തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം ഈമാസം 13ന് പ്രഖ്യാപിക്കും. പി.ആര് ചേംബറില്‍ വൈകീട്ട് മൂന്നിന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ് ഫലപ്രഖ്യാപനം നടത്തും. മൂല്യനിര്ണയജോലികള് ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്. ടാബുലേഷന്‍, ഡാറ്റാ എന്‍ട്രി ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ഉദ്യോഗസ്ഥര്‍. ഇതിനുശേഷം മാര്‍ക്കുകള്‍ വിട്ടുപോയിട്ടുണ്ടോയെന്ന് പരിശോധിക്കും. തുടര്‍ന്ന് ഫലം ക്രോഡീകരിക്കും. ഫലം വിലയിരുത്തുന്നതിനായി തലേദിവസം ചേരുന്ന പരീക്ഷാ ബോര്‍ഡ് യോഗത്തിലായിരിക്കും ഗ്രേസ് മാര്‍ക്ക്, മോഡറേഷന് എന്നീ കാര്യങ്ങളില്‍ തീരുമാനമെടുക്കുക.
തെരഞ്ഞെടുപ്പുമൂലം 12 ദിവസം മൂല്യനിര്‍ണയം തടസ്സപ്പെട്ടതാണ് ഫലം വൈകാന്‍ കാരണമായത്. ഏപ്രില്‍ എട്ടിന് വൈകീട്ട് നിര്‍ത്തിവച്ച ക്യാമ്പ് 21നാണ് പുനരാരംഭിച്ചത്. നീണ്ട അവധി ദിനങ്ങള്‍ക്കിടയില്‍ ഏപ്രില്‍ 16, 19 തിയ്യതികള്‍ പ്രവൃത്തിദിനങ്ങളാണെങ്കിലും ക്യാമ്പ് പ്രവര്‍ത്തിച്ചിരുന്നില്ല. വന്‍തുക ഡിഎ ഇനത്തില്‍ ബാധ്യത വരുമെന്ന് കണ്ടാണ് അവധി ദിനങ്ങള്‍ക്കിടയിലെ രണ്ടു പ്രവൃത്തി ദിവസങ്ങളില്‍ ക്യാമ്പ് പ്രവര്‍ത്തിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്.
സംസ്ഥാനത്ത് പ്ലസ്വണ്, പ്ലസ്ടു ക്ലാസുകളിലായി 8,92,290 വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. ഇതില്‍ 4,42,855 വിദ്യാര്‍ഥികള്‍ പ്ലസ്ടു പരീക്ഷയും 4,49,435 വിദ്യാര്‍ത്ഥികള്‍ പ്ലസ്വണ് പരീക്ഷയുമെഴുതി. ഹയര്‍ സെക്കന്‍ഡറി ഫലത്തോടൊപ്പം പ്ലസ്വണ് ഫലപ്രഖ്യാപനമുണ്ടാവില്ലെന്ന് ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസവകുപ്പ് അറിയിച്ചു. മൂല്യനിര്ണയജോലികള് പൂര്‍ത്തിയാവാത്ത സാഹചര്യത്തിലാണ് തീരുമാനം. മെയ് 15ഓടെ പ്ലസ്വണ്ണിന്റെ മൂല്യനിര്‍ണയം പൂര്‍ത്തിയാവുമെന്നാണ് ഡയറക്ടറേറ്റ് നല്കുന്ന വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: