് കാരണം, സുധുര്‍ പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഏജന്റുമാര്‍ മുഖേന മനുഷ്യക്കടത്ത് നടത്തിയെന്ന് തെളിഞ്ഞിട്ടും അത്തരം പ്രവര്‍ത്തനങ്ങളെ വെള്ളപൂശാനും പിന്തുണക്കാനുമാണ് മന്ത്രി ശ്രമിക്കുന്നത്. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അനാഥാലയങ്ങളുടെ വിവരശേഖരണത്തിന് നടത്തിയ ശ്രമങ്ങള്‍ക്ക് സാമൂഹികനീതിവകുപ്പിന്റെ പിന്തുണയുണ്ടായില്ല. അനധികൃതമായും ബാലാവകാശങ്ങള്‍ ലംഘിച്ചും പ്രവര്‍ത്തിക്കുന്ന അനാഥ അഗതിമന്ദിരങ്ങളുടെ യഥാര്‍ത്ഥ അജണ്ട പുറത്തുകൊണ്ടുവരേണ്ടതുണ്ട്. മുസ്ലിംലീഗ് പ്രശ്നത്തെ മതവല്ക്കരിക്കാന് ശ്രമിക്കുകയാണ്, സുധീര്‍ കുറ്റപ്പെടുത്തി.
വിദേശ സാമ്പത്തിക നേട്ടവും സാമുദായിക വര്‍ഗീയ താല്പര്യവും സംരക്ഷിക്കാനാണ് ലീഗ് ശ്രമിക്കുന്നത്. കേരള സര്‍ക്കാര്‍ മുസ്ലിംലീഗിന്റെ തടവറയിലായിരിക്കുകയാണ്. മനുഷ്യക്കടത്തിനെകുറിച്ച് അന്വേഷിക്കുമെന്ന് പറഞ്ഞ ആഭ്യന്തരമന്ത്രി ഇപ്പോള്‍ മാളത്തിലൊളിച്ചിരിക്കുകയാണ്. കേന്ദ്ര ഏജന്‍സിയെകൊണ്ട് സമഗ്രമായ അന്വേഷണം ഇക്കാര്യത്തില്‍ ഉണ്ടാവണം. അദ്ദേഹം ആവശ്യപ്പെട്ടു.
അഡ്വ.കെ.പി.പ്രകാശ്ബാബു, കെ.ടി.വിബിന്, പി.രഘുനാഥ് തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: