തിരുവനന്തപുരം: കെഎസ്ആര്‍ടിസി യാത്രക്കാര്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്നത് പരിഗണനയിലാണെന്ന് ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. കാലത്തിനൊത്ത് കെഎസ്ആര്‍ടിസിയെ പരിഷ്കരിക്കുമെന്നും യാത്രക്കാരെ ആകര്‍ഷിക്കുന്ന തരത്തില്‍ കെഎസ്ആര്‍ടിസിയെ നവീകരിക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കെഎസ്ആര്‍ടിസിയില്‍ തര്‍ക്കങ്ങള്‍ ഉണ്ടാവാതെ എല്ലാവരേയും ഉള്‍ക്കൊണ്ട് മുന്നോട്ടുപോകുന്ന സമീപനമാണ് സര്‍ക്കാരിന്റേത്. കെഎസ്ആര്‍ടിസിയുടെ ധനച്ചോര്‍ച്ച ഒഴിവാക്കണം. സ്ഥായിയായി കമ്പനി നിലനില്‍ക്കണം. ഇതിന് തൊഴിലാളി സംഘടനകള്‍ വിട്ടുവീഴ്ച ചെയ്യേണ്ടിവരും. 1300 കോടി രൂപയാണ് കെറ്റിഡിഎഫ്സിയില്‍ നിന്നുള്ള കടം. 14.5 ശതമാനം നിരക്കിലുള്ള പലിശ താങ്ങാനാവുന്നില്ല. പെന്ഷന് പ്രതിവര്‍ഷം 444 കോടി രൂപയാണ് ബാധ്യത. ഇത് രണ്ടും ഒഴിവായാല്‍ കെഎസ്ആര്‍ടിസിയ്ക്ക് നിലനില്ക്കാനാവും. വരുമാനം വര്‍ധിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ ആലോചിക്കും. പാഴ്സല്‍, കൊറിയര്‍ സര്‍വ്വീസുകള്‍ ആരംഭിക്കുന്നതോടൊപ്പം യാത്രക്കാരെ ആകര്‍ഷിക്കുന്ന തരത്തില്‍ ബസ് സ്റ്റേഷനുകളില്‍ അടിസ്ഥാന സൗകര്യമൊരുക്കും. 15 വര്‍ഷം കഴിഞ്ഞ ബസ്സുകള്‍ മാറ്റും. ബസിനകത്തും പുറത്തും സിസിടിവികളിലൂടെയും അല്ലാതെയും പരസ്യങ്ങളിലൂടെ വരുമാന മാര്‍ഗം ആലോചിക്കും. തൊഴിലാളികള്‍ പ്രധാനഘടകമാണ്. അവരുടെ സഹകരണം കെഎസ്ആര്‍ടിസിയുടെ മുന്നോട്ടുപോക്കിന് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: