പാലക്കാട്: നാനൂറിലധികം ക്ഷേത്രങ്ങള്‍ ഉള്ള കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ പ്രധാന ക്ഷേത്രങ്ങളില്‍ സ്ട്രോങ്ങ് റൂമുകള്‍ നിര്‍മ്മിക്കണമെന്ന ബോര്‍ഡ് തിരുമാനം കടലാസിലൊതുങ്ങുന്നു. ഏറെ വിലപ്പിടിപ്പുള്ള തിരുവാഭരണം അടക്കമുള്ളവ തീരെ സുരക്ഷിതമല്ലാതെയാണ് സുക്ഷിക്കുന്നത്. ഇതേ കുറിച്ച് വ്യാപകമായ പരാതികള്‍ ഉയരുകയും പലയിടങ്ങളിലും വന്‍ കവര്‍ച്ചകളും നടന്നതിന്റെ പശ്ചാത്തലത്തിലാണ് എതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ട്രോങ്ങ് റൂമുകള്‍ നിര്‍മ്മിക്കാന്‍ തിരുമാനിച്ചത്. എന്നാല്‍ നാളിതുവരെയായിട്ടും ഇതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടില്ല. എതാനും ദിവസങ്ങള്‍ക്ക് മുമ്പ് കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ കാണിക്കപണം മോഷണം പോയത് യാതൊരു സുരക്ഷയുമില്ലാത്തതിനാലാണ്. പ്രതിയെ പിടികൂടിയെങ്കിലും മുഴുവന്‍ പണവും കണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല.
അതും പ്രതിയെ പിടികൂടാന്‍ സാധിച്ചത് നോട്ടുകളിലെ മഞ്ഞ പ്രസാദം ഉള്ളത് കൊണ്ടാണ്. തൃപ്രയാര്‍ ശ്രീരാമ സ്വാമി ക്ഷേത്രത്തില്‍ ഒരു കോടിയോളം രൂപ വില വരുന്ന സാധനങ്ങള്‍ കവര്‍ന്ന് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ഇതുവരെ പ്രതികളെ പിടികൂടാന്‍ സാധിച്ചിട്ടില്ല. സംസ്ഥാനത്ത് ക്ഷേത്ര കവര്‍ച്ചകള്‍ തടയുന്നതിനായി രൂപികരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രവര്‍ത്തനവും ഇപ്പോള്‍ നിര്‍ജ്ജീവമാണ്. ചോറ്റാനിക്കര മുതല്‍ പാലക്കാട് വരെയുള്ള ഭാഗങ്ങളിലാണ് ബോര്‍ഡിന്റെ ക്ഷേത്രങ്ങള്‍ ഭൂരിഭാഗവും ഉള്ളത്. സ്ട്രോങ്ങ് റൂം നിര്‍മ്മാണത്തിനുള്ള നടപടികള്‍ നടന്നുകൊണ്ടിരിക്കയാണെന്ന് ബോര്‍ഡ് അധികൃതര്‍ പറയുന്നു. ജീവനക്കാരുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിപ്പിക്കുമ്പോഴും ക്ഷേത്രങ്ങളില്‍ അടിസ്ഥാന സൗകര്യം ഒരുക്കുന്നതില്‍ ബോര്‍ഡ് തികഞ്ഞ അലംഭാവമാണ് കാണിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട ക്ഷേത്രങ്ങളില്‍ ശൗച്യാലയങ്ങള്‍ നിര്‍മ്മിക്കുമെന്ന തിരുമാനവും പ്രഖ്യാപനത്തില്‍ ഒതുങ്ങിയിരിക്കയാണ്.
കൃഷ്ണകുമാര്‍ ആമലത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: