തിരുവനന്തപുരം: സംസ്ഥാനത്തെ പുതുക്കിയ ബസ് യാത്രാനിരക്കുകള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും.
സിറ്റി, ഓര്‍ഡിനറി, മൊഫ്യൂസില്‍ സര്‍വീസ് ബസ്സുകളുടെ മിനിമം ചാര്‍ജ് ആറില്‍ നിന്ന് ഏഴു രൂപയായും ലിമിറ്റഡ് സ്റ്റോപ്പ്, ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകളുടേത് എട്ടില്‍നിന്ന് പത്തു രൂപയുമായാണ് കൂട്ടിയത്. ബസ്സുകളുടെ കിലോമീറ്റര്‍ നിരക്കിലും ആനുപാതിക വര്‍ധന വരുത്തിയിരുന്നു. ബസ് ചാര്‍ജ് വര്‍ധനയെക്കുറിച്ച് പഠനം നടത്തിയ ജസ്റ്റിസ് രാമചന്ദ്രന് കമ്മീഷന് റിപ്പോര്‍ട്ടിലെ ശുപാര്‍ശ പരിഗണിച്ച് കഴിഞ്ഞ മന്ത്രിസഭായോഗമാണ് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.
സിറ്റി ഫാസ്റ്റ് ബസ്സുകളുടെ മിനിമം നിരക്കും ആറ് രൂപയില്‍ നിന്ന് ഏഴു രൂപയാക്കി. അതേസമയം, വിദ്യാര്‍ഥികളുടേത് പഴയ നിരക്ക് തുടരും. സൂപ്പര്‍ ഫാസ്റ്റിന്റേത് 12ല്‍ നിന്ന് 13 രൂപയായും സൂപ്പര്‍ എക്സ്പ്രസ്സിന്റേത് 17ല്‍ നിന്ന് 20 രൂപയായും സൂപ്പര്‍ ഡീലക്സ്/ സെമി സ്ലീപ്പറിന്റേത് 25ല്‍ നിന്ന് 28 രൂപയായും ലക്ഷ്വറി/ഹൈടെക് എസി, വോള്‍വോ ബസ്സുകളുടെ മിനിമം നിരക്ക് അഞ്ചുരൂപ വര്‍ധിച്ച് 35ല്‍ നിന്ന് 40 രൂപ വീതവും മള്‍ട്ടി ആക്സില്‍ സര്‍വീസുകളുടെ മിനിമം നിരക്ക് 70 രൂപയുമായാണ് പുതുക്കിയത്.
ഓര്‍ഡിനറി നിരക്ക് 58 ല്‍ നിന്ന് 64 പൈസയായും സിറ്റി ഫാസ്റ്റ്, ലിമിറ്റഡ് സ്റ്റോപ്പ്, ഫാസ്റ്റ് പാസഞ്ചര്‍ നിരക്കുകള്‍ 62ല്‍നിന്ന് 68 പൈസയായും സൂപ്പര്‍ ഫാസ്റ്റിന്റേത് 65ല്‍ നിന്ന് 72 പൈസയായും സൂപ്പര്‍ എക്സ്പ്രസ്സിന്റേത് 70ല്‍ നിന്ന് 77 പൈസയായും കിലോമീറ്റര്‍ ചാര്‍ജ് വര്‍ധിപ്പിച്ചു. സൂപ്പര്‍ ഡീലക്സ്/സെമി സ്ലീപ്പറിന്റേത് 80ല്‍ നിന്ന് 88 പൈസയായും ലക്ഷ്വറി/ഹൈടെക് എ.സിയുടേത് ഒരു രൂപയില്‍ നിന്ന് 1.10 രൂപയായും വോള്‍വോ ബസ്സുകളുടേത് ഒന്നില്‍ നിന്ന് 1.30 രൂപയായും പുതുതായി സര്‍വീസ് ആരംഭിച്ച മള്‍ട്ടി ആക്സില്‍ ബസ്സുകളുടെ കിലോമീറ്റര്‍ ചാര്‍ജ് 1.91 രൂപയായുമാണ് നിശ്ചയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: