വേഗപ്പൂട്ടില്ലാത്ത മനുഷ്യന്റെ പരക്കം പാച്ചിലില്‍ അവനവനെ അറിയാതെ പോകുന്നത് സ്വാഭാവികം. യാഥാര്‍ഥ്യം സൈബര്‍ കാഴ്ചയില്‍ ഒതുങ്ങതും മറ്റൊരു പ്രശ്നം. യുക്തിയുടെ നിര്‍ബന്ധങ്ങളും തെളിവിന്റെ സമ്മര്ദ്ദവുമൊക്ക ചേര്‍ന്നുണ്ടാക്കുന്ന കണ്കെട്ട് വേറെ. ഇതിനിടയില്‍ മനസിന്റെ അതിര്‍ത്തിയില്ലാത്ത ബോധ്യങ്ങളും ആന്മീയാനുഭവവും അറിയപ്പെടാതാകുന്നു. അതുകൊണ്ടാണ് വേദനയില്‍ നിന്നുള്ള ആഹ്ലാദവും നഷ്ടങ്ങളില്‍ നിന്നുള്ള നേട്ടവും മനസിലാകാത്തത്. മഹാമുനിമാരും പ്രവാചകന്മാരും അനുഭവിച്ച ഈ നേട്ടങ്ങളും ആഹ്ളാദങ്ങളുമാണ് വഴിയും വെളിച്ചവുമായെന്നതാണ് സത്യം. ഇത്തരം വിപരീതസൗന്ദര്യംകൊണ്ടെഴുതിയ തിരുകാവ്യമാണ് ഈസ്റ്റര്‍.
തീവ്ര വേദനയ്ക്കു ശേഷമുണ്ടായ വലിയ സന്തോഷമാണ് ഈസ്റ്റര്‍. നഷ്ടപ്പെടലിനു ശേഷമുണ്ടായ നേട്ടമാണത്. സ്നേഹവും സഹനവുംകൊണ്ട് ശത്രുവില്ലാത്ത ലോകത്തിലൂടെ നേടിയതാണത്. എന്നാല്‍ എളുപ്പത്തില്‍ സ്നേഹിക്കുന്നതിനു പകരം വേഗത്തില്‍ ശത്രുവിനെ സൃഷ്ടിക്കുകയാണ് നമ്മള്. ഇതാണ് ഇന്നത്തെ പ്രതിസന്ധിക്കു കാരണം. അവരവര്‍ നന്നാകേണ്ടതിനു പകരം മറ്റുള്ളവര്‍ക്കാണു കഴപ്പമെന്നു വിചാരിക്കുന്നു. സ്വയം നന്നായാല്‍ ലോകം താനെ മാറിപ്പോകും.
കുരിശുമരണത്തിനു ശേഷമുള്ള മൂന്നാം നാളിലെ ഉയിര്‍ത്തെഴുന്നേല്‍പ്പ് ത്യാഗത്തിനു കിട്ടുന്ന മോക്ഷത്തിന്റെ ശമ്പളമാണ്. മനുഷ്യനെപ്പോലെ ജീവിക്കുകയും ദൈവ പുത്രനെപ്പോലെ അതിശയം കാട്ടുകയും ചെയ്ത യേശുവിന്റെ വചനങ്ങളില്‍ സന്മനസുള്ളവര്ക്കുള്ള സമാധാനമുണ്ടായിരുന്നു. ചിലപ്പോള്‍ ശാന്തതയ്ക്കു പകരം അദ്ദേഹം പൊട്ടിത്തെറിച്ചു. അനീതിക്കും അഴിമതിക്കുമെതിരെയായിരുന്നു അത്. പള്ളിമുറ്റത്തു തന്നെ അത് അദ്ദേഹം നടപ്പാക്കി. ചുങ്കക്കാരെ അവിടെ നിന്നും അടിച്ചോടിച്ചു. അതൊരു ബദല്‍ വിപ്ളവമായിരുന്നു അക്കാലത്ത്.
സ്നേഹത്തിന്റെ നല്ല നടപ്പും ആത്മവിശ്വാസത്തിന്റെ മുന്നേറ്റവും യേശു കാഴ്ചവെച്ചു. വിശ്വാസത്തോടെ മലയോട് മാറിപ്പോകാന്‍ പറഞ്ഞാല്‍ മല മാറുമെന്നു പറഞ്ഞത് അതുകൊണ്ടാണ്. മുകളിലേക്കു കയറുകയെന്ന് അദ്ദഹം പറഞ്ഞു. എന്നും സന്തോഷത്തോടിരിപ്പിനെന്നും. ദുരിതത്തിന്റെ ഇടുക്കുതൊഴുത്തില്‍ ജീവിതം കറന്നെടുക്കുന്നവര്ക്ക് വിശാലമായ പുല്‍ത്തകിടിയിലൂടെ പ്രതീക്ഷയുടെ ക്ഷീരസാഗരമാണ് അദ്ദേഹം വാഗ്ദാനം ചെയ്തത്.
മനുഷ്യന്റെ ദൈവ വഴിയിലേക്കുള്ള നെടുങ്കന്‍ പാതയില്‍ നെടിയ മധ്യസ്ഥനായിരുന്നു യേശു. ക്ഷമിക്കാനും സഹിക്കാനുമുള്ള മനസാണ് ദൈവത്തെ കണ്ടെത്താനുള്ള വഴിയെന്ന് അദ്ദേഹം ഉദ്ഘോഷിച്ചു. ആ വഴി സ്വയം നടന്നുതീര്‍ത്തതും അതു കാട്ടിക്കൊടുത്തതുമാണ് യേശുവിന്റെ പ്രസക്തി. ക്രിസ്തുവിനെക്കുറിച്ച് ആവര്‍ത്തിച്ചു പറയുകയും തുടര്‍ച്ചയായി അദ്ദേഹത്തെ മറക്കുകയുമാണ് നമ്മള്. ക്രിസ്തുവിനെ ഉള്ളില്‍ സ്വീകരിക്കണം. അതിനു മുന്‍പ് ആത്മാവില്‍ തെറ്റുകള്‍ ഏറ്റു പറയണം. വിത്തു പാകാന്‍ മണ്ണൊരുക്കുംപോലെ ദൈവ സ്നേഹത്തിനായി മനസൊരുക്കണം. ക്രിസ്ത്വനുഭവം ഉള്ളവനാണ് ക്രിസ്ത്യാനി. പൂവും ഒലീവ് കൊമ്പും ഈന്തപ്പനയോലകളുമായി ഓശാന പാടിയാണ് ജറുസലേമിലേക്ക് യേശുവിനെ വരവേറ്റത്. ആ ഓര്‍മയില്‍ വേണം അദ്ദേഹത്തെ ഉള്ളില്‍ സ്വീകരിക്കാന്‍. അവനവനെ തിരിച്ചറിയുന്ന മനുഷ്യന്റെ ഉയര്‍ച്ചയുടെ വലിയ ആഹ്ലാദമാണ് ഈസ്റ്ററിനു പിന്നിലെ ഉയിര്‍പ്പിന്റെ കാമ്പും കാതലും.
സേവ്യര്‍.ജെ
പ്രതികരിക്കാൻ ഇവിടെ എഴുതുക: