ആറന്മുള : ഡോ. അംബേദ്കറുടെ ജന്മദിനം ആറന്മുള വിമാനത്താവള വിരുദ്ധ സത്യഗ്രഹപ്പന്തലില്‍ സമര ഐക്യദാര്‍ഢ്യ കവിസമ്മേളനമായി മാറി. കവിതാപ്പാടം നവജനാധിപത്യ കവിതാ വേദിയുടെ നേതൃത്വത്തില്‍ യുവകവികള്‍ കവിതകള്‍ ചൊല്ലിയും ചൊല്കാഴ്ച അവതരിപ്പിച്ചും 63-ാം ദിനം വേറിട്ട അനുഭവമാക്കി. പ്രകൃതിയേയും വിശപ്പിനെയും കുടിവെള്ളത്തിനെയും കുറിച്ച് തങ്ങളുടെ ചിന്തകള്‍ അവതരിപ്പിച്ച് കവികള്‍ പ്രതിഷേധിച്ചു.
ലോകത്തെ മുഴുവന്‍ വെള്ളക്കാരന്റെ വരുതിയില്‍ കൊണ്ടുവരാന്‍ വീണ്ടും ശ്രമിച്ചു കൊണ്ടിരിക്കുന്ന മുതലാളിത്ത ശക്തികള്‍ ആറന്മുളയില് പറന്നിറങ്ങാന്‍ നടത്തുന്ന ശ്രമമാണ് വിമാനത്താവള പദ്ധതിയെന്ന് ഉദ്ഘാടനം ചെയ്ത കവി കല്ലറ അജയന് അഭിപ്രായപ്പെട്ടു.
മുതലാളിത്ത കമ്പിനികള്‍ കുന്നുകളും വയലുകളും നികത്തി പരിസ്ഥിതി നശിപ്പിച്ച് മുന്നേറുന്ന കാഴ്ചയാണ് ആറന്മുളയിലെന്ന് അദ്ധ്യക്ഷത വഹിച്ച പ്ലാച്ചിമട സമരസമിതി പ്രതിനിധി എ. കൃഷ്ണന്‍കുട്ടി അഭിപ്രായപ്പെട്ടു.
വിനോദ് വെള്ളായണി, എം. സങ്ങ്, സി.എസ്. രാജേഷ്, തോമസ് കെ. ശാമുവേല്‍, ഇഞ്ചക്കാട് ബാലചന്ദ്രന്, സതി അങ്കമാലി, ജോണ്സണ് ചീരന്‍ചിറ, മാവേലിക്കര ജയദേവന്, യോതിഷ് ആറന്മുള എന്നീ കവികള്‍ വിവിധ വിഷയങ്ങളെ ആധാരമാക്കി കവിതകള്‍ അവതരിപ്പിച്ചു.
ഹിന്ദു ഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി സി. ബാബു, പാലാ ഈനാട് വികസന സമിതി കണ്‍വീനര്‍ ഹരിപ്രസാദ്, മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം റോയി ജോര്‍ജ്ജ്, കെ.എം. ഗോപി, സി. ഗിരീഷ്, ബി. രേണു, ദേവദാസ് തങ്കപ്പന്, കെ.ഐ. ജോസഫ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: