ആറന്മുള: വിമാനത്താവളമെന്ന വന്‍കിട പദ്ധതിയുടെ മറവില്‍ ഒരു സംസ്ക്കാരത്തെ നശിപ്പിക്കാനുള്ള ഗൂഢശ്രമമാണ് ആറന്മുളയില് നടക്കുന്നതെന്ന് ബസവേശ്വര സമിതി സംസ്ഥാന പ്രസിഡന്റ് കെ. പ്രസന്നകുമാര്‍ അഭിപ്രായപ്പെട്ടു. വിമാനത്താവള പദ്ധതിക്കെതിരേ ആറന്മുളയില് നടക്കുന്ന അനിശ്ചിതകാല സത്യാഗ്രഹത്തിന്റെ അറുപത്തിയൊന്നാം ദിവസം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യസുരക്ഷയെപ്പോലും ചോദ്യം ചെയ്യുന്ന വിമാനത്താവള പദ്ധതിക്കെതിരെ ആറന്മുളയില് നടക്കുന്ന സത്യഗ്രഹം ബഹുമുഖങ്ങളോടുകൂടിയുള്ളതാണ്. അതിജീവിനത്തിനുവേണ്ടിയുള്ള ആറന്മുള സമരം വിജയിക്കുകതന്നെ ചെയ്യുമെന്നും പ്രസന്നകുമാര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ലോകസഭാ മണ്ഡലം ഏറ്റവുമധികം ചര്‍ച്ച ചെയ്ത ആറന്മുള വിമാനത്താവള പദ്ധതി നിയമ ലംഘനങ്ങളുടെ വികസനത്തെയാണ് പ്രതിനിധീകരിക്കുന്നതെന്ന് ജനങ്ങള്‍ക്ക് ബോധ്യമായതായി മുഖ്യപ്രഭാഷണം നടത്തിയ അഡ്വ. പീലിപ്പോസ് തോമസ് അഭിപ്രായപ്പെട്ടു. ആറന്മുള സമരം ഗുരുവായൂര്‍ സത്യഗ്രഹം പോലെ ചരിത്രത്തില്‍ സ്ഥാനം പിടിച്ചു കഴിഞ്ഞതായും എതിര്‍ത്തു നിന്നവര്‍ പോലും ആശയമുള്‍ക്കൊണ്ട് സമരപന്തലിലേക്ക് എത്തുന്നു എന്നുള്ളതാണ് സമരത്തിന്റെ പ്രത്യേകതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്കായി ഭരണകൂടം മാറിയിരിക്കുന്നു എന്നും കേരളത്തിലെ മുഴുവന്‍ ഭൂമിയും ഇന്ന് ലോബികള്‍ക്കുവേണ്ടി ഭരണാധികാരികള്‍ നിയമലംഘനങ്ങളിലൂടെ കൈമാറ്റം ചെയ്യുകയാണെന്നും സമാപന സമ്മേളത്തില്‍ സംസാരിച്ച ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികല ടീച്ചര്‍ അഭിപ്രായപ്പെട്ടു. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ആര്.വി. ബാബു, കേരള ബ്രാഹ്മണ സഭാ സംസ്ഥാന സമിതി അംഗം എന്‍. ഹരിഹര അയ്യര്‍, പശ്ചിമഘട്ട സംരക്ഷണ സമിതി അംഗം പി.കെ. വിജയന്, സിപിഐ. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അജിത് കുറുന്താര്‍ , കെ.റ്റി. സുരേഷ്, ആറന്മുള വിജയകുമാര്‍, കെ.ഐ. ജോസഫ്, പി.ആര്. ഷാജി എന്നിവര്‍ സംസാരിച്ചു.
അറുപത്തിരണ്ടാം ദിവസമായ ഇന്ന് സത്യഗ്രഹം മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ ഉദ്ഘാടനം ചെയ്യും. ബിഎംഎസ്. സംസ്ഥാന ഉപാദ്ധ്യക്ഷന്‍ വിജയകുമാര്‍ അദ്ധ്യക്ഷത വഹിക്കും. യുവകവയത്രി ഹസീന കാസിം പ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: