തിരുവനന്തപുരം: എസ്.എസ്.എല്‍.സി ജയിച്ചെങ്കിലും77158 പേരുടെ ഉപരിപഠനം വഴിമുട്ടും. പ്ലസ് വണ്ണിന് 3,26,980 സീറ്റുകളുണ്ട്.വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറിയില്‍ 26,750 സീറ്റുകളും. ഐടിഐയില്‍ 1800 സീറ്റുകള്‍, പോളിടെക്നിക്കുകളില്‍ 9990 സീറ്റുകള്‍. ഇവയെല്ലാം കൂടി 365520 സീറ്റുകള്‍. ഉപരിപഠനത്തിന് അര്‍ഹത നേടിയത് 4,42,678 വിദ്യാര്‍ഥികളാണ്. അതായത് 77158 പേര്‍ക്ക് ഉപരിപഠനത്തിന് അവസരം ലഭിക്കില്ല.
കഴിഞ്ഞ വര്‍ഷം രണ്ട് തവണയായി പത്ത് ശതമാനം വീതം സീറ്റ് വര്‍ധിപ്പിച്ചു. ഒരു ബാച്ചില്‍ 60 മുതല്‍ 65 വരെ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്കി. അങ്ങനെ ഹയര്‍സെക്കന്‍ഡറിയില്‍ മാത്രം 360921 വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കാനായി. ലബ്ബാ കമ്മീഷന് ശുപാര്‍ശയുടെ പശ്ചാത്തലത്തില്‍ ഇത്തവണ ഒരു ബാച്ചിലെ വിദ്യാര്‍ഥികളുടെ എണ്ണം 50ല്‍ പരിമിതപ്പെടുത്തും. സീറ്റു വര്‍ധന ഈ വര്‍ഷം ഉണ്ടാകില്ലെന്നാണ് പറയുന്നതെങ്കിലും സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ല. പ്രവേശന നടപടികള്‍ കുഴഞ്ഞുമറിയുന്ന ഘട്ടത്തില്‍ അവസാനം സീറ്റ് വര്‍ധിപ്പിച്ച് നല്‍കാനാണ് സര്‍ക്കാര്‍ നീക്കം. അതിന്റെ ഗുണം സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്കേ ലഭിക്കൂ.
മലപ്പുറം ജില്ലയില്‍ 51720 ഹയര്‍സെക്കന്‍ഡറി സീറ്റുകളാണുള്ളത്. ഉപരിപഠന യോഗ്യത നേടിയത് 73746പേരും. 22026 പേര്‍ക്ക് ഹയര്‍സെക്കന്‍ഡറി പഠനത്തിന് വഴിയില്ല. കോഴിക്കോട് 43959 പേര് യോഗ്യത നേടിയപ്പോള്‍ ഇവിടെ ഹയര്‍സെക്കന്‍ഡറി സീറ്റുകള്‍ 34740 ആണ്. 9216 പേര് പുറത്താകും. കണ്ണൂരില്‍ 34713 പേര് ഉപരിപഠന യോഗ്യത നേടിയപ്പോള്‍ ഹയര്‍സെക്കന്‍ഡറി സീറ്റുകള്‍ 29490 ആണ്.
പാലക്കാട്ട് 38907 പേര് എസ്എസ്എല്‍സി കടന്നപ്പോള്‍ പ്ലസ്വണ് സീറ്റുകള്‍ 29100 മാത്രം. കാസര്‍കോട്ട് 19605 പേര് വിജയിച്ചപ്പോള്‍ പ്ലസ്വണ് സീറ്റുകള്‍ 14070. വയനാട്ടില്‍ 11361 പേര് വിജയിച്ചപ്പോള്‍ ഹയര്‍സെക്കന്‍ഡറിയില്‍ 8220 സീറ്റുകളാണുള്ളത്.
കോടതിഅനുമതി ലഭിച്ചതോടെ രണ്ട് ബാച്ചുവീതം 148 പുതിയ ഹയര്‍സെക്കന്‍ഡറികളും എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ ആവശ്യാനുസരണം ബാച്ചുകളും ഹയര്‍സെക്കന്‍ഡറികളും അനുവദിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ഇതുവഴി 678 ബാച്ചുകള്‍ അധികം വരും. 33900 പേര്‍ക്ക് പ്രവേശനം ലഭിക്കും. സിബിഎസ്ഇ ഉള്‍പ്പെടെയുള്ള ഇതര സിലബസിലെ വിദ്യാര്‍ഥികള്‍ വരുന്നതോടെ സംസ്ഥാന സിലബസില്‍ പത്താം ക്ലാസ് ജയിച്ചവര്‍ക്ക് പ്ലസ്വണ് പഠനത്തിന് കടുത്ത മല്‍സരം നേരിടേണ്ടിവരും. കഴിഞ്ഞ വര്‍ഷം സിബിഎസ്ഇ, ഐസിഎസ്ഇ ഉള്‍പ്പെടെയുള്ള സിലബസില്‍ നിന്നായി 62200 പേര് പ്ലസ്വണ് ഏകജാലക പ്രവേശത്തിന് അപേക്ഷിച്ചിരുന്നു. ഇതില്‍ പകുതിയിലധികംപേര്‍ ആദ്യം തന്നെ പ്രവേശനം നേടി. ഹയര്‍സെക്കന്‍ഡറിയില്‍ 326980 സീറ്റില്‍ 260942 എണ്ണമാണ് മെറിറ്റ് സീറ്റുകള്‍.
പൊതുവിദ്യാലയങ്ങളിലെ പ്ലസ് വണ്‍ പ്രവേശന നടപടികള്‍ സിബിഎസ്ഇ സിലബസുകാര്ക്കുവേണ്ടി വൈകിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍. ഇത് പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളുടെ പ്ലസ് വണ്‍ പ്രവേശനം ഇത്തവണയും വൈകിപ്പിക്കും.
എസ്എസ്എല്‍സി പരീക്ഷാഫലം മുന്‍വര്‍ഷത്തേതിലും നേരത്തേ പ്രസിദ്ധീകരിച്ചതിന്റെ ഗുണം പൊതുവിദ്യാലങ്ങളില്നിന്ന് ജയിച്ചവര്‍ക്ക് ലഭ്യമാകില്ല. ഹയര്‍ സെക്കന്‍ഡറി പ്രവേശന നടപടികള്‍ വൈകിപ്പിക്കുന്നതോടെ മുന്‍വര്‍ഷത്തേതുപോലെ തന്നെ പ്രവേശന നടപടികളില്‍ സിബിഎസ്ഇ വിദ്യാര്‍ഥികള്‍ മുന്നിലെത്തുകയും പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ ബുദ്ധിമുട്ടിലാവുകയും ചെയ്യും.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: