കേരളത്തിലെ ഹൈക്കോടതി മുതല്‍ താഴെയറ്റത്തുള്ള മുന്‍സിഫ് മജിസ്ട്രേറ്റ് കോടതികളില്‍ നിയമം നടപ്പിലാക്കാന്‍ സഹായിക്കുന്ന അഭിഭാഷകര്‍വരെ ബഹുസഹസ്രം പേരുണ്ട്. അവര്‍ക്കെല്ലാം സ്വന്തമായ റഫറന്‍സ് ലൈബ്രറിയുണ്ട്. ഏറ്റവും വരുമാനം കുറഞ്ഞ അഭിഭാഷകനുപോലും ഒന്നുരണ്ടു ലക്ഷത്തിന്റെ പുസ്തകങ്ങളും ജേര്‍ണലുകളും സ്വന്തമായി ഉണ്ടായിരിക്കും. അവ നൂറുശതമാനവും ഇംഗ്ലീഷുപുസ്തകങ്ങളാക്കിയിരിക്കും. ഇവയ്ക്കുവേണ്ടി മുടങ്ങിയിട്ടുള്ള ബഹു സഹസ്രകോടികള്‍ കേരള ആംഗ്ലോ അമേരിക്കന്‍ ലോബി തന്നെയാണ് കൊണ്ടുപോകുന്നത്.
ഞാന്‍ സ്കൂളില്‍ പഠിച്ചിരുന്ന കാലത്ത് തിരുവിതാംകൂര്‍ ബ്രിട്ടീഷ് ചക്രവര്‍ത്തിയുടെ സാമന്തരാജ്യമായിരുന്നു. വിദ്യാര്‍ഥികളായ ഞങ്ങള്‍ക്ക് മഹാരാജാവിനേയും ബ്രിട്ടന് എന്ന മഹാരാജ്യത്തിന്റെ ചക്രവര്‍ത്തിയെയും ആരാധിക്കേണ്ടിയിരുന്നു. ചക്രവര്‍ത്തിയുടെ പ്രതിനിധിയായ വൈസ്രോയി എവിടെയോ വന്നദിവസം കത്തിക്കാളുന്ന വെയിലത്ത് “ഹിപ് ഹിപ് ഹുറേ” എന്നോ മറ്റോ കൂകി വിളിച്ചുകൊണ്ടു വരിവരിയായി നഗരപ്രദക്ഷിണം ചെയ്തത് ഓര്‍ത്തുപോകുന്നു. ഇംഗ്ലീഷ് ഹൈസ്ക്കൂളില്‍ എല്ലാവിഷയങ്ങളും ഇംഗ്ലീഷിലാണു പഠിപ്പിച്ചിരുന്നത്. എങ്കിലും മലയാളത്തിന് പാഠ്യപദ്ധതിയില്‍ സ്ഥാനമുണ്ടായിരുന്നു. ടൈംടേബിളില്‍ വെര്ണാക്കുലറിന് നിര്‍ബന്ധമായി സ്ഥാനമുണ്ടായിരുന്നു. പഠിപ്പിച്ചിരുന്ന അദ്ധ്യാപകരെല്ലാം ഞങ്ങള്‍ക്ക് സാറോ ടീച്ചറോ ആയിരുന്നുവെങ്കിലും മലയാളം അദ്ധ്യാപകന്റെ പദവി “മുന്‍ഷി” എന്നായിരുന്നു. ശമ്പളവും കുറവായിരുന്നു എന്നു തോന്നുന്നു. ഹൈസ്ക്കൂള് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയപ്പോള്‍ എഴുത്തച്ഛന് തൊട്ട് കുമാരനാശാന് വരെയുള്ള കവികളുടെ രചനകളും കേരളപാണിനിയുടെ വ്യാകരണവും വൃത്തമഞ്ജരിയും ഭാഷാഭൂഷണവുമൊക്കെ പരിചിതമായിരുന്നു. വിദേശഭരണാധികാരികള്‍ മലയാളത്തോടു കാണിച്ചിരുന്ന ബഹുമാനം മലയാളഭാഷയ്ക്ക് സ്വതന്ത്രഭാരതത്തിന്റെ ഭാഗമായ കേരള സംസ്ഥാനത്തിന് ലഭിക്കുന്നില്ല.
ഇന്ന് കേരളത്തില്‍ മലയാളം പഠിക്കാതെതന്നെ ബിരുദവും ബിരുദാനന്തരബിരുദങ്ങളും നേടാന്‍ കഴിയും. മലയാളം സ്കൂളുകളില്‍ നിര്‍ബന്ധിതമാക്കുന്ന ഉത്തരവുകളും പ്രഖ്യാപനങ്ങളും വര്‍ഷം തോറും ഉണ്ടാകാറുണ്ടെങ്കിലും അതു നടപ്പിലാക്കാതിരിക്കാനുള്ള സമാര്‍ത്ഥ്യം കേരളത്തില്‍ മാറിമാറി ഭരിക്കുന്ന മുന്നണികള്‍ക്കുണ്ട്. കേരള സര്‍ക്കാരിനതീതമായ പഠനപദ്ധതികള്‍ അനുസരിച്ചു പഠിപ്പിക്കുന്ന സ്കൂളുകള്‍ പലതുണ്ട്. കേരളത്തില്‍ മാതൃഭാഷയെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രീയ നേതൃത്വം ഉണ്ടായാല്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും അവ കേന്ദ്രഗവണ്മെന്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ളവയാണെങ്കില്പോലും മലയാളം പഠിപ്പിക്കുന്നത് നിര്‍ബന്ധമാണെന്നു നിയമമുണ്ടാക്കാന്‍ കഴിയും.
കേരളത്തിന്റെ ഭരണം ഏതു രാഷ്ട്രീയമുന്നണി നിയന്ത്രിച്ചാലും അവരുടെ നയങ്ങള്‍ നടപ്പിലാക്കേണ്ടത് ഉദ്യോഗസ്ഥരാണ്. അവര്‍ ഉത്തരവുകളും പ്രഖ്യാപനങ്ങളും ഇംഗ്ലീഷിലേ നടത്തൂ എന്നതാണ് ഇന്നത്തെ അവസ്ഥ. ഭാഷകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ ഉണ്ടായപ്പോള്‍തന്നെ കേരളമൊഴികെയുള്ള സംസ്ഥാനങ്ങള്‍ സംസ്ഥാനത്തെ മുഖ്യഭാഷയെ ഭരണഭാഷയാക്കി. മുപ്പതുകൊല്ലംമുമ്പുതന്നെ മിക്ക സംസ്ഥാനങ്ങളിലും ഭരണഭാഷാ നിഘണ്ടുക്കളുണ്ടായി. വിഷയം നിഘണ്ടുനിര്മാണമായതുകൊണ്ട് “ലെക്സിക്കോഗ്രാഫിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ” ഇക്കാര്യത്തില്‍ സര്‍ക്കാരുകളുടെ സഹായിച്ചിരുന്നു. സൊസൈറ്റിയുടെ സെക്രട്ടറി എന്ന നിലയ്ക്ക് ഈ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടാന്‍ എനിക്കും അവസരമുണ്ടായി. അന്നുണ്ടായ ഭരണഭാഷാനിഘണ്ടുക്കളിലൊന്ന് ഇപ്പോഴും എന്റെ ഷെല്‍ഫിലുണ്ട്. “ത്രിഭാഷീ പ്രശാസിക് കോശ്” എന്ന ട്രൈലിംഗ്വല് ഡിക്ഷണറി.
ഇംഗ്ലീഷ്,ഗുജറാത്തി, ഹിന്ദി ത്രിഭാഷാ നിഘണ്ടുവാണിത്. ആയിരത്തോളം പുറമുള്ള ഈ നിഘണ്ടുവില്ലാത്ത ഒരേഒരു സംസ്ഥാനം കേരളമായിരുന്നു. കഴിഞ്ഞകൊല്ലം ഒരു ഭരണഭാഷാനിഘണ്ടു പ്രസിദ്ധപ്പെടുത്തിയതായി ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടര്‍ ഡോ. തമ്പാന് എന്നോടുപറഞ്ഞു. നിഘണ്ടു ഞാന്‍ കണ്ടിട്ടില്ല. കതിരിന്മേലുണെങ്കിലും അല്പം വളം വച്ചത് നന്നായി. ഇനിയുണ്ടാകുന്ന നാമ്പുകള്ക്കെങ്കിലും പ്രയോജനപ്പെടുമല്ലോ.
ഒരുഭാഷയ്ക്ക് അവശ്യം വേണ്ട ചില ആധികാരിക ഗ്രന്ഥങ്ങളുണ്ട്. വ്യാകരണം, നിഘണ്ടു, വിജ്ഞാനകോശം, ഭാഷയുടെയും സാഹിത്യത്തിന്റെയും ചരിത്രം തുടങ്ങിയവ. മലയാളത്തിന് ഇവയൊക്കെയുണ്ടെന്ന് നമുക്ക് അഭിമാനിക്കാം. എങ്കിലും ഒരു പരിശോധന ആവശ്യമാണ്.
മലയാളത്തിലെ ഏറ്റവും ആധികാരികമായ വ്യാകരണം കേരളപാണിനി എന്ന പ്രസിദ്ധനായ എ.ആര്. രാജരാമവര്‍മ്മ രചിച്ച കേരള പാണിനീയമാണ്. 1896-ല്‍ ഒന്നാം പതിപ്പ് പരിഷ്കരിച്ച (രണ്ടാം പതിപ്പ് 1917-ല്‍) ഭാഷയെ ആഗമികമായും വിവരണാത്മകമായും അപഗ്രഥിക്കുന്ന ഈ വ്യാകരണത്തിന്റെ രണ്ടാം പതിപ്പിന്റെ പുനഃപ്രസിദ്ധീകരണങ്ങള്‍ എത്രയുണ്ടായി എന്നും ആരൊക്കെ ഇത് പ്രസിദ്ധീകരിച്ചു എന്നും പറയാനാവില്ല. രണ്ടാം പതിപ്പിന്റെ നൂറാം പിറന്നാള്‍ അടുത്തുവരുന്നു. ഇന്നത്തെ മലയാളത്തിന് പുതിയ ഒരു വ്യാകരണം ആവശ്യമാണ്. കേരള സാഹിത്യ പരിഷത്തും പ്രശസ്തരായ പണ്ഡിതരും ആവര്ത്തിച്ചഭ്യര്ത്ഥിച്ചതുകൊണ്ട് മലയാളഭാഷയ്ക്ക് ആഗമികവും വിവരണാത്മകവുമായ രണ്ടു വ്യാപകരണങ്ങളുണ്ടാക്കാന് ഒരു ഭാഷാ ശാസ്ത്രവിഭാഗം ആരംഭിക്കാന്‍ തിരുവിതാംകൂര്‍ സര്‍വകലാശാല തീരുമാനിച്ചു. തീരുമാനം നടപ്പിലായപ്പോള്‍ തിരുവിതാംകൂര്‍ സര്‍വകലാശാല കേരള സര്‍വകലാശാലയായി പുനര്‍ജ്ജനിച്ചു കഴിഞ്ഞിരുന്നു. ആ വിഭാഗമാണ് ഇന്നത്തെ ലിംഗ്വിസ്റ്റിക്സ് ഡിപ്പാര്‍ട്ടുമെന്റ്. അനേകം ഗ്രന്ഥങ്ങളുടെയും ഭാഷാഭേദങ്ങളുടെയും വിവരണാത്മകപഠനം ആ ഡിപ്പാര്‍ട്ടുമെന്റ് തയ്യാറാക്കിയിട്ടുണ്ട്. അവ ഉപയോഗിച്ചുള്ള വ്യാകരണ രചന പ്രതീക്ഷിക്കാം.
വ്യാകരണത്തിന്റെ കാര്യത്തിലെന്നപോലെ നിഘണ്ടുവിന്റെ കാര്യത്തിലും കേരളം വളരെക്കാലമായി കാത്തിരിക്കുകയാണ്. 1953-ല്‍ അന്നത്തെ തിരുവിതാംകൂര്‍, കൊച്ചി, മദ്രാസ് എന്നീ സംസ്ഥാനങ്ങള്‍ ചേര്‍ന്ന് മലയാളഭാഷയ്ക്ക് ഒരു സമഗ്രനിഘണ്ടു ഉണ്ടാക്കാന്‍ തീരുമാനിച്ചു. മലയാളം ലെക്സിക്കണ്‍ ഡിപ്പാര്‍ട്ടുമെന്റ് അങ്ങനെ ഉണ്ടായതാണ്. ഭാരതീയ നിഘണ്ടുകാരന്മാരില്‍ പ്രമുഖനായ ഡോ. ശൂരനാട് പി. എന്‍. കുഞ്ഞന്‍ പിള്ളയായിരുന്നു എഡിറ്റര്‍. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ മലയാളം ലെക്സിക്കന്‍ തയ്യാറാക്കിയ ഉപാദാനശേഖരം ഏഷ്യാവന്‍കരയില്‍ മറ്റൊരു ഭാഷയ്ക്കും ഉണ്ടായിട്ടില്ലാത്തവിധം ശാസ്ത്രീയവും ബൃഹത്തുമാണ്. 65,000 പുറമുള്ള നിഘണ്ടുവിന്റെ നക്കലും അദ്ദേഹം തന്നെ ഉണ്ടാക്കി. എട്ടു വാല്യങ്ങള്‍ പ്രസിദ്ധീകരിച്ചു. 1998 ഓടുകൂടി പതിനൊന്നു വാല്യങ്ങളും പ്രസിദ്ധപ്പെടുത്താനും 2010ല്‍ എല്ലാ വാല്യങ്ങളും ഒരുമിച്ച് രണ്ടാം പതിപ്പു പ്രസിദ്ധപ്പെടുത്താനുമാണുദ്ദേശിച്ചിരുന്നത്. മുന്‍പു പറഞ്ഞ ലോബിയുടെ സാമര്ത്ഥ്യംകൊണ്ടാകാം പത്തിരുപത്തഞ്ചു കൊല്ലക്കാലം പ്രവര്‍ത്തനം മിക്കവാറും ഇല്ലാതായത്. ഇപ്പോള്‍ ലെക്സിക്കന്‍ പ്രവര്‍ത്തനം ഊര്‍ജ്ജിതമായി നടക്കുന്നുവെന്നാണറിവ്.
മലയാളത്തില്‍ ഒരു എന്‍സൈക്ലോപീഡിയ നിര്‍മിക്കുന്നതിന് കേരള ഗവണ്മെന്റ് 1961-ല്‍ തീരുമാനിച്ചു. പ്രൊഫസര്‍. എസ്. ഗോപാലപിള്ളയായിരുന്നു ചീഫ് എഡിറ്റര്‍. കഴിഞ്ഞ അരനൂറ്റാണ്ടിലേറെയായി മിക്ക വാല്യങ്ങളും പലതവണ അച്ചടിച്ചു വിറ്റുവെങ്കിലും ഒരു വിജ്ഞാനകോശമെന്ന നിലയില്‍ അനുവാചകനെ സഹായിക്കാന്‍ ഈ പ്രസിദ്ധീകരണങ്ങള്‍ക്കു കഴിഞ്ഞില്ല. നിഘണ്ടുകളും വിജ്ഞാനകോശങ്ങളും ഖണ്ഡം ഖണ്ഡമായി പ്രസിദ്ധീകരിക്കുന്നത് ആര്‍ക്കും പ്രയോജനമില്ലാത്ത രീതിയാണ്. ഭാരതത്തിലുടനീളം ഈ പതിവുണ്ടാകാന് കാരണമെന്തെന്ന് ആലോചിക്കണം.
(അവസാനിക്കുന്നില്ല)
ഡോ. ബി.സി. ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: