കോഴിക്കോട്: കാശ്മീര്‍ വിഘടനവാദത്തെയും മുസ്ലീം ഭീകരവാദത്തെയും ന്യായീകരിച്ച് പുസ്തകം. വിവാദ പ്രാസംഗികനായ ഡോ. ശക്കീര്‍ നായികിന്റെ ‘തീവ്രവാദം ഒരു മുസ്ലീം കുത്തകയോ’ എന്ന പുസ്തകത്തിലാണ് മുസ്ലീം ഭീകരവാദത്തെയും കാശ്മീര്‍ വിഘടനവാദത്തെയും ന്യായീകരിക്കുന്നത്. മഞ്ചേരിയില്‍ നിന്നുള്ള ഇന്‍സാഫ് പബ്ലിക്കേഷന്‍സ് പുറത്തിറക്കിയ പുസ്തകം കോഴിക്കോട് ടൗണ്‍ഹാളില്‍ ദവ ബുക്ക്സ് സംഘടിപ്പിച്ച പുസ്തകമേളയിലാണ് വില്‍ക്കുന്നത്. എം.എം. അക്ബറിന്റെ നേതൃത്വത്തിലുള്ള നീഷ് ഓഫ് ട്രൂത്ത് ആണ് ഇതിന് പിന്നില്‍.
” തീവ്രവാദത്തിന്റെ പ്രധാന കാരണം അനീതിയും ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തോട് ചെയ്യുന്ന അക്രമവുമാണ്. കശ്മീരിലും പലസ്തീനിലും നാം കാണുന്നത് അത് തന്നെയാണ്. എന്തുകൊണ്ടാണ് അവര്‍ അക്രമികളാവുന്നത്? അവരുടെ അവകാശങ്ങളെയും സ്വാതന്ത്ര്യത്തേയും വകവെച്ചു കൊടുക്കാതെ വരുമ്പോള്‍ അവര്‍ ആക്രമണത്തിന്റെ പാതയിലേക്ക് വരുന്നു. ഈ സമയത്ത് അവരെ എതിര്‍ക്കുന്നവര്‍ അവരെ തീവ്രവാദികളെന്ന് മുദ്രകുത്തുന്നു.
നാം ഇന്ത്യക്കാര്‍ ഭഗത്സിംഗിനെ സ്വതന്ത്ര്യപ്പോരാളി എന്ന് വിളിക്കുന്നു. എന്നാല്‍ ബ്രിട്ടീഷുകാര്‍ തീവ്രവാദി എന്ന് വിളിക്കുന്നു. തീവ്രവാദം എന്നത് കാലത്തിനും സന്ദര്‍ഭത്തിനും സ്ഥലത്തിനുമനുസരിച്ച് മാറിക്കൊണ്ടേയിരിക്കും. അതിന്റെ പ്രധാന കാരണം അനീതി തന്നെയാണ്” പുസ്തകം തുടരുന്നു. ലോകചരിത്രത്തില്‍ ഏറ്റവുമധികം ലഹളയും സംഘര്‍ഷങ്ങളും നടന്നത് ഇന്ത്യയിലാണെന്നും ശക്കീര്‍ പറയുന്നു. കാര്‍ഗിലില്‍ നടക്കുന്നതിനെയും ശക്കീര്‍ പുസ്തകത്തില്‍ ന്യായീകരിക്കുകയാണ്.
വന്ദേമാതരം മുസ്ലീങ്ങള്‍ക്ക് പാടാനാകില്ലെന്നും ഉറപ്പിച്ചു പറയുന്നു. ഇതരമതങ്ങളെ നികൃഷ്ടമായി ചിത്രീകരിച്ചു കൊണ്ട് എം.എം.അക്ബര്‍ നീഷ് ഓഫ് ട്രൂത്തിന്റെ പേരില്‍ നടത്തുന്ന പ്രസംഗങ്ങള്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. പുസ്തകമേളയില്‍ വില്‍ക്കുന്ന ഹൈന്ദവ ധര്‍മ്മവും ദര്‍ശനവും എന്ന തന്റെ പുസ്തകത്തിലൂടെ ഭാരതീയ ദര്‍ശനങ്ങളെ അതിനിശിതമായി വിമര്‍ശിക്കുകയും വളച്ചൊടിക്കുകയും ചെയ്യുകയാണ് അക്ബര്‍. ശ്രുതികളും സ്മൃതികളും ബ്രാഹ്മണാധിപത്യം ഉറപ്പിക്കാനാണ് എന്നും പരമ്പരാഗതമായ വിശ്വാസചാരങ്ങളോ ദേശീയ ചിന്തകളോ മനുഷ്യരെ വിജയത്തിലേക്ക് എത്തിക്കില്ലെന്നും പിന്തുടരേണ്ടത് പ്രവാചക പാതയാണെന്നും അക്ബര്‍ പറയുന്നു. ദര്‍ശന പബ്ലിക്കേഷന്‍സിന്റെ പുസ്തകമായ ആര്‍ഷഭാരതം സങ്കല്‍പ്പവും യാഥാര്‍ത്ഥ്യവും എന്ന പുസ്തകത്തില്‍ ആര്‍ഷഭാരതത്തിലെ ജീവിതരീതി പ്രാകൃതസമൂഹത്തിന്റേതായിരുന്നുവെന്ന് സൂചിപ്പിക്കുന്നു.
19 പേര് മുസ്ലീം മതം സ്വീകരിച്ചതിനെക്കുറിച്ചുള്ള മറ്റൊരു പുസ്തകവും വില്‍പ്പനയിലുണ്ട്. അന്യമത വിദ്വേഷവും വര്‍ഗീയതയും പ്രചരിപ്പിക്കുന്ന പുസ്തകങ്ങളാണ് ഇസ്ലാമിന്റെ പേരില്‍ ഇവിടെ വിറ്റഴിക്കപ്പെടുന്നത്.
എം. ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: