പഴയങ്ങാടി(കണ്ണൂര്‍): കഴിഞ്ഞ ദിവസം തളിപ്പറമ്പില്‍ നടന്ന എസ്ഡിപിഐ-ലീഗ് അക്രമത്തിന്റെ തുടര്‍ച്ചയെന്നോണം ഇന്നലെ പഴയങ്ങാടി മൊട്ടാമ്പ്രത്തും ലീഗ്-എസ്ഡിപിഐ സംഘര്‍ഷം. കടകള്‍ തീവെച്ച് നശിപ്പിച്ചു. കോടികളുടെ നാശനഷ്ടം.
മാടായി പഞ്ചായത്തിലെ മൊട്ടാമ്പുറത്താണ് ഇന്നലെ മുസ്ലീം ലീഗ്-എസ്ഡിപിഐ സംഘര്‍ഷമുണ്ടായത്. ഇതേത്തുടര്‍ന്ന് എസ്ഡിപിഐയുടെ കല്യാശ്ശേരി മണ്ഡലം സെക്രട്ടറി ചെല്ലക്കര തൗഫീഖിന്റെ തുണിക്കട രാത്രി പന്ത്രണ്ടു മണിയോടെ തീവെച്ച് നശിപ്പിച്ചു. കടയിലുണ്ടായിരുന്ന തുണിത്തരങ്ങളും കമ്പ്യൂട്ടറും പൂര്‍ണമായും കത്തിനശിച്ചു. ഇതേത്തുടര്‍ന്നാണ് പുതിയങ്ങാടി മൊട്ടാമ്പുറത്തുള്ള തളിക്കാരന്‍ അബ്ദുള്‍ സത്താറിന്റെ പെയിന്റ് കട തീയിട്ടു നശിപ്പിച്ചത്.
സ്ഥാപനത്തിന്റെ എയര്‍ഹോളിലൂടെ അകത്തേക്ക് എണ്ണയൊഴിച്ച ശേഷം തീവെച്ചതായാണ് പോലീസ് നിഗമനം. സംഭവത്തില്‍ ഒരു കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു.
രാത്രികാല പട്രോളിങ്ങിലേര്പ്പെട്ട പഴയങ്ങാടി പോലീസ് സംഘമാണ് തീ ആദ്യം കണ്ടത്. പുകച്ചുരുള്‍ കണ്ട് സംശയം തോന്നിയ പഴയങ്ങാടി എസ്ഐ കെ.ഷിജുവും സീനിയര്‍ പോലീസ് ഓഫീസര്‍ ശിവദാസനും ചെന്ന് നോക്കിയപ്പോഴാണ് സ്ഥാപനത്തിന് തീപിടിച്ചതായി കണ്ടത്. തുടര്‍ന്ന് തളിപ്പറമ്പില്‍ നിന്നും പയ്യന്നൂരില്‍ നിന്നും ഫയര്‍ഫോഴ്സ് സംഘം എത്തി തീയണക്കുകയായിരുന്നു.
കണ്ണൂര്‍ ജില്ലയിലെ പല ഭാഗങ്ങളിലും നടക്കുന്ന ലീഗ്-എസ്ഡിപിഐ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് ഇവിടെയും ഉണ്ടായതെന്ന് കരുതുന്നു. മുസ്ലീം ലീഗിന്റെ ശക്തികേന്ദ്രമാണ് മൊട്ടമ്പുറവും പുതിയങ്ങാടിയും. ഇവിടെ കൂടുതല്‍ സംഘര്‍ഷം പടരാതിരിക്കാന്‍ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. സംഭവങ്ങളില്‍ പഴയങ്ങാടി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: