നിലമ്പൂര്‍: നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസില്‍ ജീവനക്കാരി രാധ കൊലചെയ്യപ്പെട്ട കേസില്‍ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. എഡിജിപി ബി. സന്ധ്യയുടെ നേതൃത്വത്തിലുള്ള സംഘം തയ്യാറാക്കിയ കുറ്റപത്രം പ്രത്യക അന്വേഷണ സംഘത്തിലെ ഡിവൈഎസ്പി ശശിധരനാണ് ഇന്നലെ നിലമ്പൂര്‍ കോടതിയില്‍ സമര്‍പ്പിച്ചത്.
2043 പേജുള്ള കുറ്റപത്രത്തില്‍ രണ്ട് പ്രതികളാണുള്ളത്. 172 സാക്ഷികളുമുണ്ട്. കോണ്‍ഗ്രസ് ഓഫീസ് സെക്രട്ടറിയും മന്ത്രി ആര്യാടന് മുഹമ്മദിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗവുമായിരുന്ന നിലമ്പൂര്‍ എല്‍ഐസി റോഡില്‍ ബി.കെ ബിജുനായരാണ് ഒന്നാംപ്രതി. ബിജുവിന്റെ സുഹൃത്ത് ചുള്ളിയോട് സ്വദേശി കുന്നശ്ശേരി ഷംസുദ്ദീന് രണ്ടാംപ്രതിയാണ്. കൊലപാതകം, വധശ്രമം, ഗൂഢാലോചന, ബലാത്സംഗം അടക്കമുള്ള പത്തോളം വകുപ്പുകള്‍ ചേര്‍ത്താണ് പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
മന്ത്രി ആര്യാടന്മുഹമ്മദിന്റെ മകനും നിലമ്പൂര്‍ നഗരസഭാ ചെയര്‍മാനുമായ ആര്യാടന് ഷൗക്കത്ത് കേസിലെ 125-ാം സാക്ഷിയാണ്. പ്രതികളുടെ ഫോണ്‍കോള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിച്ച ശേഷമാണ് സാക്ഷികളുടെ ലിസ്റ്റ് അന്വേഷണ സംഘം തയ്യാറാക്കിയത്. ബിജുവും രാധയും തമ്മിലുള്ള അടുപ്പത്തെക്കുറിച്ചും തുടര്‍ന്ന് ബിജുവിനുണ്ടായ പരസ്ത്രീ ബന്ധത്തെക്കുറിച്ച് രാധയുടെ അറിവുമാണ് കൊലപാതകത്തില്‍ എത്തിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു.
കേസിനായി സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും കസ്റ്റഡിയില്‍ വച്ചുതന്നെ വിചാരണ പൂര്‍ത്തിയാക്കണമെന്നും ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ അപേക്ഷയും സമര്‍പ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് രാവിലെയാണ് നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസില്‍ വച്ച് ജീവനക്കാരി രാധ മൃഗീയമായി കൊലചെയ്യപ്പെടുന്നത്. ഓഫീസ് സെക്രട്ടറിയും മന്ത്രി ആര്യാടന് മുഹമ്മദിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗവുമായിരുന്ന നിലമ്പൂര്‍ എല്‍ഐസി റോഡില്‍ ബി.കെ ബിജുവും, ബിജുവിന്റെ സുഹൃത്ത് ചുള്ളിയോട് സ്വദേശി കുന്നശ്ശേരി ഷംസുദ്ദീനും ചേര്‍ന്ന് രാധയെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഫെബ്രുവരി ഒന്‍പതിന് ഉച്ചക്കുശേഷം ചുള്ളിയോട് ഉണ്ണികുളത്തില് മൃതദേഹം കണ്ടെത്തിയെങ്കിലും പിറ്റേദിവസം മൃതദേഹം പുറത്തെടുക്കുകയും പരിശോധനയില്‍ രാധയുടേതാണെന്ന് ഉറപ്പുവരുത്തുകയുമായിരുന്നു. പത്താംതിയ്യതിയാണ് സംഭവവുമായി ബന്ധപ്പെട്ട് ബിജുവും സുഹൃത്ത് ഷംസുദ്ദീനും പോലീസ് പിടിയിലാകുന്നത്.
നിരവധി വിവാദങ്ങള്‍ക്ക് തുടക്കമിട്ട കേസ് ആദ്യം ലോക്കല്‍ പോലീസ് ആണ് അന്വേഷിച്ചത്. എന്നാല്‍ അന്വേഷണം തൃപ്തികരമല്ലെന്ന ആരോപണത്തെ തുടര്‍ന്ന് കേസ് തൃശ്ശൂര്‍ റെയ്ഞ്ച് ഐജി ഗോപിനാഥിനുകൈമാറി. തുടര്‍ന്ന് കേസ് അന്വേഷണം എഡിജിപി ബി.സന്ധ്യ ഏറ്റെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: