സകലവിധ ജ്ഞാനങ്ങളുടെയും വിതരണ കേന്ദ്രം എന്ന് പണ്ടേ പ്രസിദ്ധമാണ് വാരാണസി/ബനാറസ്/കാശി. പഠിത്തം വാരാണസിയിലായിരുന്നു എന്നു പറഞ്ഞാല്‍ തന്നെ പിന്നീടൊരു മറുചോദ്യം ഉയരില്ല. പുണ്യതീര്‍ത്ഥങ്ങളുടേയും സജ്ജനങ്ങളുടേയും പുണ്യപ്രവൃത്തികളുടേയും പവിത്ര സ്ഥാപനങ്ങളുടേയും സമ്മിളിത നഗരം. ഇവിടെ പഞ്ചതീര്ത്ഥങ്ങളിലൊന്നായ പഞ്ചഗംഗാ തീര്‍ത്ഥത്തിനു സമീപമുള്ള ബ്രഹ്മഘട്ടില്‍ ആണ് കാശീമഠ ആസ്ഥാനം. എഡി 16-ാം നൂറ്റാണ്ടില്‍ കൊച്ചിയില്‍ വന്ന് ചാതുര്‍മാസ്യവ്രതം അനുഷ്ഠിച്ച ശ്രീ വിജയേന്ദ്ര തീര്‍ത്ഥ സ്വാമിജി, സാരസ്വതരുടെ ഭക്തിയും സാത്വികതയും ആസ്വദിക്കുകയും അവരുടെ ആഗ്രഹം നിവര്‍ത്തിക്കുവാന്‍ തയ്യാറാകുകയുംചെയ്തു. അവരില്‍ ഒരാളെ തിരഞ്ഞെടുത്ത് സന്ന്യാസത്തില്‍ പ്രവേശിപ്പിക്കുകയും കാശിയിലേയ്ക്കയയ്ക്കുകയും ചെയ്തു.
അങ്ങനെ 473 വര്‍ഷം മുമ്പ് ശ്രീ വിജയേന്ദ്ര തീര്‍ത്ഥ (കുംഭകോണ മഠം) നവകാശീമഠ പരമ്പരയ്ക്ക് തുടക്കമിട്ടു. കുംഭകോണ മഠാധീശനായ തന്റെ ഗുരു ശ്രീ സുരേന്ദ്ര തീര്‍ത്ഥര്‍ പുതിയ സ്വാമി ശ്രീ വരദേന്ദ്ര തീര്‍ത്ഥയ്ക്ക് ആയിരക്കണക്കിന് വര്‍ഷത്തെ പഴക്കമുള്ള ശ്രീ വ്യാസ ഭഗവാന്റെയും ശ്രീരാമചന്ദ്രന്റെയും വിഗ്രഹങ്ങളും നിത്യപൂജയ്ക്കായി സാളഗ്രാമവും നല്കി അനുഗ്രഹിച്ചു. ഇന്നും കാശീ മഠത്തിലെ പ്രധാന പൂജാ വിഗ്രഹങ്ങള്‍ ഇവയാണ്. ഈ പരമ്പരയിലെ ഇന്നത്തെ മഠാധിപതിയായി എറണാകുളം സ്വദേശിയായ സദാശിവ ശേണായി തിരഞ്ഞെടുക്കപ്പെടുകയും ദക്ഷിണ കര്‍ണാടകത്തിലെ മുള്‍ക്കിയില്‍ വച്ച് 24.05.1944 ല്‍ ദീക്ഷയം ‘സുധീന്ദ്ര തീര്‍ത്ഥ’ എന്ന സന്ന്യാസ നാമവും സ്വീകരിച്ചു. അതിന്റെ ധന്യതയും പൂര്‍ണതയും നുകര്‍ന്ന് നീണ്ട 70 വര്‍ഷങ്ങള്‍ കടന്നുപോയി. അന്ന് 18 വയസ്സു പ്രായമുള്ള കലാശാലാ വിദ്യാര്‍ത്ഥി ഇന്ന് 88 കാരനായ ശ്രേഷ്ഠമഠാധിപതിയായി വിരാജിച്ച് സമാജത്തെ നയിക്കുന്നു. കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ പലവട്ടം യാത്ര ചെയ്ത് തന്റെ ശിഷ്യര്‍ക്ക് ധര്‍മമാര്‍ഗ്ഗം ഉപദേശിച്ചു നല്കാന് ഈ അവധൂതന് സാധിച്ചിട്ടുണ്ട്.
കാശി മഠ പരമ്പരയിലെ സന്യാസികളെല്ലാവരും ഏതെങ്കിലുമൊരു വിഷയത്തില്‍ അതീവ പ്രഗത്ഭരായിരുന്നു. ജ്യോതിഷം, വൈദ്യം, സംസ്കൃതം ഇങ്ങനെ പല വിഷയങ്ങളിലും പ്രാഗത്ഭ്യം തെളിയിച്ചവരായിരുന്നു ഇവരില്‍ ഓരോരുത്തരും. ഇപ്പോള്‍ ദീക്ഷ സ്വീകാരത്തിന്റെ 100-ാം വര്‍ഷം ആഘോഷിക്കപ്പെടുന്ന സമാധിസ്ഥനായ ശ്രീമദ് യാദവേന്ദ്ര തീര്‍ത്ഥ നിന്നു പോയ തീവണ്ടി എന്‍ജിന്റെ സങ്കീര്‍ണമായ തകരാര്‍ പരിഹരിച്ച് വീണ്ടും അതേ വണ്ടിയില്‍ യാത്ര തുടര്‍ന്നത് രേഖപ്പെടുത്തപ്പെട്ട സംഭവമാണ്. ടെലിഗ്രാം എന്നത് അന്ന് ഭാരതത്തില്‍ പരിചയപ്പെട്ടുവരുന്നതേയുള്ളൂ; ആയതിന്റെ തകരാര്‍ തീര്‍ത്തതും രേഖകളിലുണ്ട്.
എന്നാല്‍ ശ്രീമദ് സുധീന്ദ്രതീര്‍ത്ഥ പ്രാഗത്ഭ്യം തെളിയിച്ച രംഗങ്ങള്‍, വാക്ചാതുരി, ബഹുഭാഷാ പ്രാവീണ്യം, സംഘടനാ പാടവം, നവമാര്ഗ്ഗദര്ശനം എന്നിവയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: