ആലപ്പുഴ: മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഗുരുതരമായ വീഴ്ച വരുത്തി. പദ്ധതി കൃത്യമായി നടപ്പാക്കുന്ന കാര്യത്തില്‍ സര്‍ക്കാരും അലംഭാവം കാട്ടി.
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുമായി കഴിഞ്ഞ വര്‍ഷം അനുവദിച്ച ഫണ്ടിന്റെ പകുതി പോലും കാര്യക്ഷമമായി ചെലവഴിക്കാന്‍ ബഹുഭൂരിപക്ഷം സ്ഥാപനങ്ങള്‍ക്കും കഴിഞ്ഞിട്ടില്ല. ഈ വര്‍ഷവും എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും വാര്‍ഡുകള്‍ക്കും ഫണ്ട് അനുവദിച്ചതായി പ്രഖ്യാപനമുണ്ടായെങ്കിലും മഴ തുടങ്ങിയിട്ടും പണം ലഭിച്ചില്ല. മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഓരോ വാര്‍ഡുകള്‍ക്കും 25,000 രൂപ വീതമാണ് നല്‍കുന്നത്. ശുചിത്വ മിഷനില്‍ നിന്നുള്ള പതിനായിരം രൂപ, എന്‍ആര്‍എച്ച്എം മുഖേന പതിനായിരം, തനത് ഫണ്ടില്‍ നിന്നുള്ള അയ്യായിരം രൂപ ഉള്‍പ്പെടെയാണ് ഈ തുക നല്‍കുന്നത്.
ആലപ്പുഴ ജില്ലയില്‍ ആകെ 73 ഗ്രാമപഞ്ചായത്തുകളില്‍ 33 പഞ്ചായത്തുകള്‍ മാത്രമാണ് കഴിഞ്ഞ വര്‍ഷം ലഭിച്ച തുക പകുതിയെങ്കിലും ചെലവഴിച്ചത്. ഇതേ അവസ്ഥ തന്നെയാണ് മറ്റു ജില്ലകളിലുമെന്ന് ശുചിത്വമിഷന് അധികൃതര്‍ പറയുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ശുചീകരണ പ്രവര്‍ത്തനങ്ങളോട് തദ്ദേശ സ്ഥാപനങ്ങളുടെ സമീപനം ഇതാണ്. എല്ലാ വര്‍ഷവും ഏപ്രിലോടെ തന്നെ മഴക്കാലപൂര്‍വ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കാറുണ്ടെങ്കിലും ഇത്തവണ തെരഞ്ഞെടുപ്പിന്റെ കാരണം പറഞ്ഞ് ജില്ലാതല അവലോകന യോഗങ്ങള്‍ പോലും ചേരുന്നത് ഏറെ വൈകി.
ശുചിത്വ സേനകള്‍ രൂപീകരിച്ച് ശുചിത്വ മാപ്പിങ് നടപടികളും മറ്റും സ്വീകരിക്കാന്‍ അധികൃതര്‍ ആലോചിച്ച് തുടങ്ങിയപ്പോള്‍ തന്നെ വേനല്‍മഴ ശക്തമായി പെയ്തു തുടങ്ങി. ഈ സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ ആശങ്കയിലായിരിക്കുകയാണ്. മുന്‍ വര്‍ഷങ്ങളില്‍ വാര്‍ഡുകള്‍ തോറും അനുവദിച്ച ഫണ്ട് ചെലവഴിക്കുന്നതില്‍ വീഴ്ച വരുത്തിയെങ്കിലും ഫണ്ട് വിനിയോഗം മാനദണ്ഡമാക്കാതെ ഇത്തവണയും എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും വാര്‍ഡുകള്‍ക്കും 25,000 രൂപ വീതം അനുവദിക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം.
അതത് വാര്‍ഡ് പ്രതിനിധി ചെയര്‍മാനും ആരോഗ്യ വകുപ്പ് ജീവനക്കാരന് കണ്‍വീനറുമായ സമിതിക്കാണ് ഫണ്ട് വിനിയോഗത്തിന്റെ ചുമതല. ഓരോ വര്‍ഷവും ഫണ്ട് അനുവദിക്കാറുണ്ടെങ്കിലും കൃത്യമായ ഇടവേളകളിലെ അവലോകനമില്ലായ്മയാണ് പ്രധാന പ്രശ്നമെന്ന് അധികൃതര്‍ തന്നെ ചൂണ്ടിക്കാണിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: