മലപ്പുറം: മുസ്ലിംലീഗിന്റെ സിറ്റിംഗ് സീറ്റായ പൊന്നാനിയില്‍ ഭൂരിപക്ഷം കുത്തനെ കുറഞ്ഞു. സിറ്റിംഗ് എംപിയും ലീഗിന്റെ ദേശീയ സെക്രട്ടറിയുമായ ഇ.ടി മുഹമ്മദ് ബഷീറിന് 25,410 വോട്ടിന്റെ ഭൂരിപക്ഷമാണ് പൊന്നാനിയില്‍ ലഭിച്ചത്. കഴിഞ്ഞ തവണ ഇ.ടി മുഹമ്മദ് ബഷീര്‍ ഇതേ മണ്ഡലത്തില്‍ നിന്ന് 82,684 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചുകയറിയത്. ഇ.ടി മുഹമ്മദ് ബഷീര്‍ 3,78, 503 വോട്ടാണ് നേടിയത്. 2009ല്‍ ഇ.ടി മുഹമ്മദ് ബഷീര്‍ പൊന്നാനിയില്‍ നിന്ന് 3,85,801 വോട്ടുകള്‍ നേടിയിരുന്നു. വോട്ടുകളുടെ എണ്ണത്തിലും ഭൂരിപക്ഷത്തിലും കുറവുണ്ടായത് യുഡിഎഫ് കേന്ദ്രങ്ങളില്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.
മലപ്പുറത്തെ ലീഗ് സിറ്റിംഗ് എം.പിയും കേന്ദ്രമന്ത്രിയുമായ ഇ. അഹമ്മദിന് 1,94,739 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. കഴിഞ്ഞ തവണ ഇത് 1,15,597 ആയിരുന്നു. സംസ്ഥാനത്തെ തന്നെ വലിയ ഭൂരിപക്ഷമാണിത്. ഇ. അഹമ്മദ് ആകെ 4,37,723 വോട്ട് നേടി.
സിപിഎം സ്ഥാനാര്‍ത്ഥി പി.കെ സൈനബക്ക് മലപ്പുറം മണ്ഡലത്തില്‍ കഴിഞ്ഞ തവണത്തെക്കാള്‍ വോട്ടുകള്‍ കുറഞ്ഞു. 242984 വോട്ടുകളാണ് സൈനബക്ക് നേടാനായത്. എന്നാല്‍ 2009ലെ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്ന ടി.കെ ഹംസ 3,12,343 വോട്ടുകള്‍ നേടിയിരുന്നു. പൊന്നാനി മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്വതന്ത്രന് വി. അബ്ദുറഹിമാന് 3,53,093 വോട്ടുകള്‍ നേടി.
മലപ്പുറം ജില്ലയിലെ രണ്ട് മണ്ഡലങ്ങളിലുമായി വന്‍ മുന്നേറ്റമാണ് ബിജെപി കാഴ്ചവെച്ചത്. മലപ്പുറം നിയോജകമണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ. എന്‍. ശ്രീപ്രകാശ് 64705 വോട്ടുകള്‍ നേടിയപ്പോള്‍ പൊന്നാനി മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി കെ. നാരായണന് മാസ്റ്റര്‍ 75212 വോട്ടുകളാണ് നേടിയത്. ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ.എന്‍ അരവിന്ദന് കഴിഞ്ഞതവണ മലപ്പുറത്ത് 35983 വോട്ടും പൊന്നാനിയില്‍ കെ. ജനചന്ദ്രന് മാസ്റ്റര്‍ 56712 വോട്ടുമാണ് നേടിയിരുന്നത്.
പൊന്നാനിയില്‍ ഭൂരിപക്ഷം കുറയാന്‍ കാരണമായത് വരും ദിവസങ്ങളില്‍ യുഡിഎഫിന് അകത്ത് വന്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കും. ഇ.ടിക്കെതിരെ കോണ്‍ഗ്രസിനകത്തുനിന്നുതന്നെ പടയൊരുക്കമുണ്ടായെന്നാണ് ഭൂരിപക്ഷത്തിലെ കുറവ് കാണിക്കുന്നത്. രാഹുല്‍ഗാന്ധിക്കെതിരെ ഇ.ടി നടത്തിയെന്ന് പറയപ്പെടുന്ന പരാമര്‍ശവും ഇ.ടിയോട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ അതൃപ്തി ഉണ്ടാകാന്‍ കാരണമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: