കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ കെ.സുധാകരനേറ്റ പരാജയത്തില്‍ മനസ്സു കൊണ്ട് സന്തോഷിക്കുന്നത് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ജില്ലയിലേയും സംസ്ഥാനത്തേയും എ ഗ്രൂപ്പ് നേതാക്കളും.
എ ഗ്രൂപ്പുകാരനായ തിരുവഞ്ചൂരിന്റെ ആഭ്യന്തരമന്ത്രി സ്ഥാനം നഷ്ടപ്പെടാന്‍ പ്രധാനപ്പെട്ട കാരണക്കാരില്‍ ഒരാളാണ് സുധാകരനെന്നതിനാല് തന്നെ സുധാകരന്റെ തോല്‍വിയില്‍ സിപിഎമ്മിനേക്കാള്‍ എ ഗ്രൂപ്പ് നേതാക്കളും തിരുവഞ്ചൂരുമാണ് ഏറെ സന്തോഷിക്കുന്നത്. കെ.സുധാകരനും തിരുവഞ്ചൂരും തമ്മില്‍ ടിപി ചന്ദ്രശേഖരന് വധക്കേസിലും ജില്ലയിലെ വിവിധ കേസുകളുമായി ബന്ധപ്പെട്ടും നേര്‍ക്കുനേര്‍ വാക്ക്പോരിലേര്പ്പെട്ടിരുന്നു. തിരുവഞ്ചൂരുമായി ഉണ്ടാക്കിയ ഇത്തരം വാക്ക് പോരുകളും മുന്‍ ഡിസിസി പ്രസിഡണ്ട് പി.രാമകൃഷ്ണനുമായുള്ള അഭിപ്രായ ഭിന്നതകളുമാണ് സുധാകരന്റെ തോല്‍വിക്ക് കാരണമായതെന്ന് ഒരു വിഭാഗം നേതാക്കന്മാര് തന്നെ ചൂണ്ടിക്കാട്ടുന്നു. തിരുവഞ്ചൂരിനെ ആഭ്യന്തരമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയില്ലെങ്കില്‍ താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പോലും സുധാകരന് ഒരു ഘട്ടത്തില്‍ പറഞ്ഞിരുന്നു. സുധാകരന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് കാരണമാണ് തിരുവഞ്ചൂരിന്റെ ആഭ്യന്തരമന്ത്രി കസേര തെറിച്ചതെന്ന് ഇപ്പോഴും ഒരു വിഭാഗം എ ഗ്രൂപ്പുകാര്‍ ഉറച്ചു വിശ്വസിക്കുന്നുണ്ട്. യൂത്ത് കോണ്‍ഗ്രസ്സ് കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് റിജില്‍ മാക്കുറ്റിയെ തിരുവഞ്ചൂര്‍ തന്തക്ക് വിളിച്ചെന്ന് സുധാകരന് പത്രസമ്മേളനം നടത്തി പറഞ്ഞിരുന്നു. സുധാകരന് തന്റെ അനുയായികളായ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെക്കൊണ്ട് തിരുവഞ്ചൂരിനെ കണ്ണൂരില്‍ കാലുകുത്തിക്കാന്‍ അനുവദിക്കില്ലെന്ന് പറയിപ്പിച്ചതാണെന്ന ആരോപണവും ഉയര്‍ന്നിരുന്നു. മാത്രമല്ല ഐഗ്രൂപ്പ് കാരനായ ഡിസിസി പ്രസിഡന്റ് കെ.സുരേന്ദ്രനെ കൊണ്ട് ആഭ്യന്തര വകുപ്പിനെതിരെ പരാതി നല്കിച്ചതും സുധാകരനാണെന്ന് എഗ്രൂപ്പ് നേതാക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ആഭ്യന്തര വകുപ്പ് തുറന്ന പരാജയമാണെന്നും പത്രസമ്മേളനം വിളിച്ച് സുധാകരന് പ്രതികരിച്ചിരുന്നു. സിപിഎമ്മുമായി തിരുവഞ്ചൂര്‍ ഒത്തുകളി രാഷ്ട്രീയം കളിക്കുന്നുവെന്നും കണ്ണൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കേസുകളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തിരുവഞ്ചൂര്‍ നീതി കാട്ടുന്നില്ലെന്നും പരസ്യമായി സുധാകരന് പറഞ്ഞിരുന്നു. സുധാകരന്റെ ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ അതൃപ്തരായ ഒരു വിഭാഗം തെരഞ്ഞെടുപ്പില്‍ തിരിഞ്ഞ് കുത്തിയിട്ടുണ്ടെന്ന് ചില എ വിഭാഗം നേതാക്കന്മാര് തന്നെ രഹസ്യമായി സമ്മതിക്കുന്നുണ്ട്. മാത്രമല്ല എംപി ആയതിന് ശേഷം പാര്‍ട്ടിയെ വെല്ലുവിളിച്ച് കൊണ്ടുള്ള സുധാകരന്റെ നിലപാടില്‍ വലിയൊരു വിഭാഗം കോണ്‍ഗ്രസ്സുകാരും അസംതൃപ്തരായിരുന്നു. ഈ അസമ്പ്തൃപ്ത വിഭാഗം തെരഞ്ഞെടുപ്പില്‍ നിര്ജ്ജീവമായിരുന്നുവെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. മണല്‍മാഫിയകളെ സംരക്ഷിക്കാന്‍ സുധാകരന് നേരിട്ട് വളപട്ടണം പോലീസ് സ്റ്റേഷനിലെത്തിയത് ഏറെ വിവാദമുണ്ടാക്കിയിരുന്നു. സുധാകരന് മണല്‍ മാഫിയകളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമുണ്ടായിരുന്നു. എ വിഭാഗം നേതാവും എല്ലാ കാലത്തും സുധാകരനെ വിമര്‍ശിക്കുകയും ചെയ്യുന്ന കെപിസിസി ജനറല്‍ സെക്രട്ടറി പി.രാമകൃഷ്ണന് തിരഞ്ഞെടുപ്പു ചുമതല കാസര്‍ഗോഡ് ആയിരുന്നിട്ടും കണ്ണൂരില്‍ വന്ന് കെ.സുധാകരനെതിരെ സ്വകാര്യ ഇന്റര്‍നെറ്റ് മാധ്യമത്തിന് തിരഞ്ഞെടുപ്പിനിടയില്‍ അഭിമുഖം നല്‍കിയത് ഏറെ വിവാദമായിരുന്നു. സുധാകരന് കണ്ണൂരില്‍ തോല്‍ക്കുമെന്ന് വരെ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
സംഘടനാപരമായ ദൗര്‍ബല്യം കാരണമാണ് സുധാകരന് കണ്ണൂരില്‍ പരാജയപ്പെട്ടതെന്ന് രാമകൃഷ്ണന് കഴിഞ്ഞ ദിവസം പറഞ്ഞതും ഐ ഗ്രൂപ്പ് നേതാക്കളേയും സുധാകരനേയും മറ്റും ലക്ഷ്യവെച്ചാണെന്നതാണ് യാഥാര്‍ത്ഥ്യം. സംഘടനക്കകത്തുള്ള പ്രശ്നങ്ങള്‍ സമയത്ത് പരിഹരിക്കാന്‍ നേതൃത്വത്തിന് സാധിച്ചില്ല. ബൂത്ത് ഏജന്റുമാര്‍ മിക്കവരും ഭീരുക്കളായിരുന്നു. കഴിവുകെട്ട ബ്ലോക്ക്- പഞ്ചായത്ത് പ്രസിഡണ്ടുമാരെ മാറ്റണം. ഗ്രൂപ്പ് നോക്കിയാണ് പല സ്ഥലത്തും ഭാരവാഹികളെ നിശ്ചയിച്ചത്. കണ്ണൂരിലെ കോണ്‍ഗ്രസ്സില്‍ വന്‍ അഴിച്ച് പണി വേണമെന്നും രാമകൃഷ്ണന് പറഞ്ഞിരുന്നു . ഇതെല്ലാം പാര്‍ട്ടിക്കകത്ത് സജീവ ചര്‍ച്ചയാവുകയും ഏറെ വിവാദവുമായിരിക്കുകയുമാണ്. സുധാകരന്റെ പരാജയം വരും ദിവസങ്ങളില്‍ സംസ്ഥാന തലത്തില്‍ തന്നെ പാര്‍ട്ടിക്കകത്തെ ഗ്രൂപ്പ് പോര് രൂക്ഷമാക്കുമെന്നുറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: