ഷെല്ലി ചാക്കോ ക്രൈസ്തവനാണ്-യക്കോബായക്കാരന്. പക്ഷെ എഴുത്തില്‍ ഇദ്ദേഹം പൂര്‍ണമായും ഹൈന്ദവനാണെന്നു പറയേണ്ടിവരും. കാരണം ഷെല്ലി ചാക്കോ ഇന്നു കേരളത്തില്‍ അങ്ങിങ്ങ് അറിയപ്പെടുന്നത് ഹിന്ദു ഭക്തിഗാന രചയിതാവ് എന്ന നിലക്കാണ്. ഭക്തിഗാന രചനാ രത്നമെന്ന വിശേഷണം വരെ ഇദ്ദേഹത്തിന്റെ പേരിനൊപ്പം വന്നുചേര്‍ന്നിരിക്കുന്നു.
ഇടുക്കി, കാല്‍വരിമൗണ്ട് പി.ഒ, പ്രിന്‍സ് ഭവനില്‍ ഷെല്ലി ചാക്കോ ഇതിനോടകം തന്നെ ഏകദേശം 2500 ഓളം ഹിന്ദുഭക്തിഗാനങ്ങള്‍ എഴുതിക്കഴിഞ്ഞു. ഭക്തിഗാനങ്ങല്‍ എഴുതുക മാത്രമല്ല ഇവയെല്ലാം കാസറ്റ്, സിഡി രൂപത്തില്‍ പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള 400ല്‍ അധികം വരുന്ന ക്ഷേത്രങ്ങള്‍ക്കു വേണ്ടിയാണ് ഇവ രചിച്ചത്. കഴിഞ്ഞ 15 വര്‍ഷക്കാലമായി ഷെല്ലി ചാക്കോ ഉപജീവനം നടത്തുന്നതും ഹിന്ദുഭക്തിഗാനങ്ങളെഴുതിയാണ്. വിവിധ ക്ഷേത്രങ്ങള്‍ക്കായി താനെഴുതുന്ന ഭക്തിഗാനങ്ങള്‍ക്കു ഈണം നല്കാന് സംഗീതസംവിധായകരെയും ഗാനങ്ങള്‍ ആലപിക്കാന്‍ പട്ടുകാരെയും കണ്ടെത്തി ഗാനങ്ങള്‍ സിഡി രൂപേണ പുറത്തിറക്കുന്നതും ഇദ്ദേഹം തന്നെയാണ്. ചുരുക്കിപ്പറഞ്ഞാല്‍ ഏതെങ്കിലും ക്ഷേത്രങ്ങള്‍ ഭക്തിഗാനങ്ങള്‍ പുറത്തിറക്കാന്‍ ചിന്തിച്ചാല്‍ ഷെല്ലി ചാക്കോയെ സമീപിച്ചാല്‍ മതിയാകും.
ഹിന്ദുപുരാണങ്ങളിലും ഐതിഹ്യങ്ങളിലും തോന്നിയ താല്പര്യമാണ് ഹിന്ദുഭക്തി ഗാനങ്ങളെഴുതുന്നതിലേക്ക് ഷെല്ലി ചാക്കോയെ കൊണ്ടെത്തിച്ചത്. ‘ശബരീഗീതങ്ങള്‍’ എന്ന പേരില്‍ പുറത്തിറക്കിയ കാസറ്റിലെ മൂന്നു പാട്ടുകള്‍ എഴുതിക്കൊണ്ടായിരുന്നു ഇദ്ദേഹത്തിന്റെ ഈ രംഗത്തെ തുടക്കം. മാര്‍ക്കോസ്, വിനീത് ശ്രീനിവാസന്, മധു ബാലകൃഷ്ണന്, സുദീപ് കുമാര്‍, രാധികാ തിലക് തുടങ്ങിയ പ്രമുഖര്‍ ഷെല്ലി രചിച്ച ഭക്തിഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. തിരുനക്കര ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിനു വേണ്ടി ചെയ്ത ‘വിശ്വരൂപ’മാണ് ഈ അടുത്ത നാളില്‍ വിപണിയിലെത്തിയ പ്രധാന സിഡികളില്‍ ഒന്ന്.
തന്റെ പേര് കേള്‍ക്കുമ്പോള്‍തന്നെ പല ക്ഷേത്രങ്ങളുടെയും ദേവസ്വം അധികൃതര്‍ക്കു കൗതുകമാണെന്നു ഷെല്ലി ചാക്കോ പറയുന്നു. ഒന്ന് രണ്ട് സിഡി കമ്പനികള്‍ ഭക്തിഗാനങ്ങളെഴുതാനായി തന്നെ സമീപിച്ചിരുന്നു. പേരില്‍നിന്നു ചാക്കോ എടുത്തുകളയണമെന്നു ഇവര്‍ ആവശ്യപ്പട്ടതു മൂലം അവരുമായി സഹകരിച്ചില്ലെന്നും ഷെല്ലി പറയുന്നു. ഇദ്ദേഹം തനിച്ചാണ് ക്ഷേത്രങ്ങള്‍ക്കുവേണ്ടി സിഡികള്‍ തയ്യാറാക്കി നല്‍കുന്നത്. പാമ്പാടി ളാക്കാട്ടൂര്‍ മരുതുകാവ് ക്ഷേത്രത്തിനു വേണ്ടി ഭക്തിഗാനങ്ങളെഴുതി മൂന്നു സിഡികള്‍ പുറത്തിറക്കിയതിന് ക്ഷേത്രം അധികൃതര്‍ ഭക്തിഗാനരചനാ രത്നമെന്ന അവാര്‍ഡ് നല്കി ആദരിച്ചിരുന്നു. പത്തോളം ഇസ്ലാമിക ഗാനങ്ങളും ഇദ്ദേഹം എഴുതിയിട്ടുണ്ട്. വിവിധ ആനുകാലികങ്ങളിലായി 100 ഓളം ചെറുകഥകളും എഴുതി. ഇതിനു പുറമെ ഷെല്ലിയുടെ ആറു നോവലുകള്‍ കോട്ടയം സഖിബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. എഴുത്തിലെ വ്യത്യസ്ത ജീവിതസഖിയെ തെരഞ്ഞെടുക്കുന്നതിലും ഷെല്ലി ചാക്കോ കാട്ടി. നായര്‍ സമുദായാംഗമായ സുജാതയാണ് ഭാര്യ. ഡിഗ്രി വിദ്യാര്‍ത്ഥിയായ പ്രിന്‍സ്, പ്ലസ്വണ് വിദ്യാര്‍ഥിനിയായ പ്രിന്‍സി എന്നിവര്‍ മക്കളാണ്.
അനീഷ് ചെറുവള്ളി
പ്രതികരിക്കാൻ ഇവിടെ എഴുതുക: