കൊല്ലം: കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് തോല്‍വിയെച്ചൊല്ലി എല്‍ഡിഎഫിലെ പ്രമുഖ പാര്‍ട്ടികളായ സിപിഎമ്മും സിപിഐയും കൊമ്പുകോര്‍ക്കുന്നു. ഇരുപാര്‍ട്ടികളുടെയും മുതിര്‍ന്ന നേതാക്കള്‍ വ്യത്യസ്തവും ഭിന്നവുമായ നിലപാടുകളുമായി രംഗത്തെത്തി.
പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗത്തിനും പാര്‍ട്ടി സെക്രട്ടറിക്കും പരമാവധി സംരക്ഷണം ഉറപ്പാക്കിയാണ് സിപിഎം ജില്ലാ സെക്രട്ടറിയായ കെ.രാജഗോപാലിന്റെ അഭിപ്രായപ്രകടനങ്ങള്‍. അതേസമയം പിണറായിവിജയന്റെ പരനാറി പ്രയോഗം ജില്ലയില്‍ എല്‍ഡിഎഫിന് ദോഷം ചെയ്തെന്ന വിശ്വാസമാണ് സിപിഐ ജില്ലാ സെക്രട്ടറിയും എല്‍ഡിഎഫ് ജില്ലാ കണ്‍വീനറുമായ ആര്.രാമചന്ദ്രന് പ്രകടിപ്പിക്കുന്നത്.
പരനാറി പ്രയോഗം വിപരീതഫലം ചെയ്യുമെന്ന് സിപിഐ കണക്കുക്കൂട്ടിയതാണെന്നും അവര്‍ വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പ് സമയമായതിനാല്‍ ഇതിനെ പറ്റി കൂടുതല്‍ അഭിപ്രായം പറയുകയോ ചര്‍ച്ചകള്‍ക്ക് മുതിരുകയോ ചെയ്തില്ല. പക്വതയോടെയുള്ള സമീപനത്തിന്റെ ഭാഗമായാണിങ്ങനെ ചെയ്തതെന്ന് സിപിഐ അവകാശപ്പെടുന്നു. ആര്‍എസ്പി കൊല്ലത്ത് ശക്തമായ അടിത്തറയുള്ള പാര്‍ട്ടിയാണ്. തെരഞ്ഞെടുപ്പ് ഫലത്തോടെ ഇത് കൂടുതല്‍ വ്യക്തമായിരിക്കുന്നു. മികച്ച പാര്‍ലമെന്റേറിയനായി അറിയപ്പെടുന്ന എന്‍.കെ.പ്രേമചന്ദ്രനെ ലക്ഷ്യം വച്ചുള്ള മോശം പരാമര്‍ശം സാധാരണ വോട്ടര്‍മാര്‍ക്കിടയില്‍ മുന്നണിക്ക് പ്രതികൂലമായി ചിന്തിക്കാന്‍ കാരണമായി. പ്രതിപക്ഷ ബഹുമാനം പോലുമില്ലാത്തതായിരുന്നു പിണറായി വിജയന് നടത്തിയ പദപ്രയോഗമെന്നും സിപിഐ ആരോപിച്ചു.
അതേസമയം പിണറായി വിജയന് പരനാറിയെന്ന പ്രയോഗം നടത്തിയത് ആര്‍എസ്പി കാട്ടിയ വഞ്ചനയുടെ ആഴം പ്രതിഫലിപ്പിക്കാനെന്നാണ് സിപിഎമ്മിന്റെ പക്ഷം. ഒരു മുഴുനീളന്‍ പ്രസംഗത്തില്‍ നിന്നും പ്രത്യേകമായി അടര്‍ത്തിയെടുത്ത് എതിരാളികള്‍ ഈ പ്രയോഗം അവസരത്തിനൊത്ത് മുതലെടുക്കുകയായിരുന്നു.
പാര്‍ട്ടിയുടെ അന്വേഷണത്തില്‍ പ്രയോഗം തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചിട്ടില്ല. മാത്രമല്ല വോട്ട് കൂടിയിട്ടേയുള്ളൂ. പരാജയത്തിന്റെ പേരില്‍ എം.എ ബേബി എംഎല്‍എ സ്ഥാനം രാജിവയ്ക്കേണ്ട കാര്യമില്ല. ആര്‍എസ്പി മുന്നണി വിട്ടുപോയതിലെ കൊടുംവഞ്ചന വേണ്ട വിധത്തില്‍ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിലുണ്ടായ വീഴ്ചയാണ് പരാജയത്തിന് കാരണമെന്നാണ് സിപിഎമ്മിന്റെ ഭാഷ്യം.
വരുംനാളുകളില്‍ സിപിഎം-സിപിഐ ഭിന്നത ജില്ലയിലെ എല്‍ഡിഎഫ് പ്രവര്‍ത്തനത്തില്‍ പൊട്ടിത്തെറി ഉണ്ടാക്കുമെന്നാണ് വിലയിരുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: