കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പി നോടനുബന്ധിച്ച് കണ്ണൂരില്‍ ആരംഭിച്ച സംഘര്‍ഷം പോളിങ്ങിന് ശേഷവും തുടരുന്നു. ഇന്നലെ രാവിലെ മുസ്ലിംലീഗ്, എസ്ഡിപിഐ ഓഫീസുകള്‍ അക്രമിച്ച് തകര്‍ത്തു. ആക്രമണത്തില്‍ പ്രതിഷേധിച്ച് മുസ്ലിംലീഗ് നടത്തിയ പ്രതിഷേധ പ്രകടനത്തിനു നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഇവിടെ എസ്ഡിപിഐ അനുഭാവിയുടെ ഒരു ഹോട്ടലും അടിച്ചുതകര്‍ത്തു. ലീഗ് ഓഫിസ് തകര്‍ത്തത് എസ്ഡിപിഐക്കാരാണെന്നാണ് ആരോപണം. വ്യാപകമായ അക്രമ സംഭവങ്ങളെ തുടര്‍ന്ന് തളിപ്പറമ്പ് മേഖലയില്‍ 10 ദിവസത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്നലെ പുലര്‍ച്ചയോടെയാണ് തളിപ്പറമ്പ് നഗരത്തിലുള്ള മുസ്ലീംലീഗിന്റെ നിയോജകമണ്ഡലം കമ്മിറ്റി ഓഫീസ് ഒരു സംഘം തകര്‍ത്തത്. പൂട്ട് പൊട്ടിച്ച് അകത്തുകയറിയ സംഘം ഓഫീസിനകത്തുള്ള ഗ്ലാസുകളും ഫര്‍ണിച്ചറും തല്ലിത്തകര്‍ത്തു. രാവിലെ ഓഫീസിലെത്തിയ ലീഗുകാരാണ് അക്രമവിവരം പൊലീസില്‍ അറിയിച്ചത്. പത്തുമണിയോടെ നഗരത്തില്‍ ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചാണ് അക്രമത്തില്‍ കലാശിച്ചത്. ബസ് സ്റ്റാന്‍ഡ് പരിസരത്തെത്തിയപ്പോള്‍ പ്രതിഷേധക്കാര്‍ നഗരത്തിലെ കടകള്‍ക്കുനേരെ കല്ലെറിഞ്ഞു.
ബസ് സ്റ്റാന്‍ഡിന് സമീപത്തുള്ള കടകള്‍ ലീഗുകാര്‍ തിരഞ്ഞുപിടിച്ച് അടിച്ചുതകര്‍ത്തതോടെ പൊലീസും പ്രതിരോധിക്കാനാകാതെ ഒഴിഞ്ഞുമാറുകയായിരുന്നു. നേതാക്കള്‍ ഇടപെട്ടെങ്കിലും അക്രമം തടയാന്‍ കഴിഞ്ഞില്ല. ഡിവൈഎസ്പി സുദര്‍ശന്റെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസെത്തിയ ശേഷമാണ് സ്ഥിതഗതികള്‍ ഒരുപരിധി വരെ നിയന്ത്രണവിധേയമായത്. നഗരത്തിലെ പലഭാഗത്തും അക്രമികള്‍ കൂട്ടം കൂടിയതോടെ പൊലീസ് റൂട്ട് മാര്‍ച്ച് നടത്തി. ജനങ്ങളെ പരിഭ്രാന്തരാക്കി അക്രമി സംഘം നടത്തിയ അഴിഞ്ഞാട്ടത്തില്‍ ഇരുപതോളം കടകള്‍ ആക്രമണത്തിനിരയായി. അതേസമയം ലീഗ് ഓഫീസ് തകര്‍ത്തവരെക്കുറിച്ച് തളിപ്പറമ്പ് പൊലീസ് അന്വേഷണം തുടങ്ങി. പോളിങ്ങിന് മുമ്പ് പരിയാരം പ്രദേശത്ത് ബിജെപി പ്രവര്‍ത്തകരെ സിപിഎം സംഘം വ്യാപകമായി ആക്രമിച്ചിരുന്നു. പോലീസ് പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്. പോളിങ് ദിവസവും അതിനുശേഷവും തളിപ്പറമ്പില്‍ വ്യാപകമായ അക്രമം ഉണ്ടായി. സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ സ്ഥലത്ത് വന്‍പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. നഗരത്തെ ഭീതിയിലാഴ്ത്തി നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇരുവിഭാഗത്തിലും പെട്ട നിരവധി പേര്‍ക്കെതിരെ പോലീസ് കേസെടുത്ത് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ജില്ലയുടെ മറ്റ് ഭാഗങ്ങളിലും ഒറ്റപ്പെട്ട അക്രമ സംഭവങ്ങള്‍ അരങ്ങേറിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: