തിരുവനന്തപുരം: കേരള വനവാസി വികാസ കേന്ദ്രത്തിന്റെ കോട്ടൂരിലുള്ള അഗസ്ത്യകുടീരം ബാലികാ സദനമായ ഭാസ്കര സ്മൃതിയുടെ മന്ദിരോദ്ഘാടനവും ഗൃഹപ്രവേശവും നടന്നു. രാവിലെ 11.30നും 12.15നും മധ്യേ ഉള്ള ശുഭമുഹൂര്‍ത്തത്തില്‍ ആര്‍എസ്എസ് പ്രാന്തീയ സംഘചാലക് പി.ഇ.ബി. മേനോന് ഉദ്ഘാടനം നിര്‍വഹിച്ചു.
പ്രസ്ഥാനങ്ങള്‍ ഉണ്ടാക്കുക എന്നതുമാത്രമല്ല ആര്‍എസ്എസിന്റെ ലക്ഷ്യമെന്നും പ്രവര്‍ത്തനത്തിലൂടെ അതിന്റെ ഫലം നേടിയെടുക്കലാണെന്നും അദ്ദേഹം പറഞ്ഞു. പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തില്‍ പരിവര്‍ത്തനം ഉണ്ടാക്കണം. ഭാരതീയ വനവാസി കല്യാണശ്രമവും അതിന്റെ കേരളഘടകമായ വനവാസി വികസന കേന്ദ്രത്തിന്റെ സന്നദ്ധ പ്രവര്‍ത്തനങ്ങളും അതിനുദാഹരണമാണ്. സാമൂഹ്യ പരിവര്‍ത്തനമാണ് ഓരോ സംഘപ്രസ്ഥാനത്തിന്റെയും ലക്ഷ്യം. പാശ്ചാത്യരുടെ വരവോടെ ഭാരതത്തിന്റെ സാംസ്കാരിക മൂല്യങ്ങള്‍ തകര്ന്നുപേയി. ഇത് മനസ്സിലാക്കി സംഘപ്രവര്‍ത്തനത്തിലൂടെ സംഘടിതസമൂഹത്തെ ലക്ഷ്യബോധമുള്ളവരായി വാര്‍ത്തെടുക്കാനാണ് ആര്‍എസ്എസ് സ്ഥാപിതമായത്. കഷ്ടപ്പാടുകളും പ്രശ്നങ്ങളുമുള്ള മേഖലകളില്‍ പ്രവര്‍ത്തിച്ചാണ് സംഘ പ്രസ്ഥാനങ്ങള്‍ വിജയിക്കുന്നത്. സ്വയം സേവകരുടെ സംവേദന ശീലമാണ് ഇവിടെ വിജയിക്കാന്‍ കാരണം. നാട്ടുകാരുടെ പ്രശ്നങ്ങള്‍ സ്വയംസേവകര്‍ക്ക് എളുപ്പം മനസ്സിലാക്കാന്‍ സാധിക്കുമെന്നും പി.ഇ.ബി.മേനോന് പറഞ്ഞു.
സാംസ്കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം അശ്വതി തിരുനാള്‍ ഗൗരി പാര്‍വതീബായി നിര്‍വഹിച്ചു. പ്രകൃതിയുടെ രഹസ്യങ്ങള്‍ അറിയാവുന്ന ആദിവാസികള്‍ക്ക് പ്രകൃതിയുമായി ഇണങ്ങി ജീവിക്കാന്‍ അറിയാം. ആധുനികസമൂഹം അവരില്‍നിന്നും ആ പാഠം പഠിക്കാന്‍ ശ്രമിക്കണമെന്ന് അവര്‍ ചൂണ്ടിക്കാട്ടി. വനവാസി ബാലികമാരെ സ്വന്തം വീട്ടിലെന്നപോലെ സംരക്ഷിക്കുന്ന വനവാസി വികാസ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളെ ഗൗരി പാര്‍വതീബായി പ്രശംസിച്ചു. അഖിലഭാരതീയ വനവാസി കല്യാണാശ്രമം ഉപാദ്ധ്യക്ഷന്‍ കൃപാ പ്രസാദ്സിംഗ് വനവാസി സന്ദേശം നല്കി. കേരള വനവാസി വികസന കേന്ദ്രം അധ്യക്ഷന്‍ പള്ളിയറ രാമന് അഗസ്ത്യമലയിലെ എല്ലാ ഊരരുകളിലെയും മുട്ടുകാണിമാരെ പൊന്നാട അണിയിച്ച് ആദരിച്ചു.
ആര്‍എസ്എസ് അഖിലഭാരതീയ സീമാ ജാഗരണ്‍ മഞ്ച് സഹസംയോജക് എ. ഗോപാലകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. 80 കാലഘട്ടങ്ങളില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിച്ച അനുഭവങ്ങള്‍ ഗോപാലകൃഷ്ണന് സദസ്സുമായി പങ്കിട്ടു. കൈമനം അമൃതാനന്ദമയീ ആശ്രമമഠാധിപതി ശിവാമൃത ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തി.
വി. കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ചേര്‍ന്ന സാംസ്കാരിക സമ്മേളനത്തില്‍ ആര്‍എസ്എസ് ക്ഷേത്രീയ സമ്പര്‍ക്ക പ്രമുഖ് എ.ആര്. മോഹന്‍, വി. മധു, സേവാഭാരതി സംസ്ഥാന സംയോജക് യു.എന്‍. ഹരിദാസ്, കേരള വനവാസി വികസന കേന്ദ്രം തിരുവനന്തപുരം ജില്ലാ അധ്യക്ഷന്‍ സി.കെ. രാജശേഖരന്, കോട്ടൂര്‍ ഡെപ്യൂട്ടി റെയ്ഞ്ചര്‍ കെ. രവീന്ദ്രന്, ഡോ. പ്രസന്ന മൂര്‍ത്തി, മോഹന്‍ ത്രിവേണി, കെ.ജി. തങ്കപ്പന്, ഡോ. ജെ. ഹരീന്ദ്രനാഥ് എന്നിവര്‍ സംസാരിച്ചു.
ബാലികാ സദനത്തിലെ സഭാഗൃഹത്തിന്റെ ഉദ്ഘാടനം ആര്‍എസ്എസ് ക്ഷേത്രീയ സമ്പര്‍ക്ക പ്രമുഖ് എ.ആര്. മോഹനനും അഗസ്ത്യമുനിയുടെ പ്രതിമ അനാച്ഛാദനം ആര്‍എസ്എസ് പ്രാന്തീയ കാര്യകാര്യ അംഗം ആര്. സഞ്ജയനും നിര്‍വഹിച്ചു. പുസ്തകാലയ ഉദ്ഘാടനം മോഹന്‍ ത്രിവേണിയും നക്ഷത്ര പുഷ്പ സമര്‍പ്പണം ഗ്രാമീണ ജില്ലാ സംഘചാലക് കെ. അരവിന്ദാക്ഷനും നിര്‍വഹിച്ചു.
ആര്‍എസ്എസ് വിഭാഗ് പ്രചാരക് എ. വിനോദ്, വനവാസി കല്യാണാശ്രമം ക്ഷേത്രീയ സംഘടനാ കാര്യദര്‍ശി കെ.കെ. സത്യന്, സംസ്ഥാന കാര്യദര്‍ശി ടി.എസ്. നാരായണന്, സംസ്ഥാന സഹ വ്യവസ്ഥാപ്രമുഖ് ടി. ശങ്കര്‍, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. സുരേഷ്, സ്വദേശി ജാഗരണ്‍ മഞ്ച് സംസ്ഥാന അധ്യക്ഷന്‍ എം. ഗോപാല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഉച്ചയ്ക്കുശേഷം ബാലികാസദനത്തിലെ വിദ്യാര്‍ഥികളും രക്ഷകര്‍ത്താക്കളും ചേര്‍ന്ന് ഗോത്രകലാവതരണവും മറ്റുപരിപാടികളും സംഘടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: