ആറന്മുള : ബഹുരാഷ്ട്ര കുത്തകകള്‍ക്ക് വേണ്ടി ഭരണാധികാരികള്‍ പ്രവര്ത്തിക്കുന്നന്നതിന്റെ നേര്‍ക്കാഴ്ചയാണ് ആറന്മുള വിമാനത്താവള പദ്ധതിയെന്ന് പ്ലാച്ചിമട സമരനേതാവ് വിളയോടി വേണുഗോപാല്‍ അഭിപ്രായപ്പെട്ടു. വിമാനത്താവള വിരുദ്ധ സമരത്തിന്റെ 78-ാം ദിവസം സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു വിളയോടി.
ആറന്മുളയില് മാത്രമല്ല ഭാരതം മുഴുവന്‍ പ്രകൃതിയെ വില്‍ക്കുകയാണെന്നും പുരോഗതി എന്ന വാക്ക് മാറി വികസനം എന്ന വാക്കു വന്നപ്പോള്‍ ജനങ്ങളുടെ ദുര്‍ഗതി ആരംഭിച്ചു എന്നും സത്യഗ്രഹത്തില്‍ അദ്ധ്യക്ഷത വഹിച്ച പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ഗോകുലേന്ദ്രന്‍ അഭിപ്രായപ്പെട്ടു.
ജനകീയ ബദല്‍ രൂപപ്പെടുത്തുന്നതില്‍ ആറന്മുള സമരം ചരിത്രപരമായ സംഭാവനകളാണ് നല്‍കുന്നത് എന്ന് മുഖ്യപ്രഭാഷണം നടത്തിയ സാക്ഷരതാ മിഷന് മുന്‍ ഡയറക്ടര്‍ ഡോ. എന്‍. ജയദേവന് അഭിപ്രായപ്പെട്ടു.
മാളവിക പ്രമോദ്, സാവിത്രി ബാലന്, സി. പൊന്നമ്മ എന്നിവര്‍ കൊയ്ത്തുപാട്ടും കവിതയും അവതരിപ്പിച്ചു. സിപിഐ ജില്ലാ കമ്മിറ്റി അംഗം അഡ്വ. ആര്. ശരത്ചന്ദ്രകുമാര്‍ സ്വാഗതം പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി പി. പ്രസാദ്, സിപിഎം ജില്ലാ കമ്മിറ്റി അംഗം കെ.എം. ഗോപി, സിപിഎം അയിരൂര്‍ സൗത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി തോമസ് ഏബ്രഹാം, ബിജെപി സംസ്ഥാന സമിതി അംഗം അഡ്വ. എം. മോഹന്‍ദാസ്, പ്രൊഫ. ശിവപ്രസാദ്, മുട്ടാര്‍ രാജ്, ഉത്തമന് കുറുന്താര്‍, പി. ഇന്ദുചൂഡന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: