നെയ്യാറ്റിന്‍കര: ദുരന്തമുണ്ടാകാതിരിക്കാനുള്ള നടപടികള്‍ കൈക്കൊള്ളാന്‍ നമുക്ക് സംവിധാനമില്ലെന്നും ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിനെ ചെറുക്കാനുള്ള നടപടികളാണ് കണ്ടു വരുന്നതെന്നും നടന് സുരേഷേഗോപി. കനത്തമഴയെ തുടര്‍ന്ന് ചുവരുകള്‍ ഇടിഞ്ഞു വീണ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജന്മഗൃഹം കൂടില്ലാവീട് സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു സുരേഷ്ഗോപി.
സ്വദേശാഭിമാനിയുടെ ജന്മഗൃഹം സംരക്ഷിക്കപ്പെടണം എന്ന് ബന്ധപ്പെട്ടവര്‍ക്ക് ആഗ്രഹമുണ്ടായിരുന്നെങ്കില്‍ അത് നേരത്തെയാകാമായിരുന്നു. ഇനി അതിനുവേണ്ടി കാത്തുനിന്നിട്ടു കാര്യമില്ല. മഴ നനയാതെ വീട് സംരക്ഷിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കാനുള്ള തുക ചെലവഴിക്കുമെന്നും സുരേഷ്ഗോപി പറഞ്ഞു. മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ശേഖരന് നായര്‍, സ്വദേശാഭിമാനി ജേര്‍ണലിസ്റ്റ് ഫോറം സെക്രട്ടറി അജിബുധന്നൂര്‍, മാധ്യമപ്രവര്‍ത്തകരായ രാമനന്ദകുമാര്, സജിന്‍ലാല്‍, അനില്‍കുമാര്‍ എന്നിവരും സന്ദര്‍ശന സംഘത്തിലുണ്ടായിരുന്നു.
കൂടില്ലാവീട് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചതല്ലാതെ യാതൊരു നടപടിയും കൈക്കൊണ്ടില്ല. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെ തുടര്‍ന്ന് കൂടില്ലാവീടിന്റെ ഒരു ഭാഗത്തെ ചുവര് പൂര്‍ണമായും തകര്‍ന്നു. ഇതേ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരും സ്വദേശാഭിമാനിയുടെ ബന്ധുക്കളും ചേര്‍ന്ന് വീടിന്റെ മേല്‍ക്കൂര ടാര്‍പോളിന്‍കൊണ്ട് മൂടി. ഈ വാര്‍ത്ത പത്രമാധ്യമങ്ങളിലൂടെ വായിച്ചറിഞ്ഞാണ് സുരേഷ്ഗോപി കൂടില്ലാവീട് സന്ദര്‍ശിക്കാനെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: