അമ്പലപ്പുഴ: പുരാവസ്തു വകുപ്പ് കരുമാടിക്കുട്ടന് സ്മാരകത്തിന്റെ വികസനം അട്ടിമറിക്കുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ളതും ദിവസം നൂറുകണക്കിന് സന്ദര്‍ശകര്‍ എത്തുന്നതുമായ സ്മാരകമാണ് വികസനങ്ങള്‍ എത്തിനോക്കാതെ ഒറ്റപ്പെടുന്നത്. ബുദ്ധമതത്തിന്റെ സ്വാധീനം ഉണ്ടായിരുന്ന കാലത്തെ കൂറ്റന്‍ ബുദ്ധവിഗ്രഹമാണ് പിന്നീട് കരുമാടിക്കുട്ടന് എന്ന പേരില്‍ പ്രശസ്തമായത്.
പാതിഛേദിച്ച രൂപത്തിലുള്ള പ്രതിമയുമായി ബന്ധപ്പെട്ട് നിരവധി കഥകള്‍ പ്രചരിക്കുന്നുണ്ട്. ചരിത്രരേഖകളുമായി ബന്ധപ്പെട്ട് പുരാവസ്തു വകുപ്പ് ഇതിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. ചൈനയില്‍ നിന്നും ജപ്പാനില്‍ നിന്നുമൊക്കെ ബുദ്ധഭിക്ഷുക്കള്‍ ഇവിടെയെത്തി പൂജകളും ആഘോഷങ്ങളും സംഘടിപ്പിക്കാറുണ്ട്. വിശ്വാസികളെ സഹായിക്കുന്നതിനായി ഗ്രാമവാസികള്‍ കരുമാടിക്കുട്ടന്‍സ് എന്ന പേരില്‍ സാംസ്ക്കാരിക സംഘടനയും രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
കരുമാടി ടിഎസ് കനാലിന് സമീപം അമ്പലപ്പുഴ-തിരുവല്ല റോഡിനോട് ചേര്‍ന്നാണ് സമാരകം സ്ഥിതി ചെയ്യുന്നത്. എ ഡി പത്താം നൂറ്റാണ്ടില്‍ സ്ഥാപിച്ചതാണെന്നും ബുദ്ധവിഹാരത്തിന് കേടുപാടുകള്‍ വരുത്തരുതെന്നുമുള്ള ബോര്‍ഡ് മലയാളത്തിലും ഇംഗ്ലീഷിലും സ്ഥാപിച്ചതല്ലാതെ പുരാവസ്തു വകുപ്പുകാര്‍ ഇതിന്റെ പ്രാധാന്യം വര്‍ധിപ്പിക്കാന്‍ ഒന്നും ചെയ്തിട്ടില്ല.
ടിഎസ് കനാലിന്റെ കല്ഭിത്തികള് പൊട്ടിപ്പൊളിഞ്ഞും പകല്‍ സമയങ്ങളില്‍ പോലും പ്രദേശത്ത് മദ്യപാനികളുടെ സങ്കേതമായും സ്മൃതി മണ്ഡപത്തിന് ചുറ്റും കാടുപിടിച്ചും ഇവിടം അവഗണിക്കപ്പെട്ടു. പുരാവസ്തു വിഭാഗം നിലവില്‍ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡ് പോലും സന്ദര്‍ശകര്‍ക്ക് വായിക്കാനാവാത്ത വിധം പഴകിദ്രവിച്ച് കഴിഞ്ഞു.
എ.എം. ജോജിമോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: