ആറന്മുള : ജനങ്ങളെ കുടിയൊഴിപ്പിച്ച് സംസ്കാരം നശിപ്പിച്ച് കച്ചവട താത്പര്യം സംരക്ഷിക്കുന്നതിനായി നവ കൊളോണിയല്‍ ശക്തി നടത്തിയ ഗൂഢ തന്ത്രമാണ് ആറന്മുള വിമാനത്താവളമെന്ന് മുന്‍ കേന്ദ്ര മന്ത്രി ഒ. രാജഗോപാല്‍ അഭിപ്രായപ്പെട്ടു. ആറന്മുള വിമാനത്താവള വിരുദ്ധ ഏകോപന സമിതി സംഘടിപ്പിച്ചിരിക്കുന്ന അനിശ്ചിതകാല സത്യാഗ്രഹത്തിന്റെ അറുപത്തി രണ്ടാം ദിവസം സത്യഗ്രഹം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു ഒ. രാജഗോപാല്‍. പൂര്‍ണ്ണമായും ആറന്മുള പദ്ധതിയെപ്പററി പഠിച്ചതില്‍ നിന്ന് കേരളം കണ്ട ഏറ്റവും വലിയ നിയമ ലംഘനങ്ങളാണ് നടന്നിരിക്കുന്നതെന്ന് ബോധ്യപ്പെട്ടു. നിയമങ്ങളും ചട്ടങ്ങളും സംരക്ഷിക്കേണ്ട സര്‍ക്കാര്‍ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് സ്വകാര്യകമ്പനിക്കുവേണ്ടി നിയമ ലംഘനങ്ങള്‍ നടത്തുകയാണ്. ഭാരതീയ ജനതാ പാര്‍ട്ടി കേന്ദ്രഭരണത്തിലെത്തിയാല്‍ വിമാനത്താവളത്തിന് നല്കിയ എല്ലാ അനുമതികളും റദ്ദാക്കുമെന്ന് ആറന്മുളയിലെ സത്യഗ്രഹികള്‍ക്ക് ഉറപ്പുനല്‍കുന്നതായി ഒ.രാജഗോപാല്‍ പറഞ്ഞു.
ഏതു രാഷ്ട്രീയമാണെങ്കിലും മതമാണെങ്കിലും നമ്മള് സംരക്ഷിക്കേണ്ടത് നാടിന്റെ സംസ്കാരമാണെന്ന് സത്യാഗ്രഹത്തില്‍ അദ്ധ്യക്ഷത വഹിച്ച സംസ്ഥാന പാഠപുസ്തക സമിതിയംഗം കവയത്രി ഹസീന എസ്. കാനം അഭിപ്രായപ്പെട്ടു. പ്രകൃതിയുടെ സൂക്ഷിപ്പുകാരാണ് നമ്മള്. ഇതിനു കേടുവരുത്താതെ വരും തലമുറക്ക് കൈമാറുകയാണ് നമ്മുടെ ഉത്തരവാദിത്തം. ഈ ഉത്തരവാദിത്തം ആറന്മുളയില് കൂടി കേരളം ഏറ്റെടുക്കുന്നു എന്നുളളതാണ് ആറന്മുള സമരത്തിന്റെ പ്രത്യേകത എന്നും ഹസീന അഭിപ്രായപ്പെട്ടു.
ധനമോഹികളായ മൂലധന ശക്തികളുടെ ചൂട്ടുപിടുത്തക്കാരായി ഭരണാധികാരികള്‍ മാറിയെന്നുള്ളതിന്റെ ഉത്തമ ഉദാഹരണമാണ് ആറന്മുള പദ്ധതിയെന്ന് ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. വിജയകുമാര്‍ അഭിപ്രായപ്പെട്ടു.
വിമാനത്താവള വിരുദ്ധ ഏകോപനസമിതി കണ്‍വീനര്‍ പി ഇന്ദുചൂഡന് സ്വാഗതം പറഞ്ഞു. തൊടുപുഴ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ റ്റി.എസ്.രാജന്, ഹിന്ദു ഐക്യവേദി സംസ്ഥാന സംഘടന സെക്രട്ടറി സി.ബാബു, സിപിഐ എംഎല് റെഡ് ഫ്ലാഗ് ജില്ല സെക്രട്ടറി എം. സജി, സ്വാമി സ്വയം പ്രഭാനന്ദമയി സരസ്വതി , ആറന്മുള വിജയകുമാര്‍ , അരുണ്‍ രാജ് , കെ.ഐ. ജോസഫ് എന്നിവര്‍ സംസാരിച്ചു. തിങ്കളാഴ്ച അംബേദ്കര്‍ ജന്മദിനാചരണ സമര ഐക്യദാര്‍ഢ്യ കവി സമ്മേളനം പന്തലില്‍ സംഘടിപ്പിക്കും. കവി കല്ലറ അജയന് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: