രാജ് വെഞ്ഞാറമൂടിന് ദേശീയ അവാര്‍ഡോ? മലയാളികള്‍ അദ്ഭുതത്തോടെയാണ് ആ വാര്‍ത്ത നെഞ്ചിലേറ്റിയത്. ഭാഷകൊണ്ടാകര്ഷിച്ച് ഭാവംകൊണ്ട് വശത്താക്കി വെള്ളിത്തിരയില്‍ ഹാസ്യത്തിന് പുതിയ പൂക്കാലമൊരുക്കുകയായിരുന്നു സുരാജ്. തിരോന്തരം ഭാഷയിലൂടെ മലയാളിയുടെ മനസ്സില്‍ ഇടം നേടിയ നടന്റെ ഭാവപ്പകര്‍ച്ച പകര്‍ത്തിയെടുക്കാന്‍ ഡോ. ബിജുവെന്ന സംവിധായകന് തയ്യാറായപ്പോള്‍ അത് ഇന്ത്യന്‍ സിനിമയില്‍ പുതിയ ചരിത്രമാവുകയായിരുന്നു.
വെഞ്ഞാറമൂട് എന്ന കുഗ്രാമത്തില്‍ നിന്ന് പട്ടിണിക്കും പരിവട്ടത്തിനുമിടയിലും അനുകരണകലയെ മാറോടുചേര്‍ത്തു നടന്ന സുരാജ് എന്ന ചെറുപ്പക്കാരന് പിന്നിട്ട വഴിത്താരകള്‍ക്ക് കഷ്ടപ്പാടുകളുടേയും അവഗണനകളുടേയും കഥമാത്രമേ പറയാനുള്ളൂ. പതിനഞ്ചു വര്‍ഷം കൊണ്ട് 199 ചിത്രങ്ങളിലും 5000 ത്തിലേറെ വേദികളിലും തന്റെ പ്രതിഭ തെളിയിച്ച സുരാജിന്റെ ജീവിതാനുഭവങ്ങള്‍ ഏതു കഥാപാത്രത്തെയും തന്മയത്വത്തോടെ ഉള്‍ക്കൊള്ളാന്‍ കരുത്തേകുന്നതാണ്. ആ പ്രതിഭയെ കണ്ടെത്താന്‍, ഒരു സംവിധായകനു കഴിഞ്ഞപ്പോള്‍ ചരിത്രം വഴിമാറി. ദേശീയ അവാര്‍ഡിന്റെ നിറവിലും ഹാസ്യനടനുള്ള സംസ്ഥാന അവാര്‍ഡിന്റെ പൊലിമയിലും സുരാജ് വെഞ്ഞാറമൂട് തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുന്നു.
അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നോ?
പ്രതീക്ഷിച്ചിരുന്നു. അത് സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുമ്പോഴല്ല. ഷൂട്ടിംഗ് കഴിയാറായപ്പോള്‍ പേരറിയാത്തവരിലെ സഹസംവിധായകനായ ശര്‍മ്മയാണ് ആദ്യമതു പറയുന്നത്. അണ്ണന് ഈ സിനിമയില്‍ അവാര്‍ഡ് കിട്ടിയിരിക്കും. മറുപടി ടാ..പോടാ..പോടാ… എന്നായിരുന്നു. കളി പറയുകയായിരിക്കും എന്നാണ് ആദ്യം വിചാരിച്ചത്. എന്നാല്‍, ശര്‍മ്മ തറപ്പിച്ചു പറഞ്ഞപ്പോള്‍ എന്റെ വക ഒരു വാഗ്ദാനമുണ്ടായി. എനിക്കവാര്ഡു കിട്ടിയാല്‍ നിനക്കൊരു മോതിരം വാങ്ങിത്തരും. അതു കഴിഞ്ഞപ്പോള്‍ ഉടന്‍ വരുന്നു അടുത്തിടെ അസിസ്റ്റന്റായി കൂടിയ ഉണ്ണിയുടെ കമന്റ്. ഉണ്ണി ഉറപ്പിച്ചു പറഞ്ഞു-ഈ സിനിമയില്‍ അണ്ണന് അവാര്‍ഡ് കിട്ടുമെന്ന്. അപ്പോഴാണ് എനിക്കൊരു സംശയം തോന്നിയത്. കിട്ടുമോ എന്തോ. കിട്ടിയാലും ഇല്ലെങ്കിലും സാരമില്ല. പേരറിയാത്തവരില്‍ ഉപയോഗിച്ച ഷര്‍ട്ടും ലുങ്കിയും ഭദ്രമായി മടക്കിയെടുത്ത് അമ്മയുടെ കൈവശം ഏല്‍പ്പിച്ചു. എന്തായാലും മറ്റുള്ളവര്‍ അത്ര ഉറപ്പിച്ചു പറയണമെങ്കില്‍ എന്തെങ്കിലും വ്യത്യസ്തത ഉണ്ടാവുമല്ലോ. അതുകൊണ്ടു തന്നെ ആ കഥാപാത്രത്തിന്റെ വേഷം സൂക്ഷിച്ചുവെക്കണമെന്നും കരുതി. അവാര്‍ഡു വിവരം അറിഞ്ഞയുടന്‍ ചെയ്തത് ശര്‍മ്മയ്ക്കും ഉണ്ണിക്കും സമ്മാനം വാങ്ങി നല്‍കുകയായിരുന്നു.
പേരറിയാത്തവരിലേക്കെത്തിയത്?
കഴിഞ്ഞ ഓണക്കാലത്താണ് ഡോ. ബിജു വീട്ടിലെത്തി സിനിമയെ കുറിച്ചു പറഞ്ഞത്. കഥയുടെ വണ്‍ലൈന്‍ പറഞ്ഞപ്പോഴേ സിനിമ ഉറപ്പിച്ചു. വിശദ തിരക്കഥയൊന്നും വാങ്ങിയില്ല. ഹാസ്യവേഷമാണെങ്കില് മുന്‍കൂട്ടി തിരക്കഥ വായിക്കും. എന്നാല്‍ ഇതില്‍ അതുണ്ടായില്ല. കഥാപാത്രത്തെ കുറിച്ച് വ്യക്തമായ ധാരണകിട്ടിയതു കൊണ്ട് സെറ്റില്‍വെച്ച് എന്റെ സീന്‍ വരുന്ന ഭാഗംമാത്രം വാങ്ങി വായിക്കുകയായിരുന്നു. സംവിധായകനെ എനിക്കു പൂര്‍ണ വിശ്വാസമായിരുന്നു. അദ്ദേഹത്തിന് എന്നെയും.
ഷൂട്ടിംഗിനിടയിലെ മറക്കാനാവാത്ത
അനുഭവം?
ചിത്രത്തില്‍ തൂപ്പുകാരന്റെ വേഷമായിരുന്നു. വലിയമാലിന്യക്കൂനയില് നിന്നും മാലിന്യം വെട്ടിനീക്കുന്നതിനിടെ കാല് പുതഞ്ഞുപോകുന്ന ഒരു സീനുണ്ട്. വിളപ്പില്‍ശാല പോലെയുള്ള തമിഴ്നാട്ടിലെ ഒരുപ്രദേശത്തായിരുന്നു ഷൂട്ടിംഗ്. കത്തിക്കാളുന്ന വെയില്. അസഹ്യമായ ദുര്‍ഗന്ധം. യൂണിറ്റ് മുഴുവനുമുണ്ട്. സംവിധായകന് സീന്‍ വിവരിച്ചു തന്നു. മാലിന്യക്കുഴിക്കായി പ്രത്യേകം സെറ്റിടാമെന്നും പറഞ്ഞു. പക്ഷെ ആ പൊരിവെയിലത്ത് സെറ്റിടാന്‍ മണിക്കൂറുകള്‍ വേണ്ടിവരും. ഇത്തരമൊരു സിനിമയ്ക്ക് പണം മുടക്കാനിറങ്ങിയ നിര്‍മാതാവ് അനില്‍ അമ്പലക്കരയെയാണ് മനസ്സില്‍ ഓര്‍മ്മവന്നത്. മറ്റൊന്ന്, വെയിലും ദുര്‍ഗന്ധവും സഹിച്ച് മറ്റുള്ളവര്‍ എത്രനേരം കാത്തുനില്ക്കേണ്ടിവരുമെന്ന ചിന്തയും. മാലിന്യക്കൂമ്പാരത്തിനിടയില്‍ മലിനജലം കെട്ടിക്കിടക്കുന്ന പ്രദേശമുണ്ട്. സെറ്റിടാതെ ഒറ്റ ടേക്കില്‍ തീര്‍ത്താല്‍ പോരെ എന്നു സംവിധായകനോടു ചോദിച്ചു. ഇതില്‍ ചവുട്ടി പറ്റുമോ എന്നായി സംവിധായകന്. ചെയ്യാമെന്നേറ്റതോടെ എല്ലാവരുടെയും മുഖത്തു സന്തോഷം. ഒറ്റ ടേക്കില്‍ മനോഹരമായി ആ സീന്‍ ചിത്രീകരിച്ചു.
ദേശീയ അവാര്‍ഡു കിട്ടിയപ്പോള്‍?
പറഞ്ഞറിയിക്കാന്‍ പറ്റില്ല. വലിയ വലിയ സന്തോഷം. ഡോ. ബിജുവിനോടും അനില്‍ അമ്പലക്കരയോടുമാണ് ആദ്യം നന്ദിപറയേണ്ടത്. സിനിമയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരോടും നന്ദിയുണ്ട്. അതില്‍ അഭിനയിച്ച ഓരോരുത്തരും എന്നെ അദ്ഭുതപ്പെടുത്തിയിരുന്നു. വേണുച്ചേട്ടന്, നടന് ഇന്ദ്രന്‍സ്, ഡോ. ബിജുവിന്റെ മകന് അച്ചു ഇവരെല്ലാം ഗംഭീരമായിരുന്നു. അവാര്‍ഡു നേടിയപ്പോള്‍ മറക്കാനാവാത്ത ഒരു മുഹൂര്‍ത്തമുണ്ട്. അവാര്‍ഡ് പ്രഖ്യാപനത്തിന്റെ അന്ന് രാത്രി വീട്ടിലെത്തിയപ്പോള്‍ എല്ലാവരും കാത്തുനില്‍പ്പുണ്ട്. ഭാര്യയേയും മക്കളെയും അമ്മയെയും എല്ലാം കെട്ടിപ്പിടിച്ചു സന്തോഷം പങ്കുവെച്ചു. തൊട്ടുമുന്നില്‍ അച്ഛന്. പഴയമിലിട്ടറിയാണ്. ഇപ്പോഴും മുന്നില്‍ ചെന്നുപെട്ടാല്‍ ഒന്നറയ്ക്കും. രണ്ടുംകല്‍പ്പിച്ച് അച്ഛാ എന്നു വിളിച്ചുകൊണ്ട് കെട്ടിപ്പിടിച്ചു. എന്നെയും കെട്ടിപ്പിടിച്ച് തിരിച്ചൊരുമ്മ. എന്റെ അറിവില്‍ ഇന്നുവരെ അച്ഛനില്‍ നിന്നും ഒരു ഉമ്മ കിട്ടിയിട്ടില്ല. പിന്നീട് അച്ഛന് ഒരു ചാനലിനോടു പറയുന്നതു കേട്ടു. കുട്ടിക്കാലത്ത് അവന് മിമിക്രിയുമായി നടന്നത് വിലക്കേണ്ടതില്ലായിരുന്നുവെന്ന്. അച്ഛന്റെ ആ വാക്കുകളും ഉമ്മയും ഏതവാര്‍ഡിനേക്കാളും സന്തോഷം പകരുന്നതാണ്.
മിമിക്രിയും സുരാജും?
മിമിക്രിക്ക് മരണമില്ല. മിമിക്രി കലാകാരന്മാരെ പുച്ഛിക്കുന്നവര്‍ ഈ സമൂഹത്തിലുണ്ട്. നടന് ദിലീപ് മിമിക്രിയാണ് കാട്ടിയതെന്നു പറഞ്ഞ് അവാര്‍ഡ് നിഷേധിച്ചിട്ടില്ലേ. മിമിക്രി ഒരു വലിയ കലയാണ്. അതില്‍ നിന്നു ലഭിക്കുന്ന നിരീക്ഷണ പാടവവും വേദികളില്‍ നിന്നു ലഭിക്കുന്ന അനുഭങ്ങളും ടൈമിംഗും മറ്റൊരിടത്തു നിന്നും ലഭിക്കില്ല. എട്ടാംക്ലാസ്സു മുതലാണ് ഞാന്‍ മിമിക്രി അവതരിപ്പിച്ചു തുടങ്ങിയത്. നസീര്‍ മണക്കാടിന്റെ സംവിധാനത്തില്‍ കരകുളം ക്ഷേത്രത്തിലായിരുന്നു ആദ്യവേദി. പിന്നീട് എത്രയോ വേദികള്‍. തിരുവനന്തപുരം സരിഗയിലായിരിക്കുമ്പോള് അന്നത്തെ മിമിക്രിയിലെ താരം കൊല്ലം സിറാജിക്കയായിരുന്നു. മറ്റുള്ളവരോടും സിറാജേട്ടന്‍ ഇപ്പോള്‍ എന്നെ വിളിച്ചിരുന്നുവെന്ന് തട്ടിവിടും. കൂട്ടുകാര്‍ അന്തം വിടും. സത്യത്തില്‍ ഒരു പരിചയവും അന്നുണ്ടായിരുന്നില്ല. കൊല്ലം സിറാജെന്ന പേരിന്റെ ആകര്‍ഷണം മൂലമാണ് ഞാന്‍ വെഞ്ഞാറമൂട് സുരാജും, സുരാജ് വെഞ്ഞാറമൂടുമായി മാറിയത്. അതുകൊണ്ടു തന്നെ ഈ അവാര്‍ഡ് മലയാള ഭാഷയ്ക്കും മലയാള സിനിമയ്ക്കുമൊപ്പം മിമിക്രി കലാകാരന്മാര് ഉള്‍പ്പെടുന്ന സ്റ്റേജ് ആര്‍ട്ടിസ്റ്റുകള്‍ക്കു വേണ്ടിയുള്ള സമര്‍പ്പണമാണ്.
ദേശീയ അവാര്‍ഡ് സ്വന്തമാക്കി. ഒരു നടന്
എന്ന നിലയിലുള്ള ആഗ്രഹം?
അവസരങ്ങള്‍ തരിക. നല്ലകഥാപാത്രങ്ങളെ തരിക. വീട്ടില്‍ മൂന്നു പിള്ളേരും ഭാര്യയും അച്ഛനും അമ്മയുമൊക്കെ ഉണ്ടേ…
വരാനിരിക്കുന്ന നായക വേഷങ്ങള്‍?
ഫീമെയില്‍ ഉണ്ണികൃഷ്ണനിലെയും ഗര്‍ഭ ശ്രീമാനിലെയും വേഷങ്ങള്‍. ഫീമെയില്‍ ഉണ്ണികൃഷ്ണനിലെ നായകന് പെണ്‍ശബ്ദമാണ്. ഡബ്ബ് ചെയ്തത് ഞാന്‍ തന്നെയാണ്. അനില്ഗോപിനാഥിന്റെ ഗര്‍ഭ ശ്രീമാന്‍ ഒരു പരീക്ഷണ ചിത്രമാണ്. ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി ഒരു പുരുഷന് ഗര്‍ഭം ധരിക്കുന്നു. പൂര്‍ണ ഉത്തരവാദിത്വം സംവിധായകനും തിരക്കഥാകൃത്തിനും.
സുരാജിന് നായികയെ കിട്ടിയില്ലെന്ന പരാതി?
എപ്പം പറഞ്ഞു. രണ്ടു കിടിലന്‍ നായികമാരെ കിട്ടി. ഫീമെയില്‍ ഉണ്ണികൃഷ്ണനില്‍ മഹാലക്ഷ്മി. ഒന്നാന്തരം ആര്‍ട്ടിസ്റ്റാണവര്‍. ഗര്‍ഭ ശ്രീമാനില്‍ ഗൗരീകൃഷ്ണ. അമ്മയെന്ന സീരിയലില്‍ തനിക്കാരുമില്ലെന്ന വ്യഥയോടെ കുടുംബത്തെ തെരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. വിഷമിക്കേണ്ട ഞാന്‍ നായികയാക്കാമെന്നു പറഞ്ഞു. നായികയായി.
നായികമാരെ കുറ്റംപറഞ്ഞിട്ടു കാര്യമില്ല. എല്ലാവര്ക്കും പ്രശസ്തിയിലെത്തണമെന്നാഗ്രഹിക്കുന്നവരാണ്. സുരാജിനൊപ്പം നായികയായി അഭിനയിച്ചാല്‍ സൂപ്പര്‍താരങ്ങളുടെ നായികയാവാന്‍ ബുദ്ധിമുട്ടാകുമോ എന്നു ഭയക്കുന്നവരുണ്ട്. ഒരു നായികയെ വിലയിരുത്തേണ്ടത് സൗന്ദര്യത്തിന്റെയും പ്രശസ്തിയുടെയും മാനദണ്ഡത്തില്‍ മാത്രമല്ലല്ലോ. അഭിനയമികവല്ലേ പ്രധാനം.
ഭാഷാശൈലി സൃഷ്ടിച്ച പ്രശ്നങ്ങള്‍?
സുരാജ് വെഞ്ഞാറമൂടിന് ഇതു മാത്രമേ പറ്റൂവെന്ന് ചിലര്‍ പറഞ്ഞുണ്ടാക്കിയിരുന്നു. പ്രേക്ഷകര്‍ക്ക് എന്റെ തിരുവനന്തപുരം ശൈലി ഇഷ്ടമായിരുന്നു. അതുകൊണ്ട് കുറേ ചിത്രങ്ങള്‍ അങ്ങനെ വന്നു. അതൊരു നടന്റെ കുറ്റമല്ല. സംവിധായകനും തിരക്കഥാകൃത്തിനും അതില്‍ പങ്കുണ്ട്. തള്ളേ….എന്തരപ്പീ….എന്ന സ്ഥിരം പ്രയോഗവുമായി സുരാജിനെ ഇപ്പോള്‍ കാണാറുണ്ടോ. ഗദ്ദാമ, പുള്ളിപ്പുലിയും ആണ്‍കുട്ടിയും, ഗോഡ് ഫോര്‍ സെയില്‍ എന്നീ സിനിമകളില്‍ വ്യത്യസ്തത പുലര്‍ത്താനായി. ഇപ്പോള്‍ പേരറിയാത്തവരിലും. എത്ര സിനിമകള്‍ വേണ്ടന്നുവെയ്ക്കാനാവും. സ്കൂളില്‍ പിള്ളാര്‍ക്കു ഫീസുകൊടുക്കണ്ടേ….
അവാര്‍ഡിനു ശേഷമുള്ള സുരാജ്?
പഴയ സുരാജ് തന്നെ. മാറാന്‍ ശ്രമിച്ചാലും മാറാന്‍ കഴിയില്ല. ഇനി ആരെങ്കിലും അനൗണ്‍സ്മെന്റ് ചെയ്യുമ്പോള്‍ ഭരത് സുരാജ് എന്നുപറയുമായിരിക്കും. അതുമാത്രമാവും വ്യത്യാസം. ഞാനും ഒരുപാടു തവണ ഭരത് മമ്മൂട്ടി, ഭരത് മോഹന്‍ലാല്‍ എന്നൊക്കെ അനൗണ്‍സ് ചെയ്തിരുന്നതാണല്ലോ. ഒക്കുന്നപണിയേ എടുക്കൂ. ദേശീയ അവാര്‍ഡ് കിട്ടിയെന്നു വെച്ച് മേജറുടെ റോളൊന്നും ചെയ്യാന്‍ എന്നെക്കിട്ടില്ല. സല്യൂട്ടു നീട്ടിയടിക്കാനൊന്നും പണ്ടത്തെ ഒടിഞ്ഞ കൈ വഴങ്ങില്ല…
സുരാജ് വെഞ്ഞാറമൂട് ഇപ്പോഴും പഴയ സുരാജ് തന്നെയാണ്. അഭിനന്ദനങ്ങള്‍ അറിയിക്കാന്‍ വിളിക്കുന്നവരോട് തമാശകള്‍ പൊട്ടിച്ചും കാണാനെത്തുന്നവരെ സഹൃദയഭാഷയില് സ്വീകരിച്ചും സന്തോഷം പങ്കിടുമ്പോള്‍ ഇത്തവണത്തെ ദേശീയ അവാര്‍ഡിന് മാറ്റേറെയാണ്. പേരറിയാത്തവര്‍ എന്ന സിനിമയിലെ കഥാപാത്രത്തിനുപരിയായി അനുകരണകലയെ മുറുകെപ്പിടിച്ച് സഹനത്തിന്റെയും അതിജീവനത്തിന്റെയും പാത കടന്നുവന്ന ഒരു സാധാരണക്കാരന്റെ വിജയഗാഥയ്ക്കു ലഭിക്കുന്ന പുരസ്ക്കാരം കൂടിയാണത്. എല്ലാം മറന്ന് കലയെ സ്നേഹിക്കുന്ന കലാകാരന്മാര്ക്കുള്ള അംഗീകാരവും.
സി രാജ
പ്രതികരിക്കാൻ ഇവിടെ എഴുതുക: