ആലപ്പുഴ: നെല്ലിന്റെ സംഭരണ വില നല്‍കുന്നത് വൈകിപ്പിച്ച് സര്‍ക്കാര്‍ കര്‍ഷകരെ ദ്രോഹിക്കുന്നു. പുഞ്ചക്കൊയ്ത്ത് അവസാനിക്കാറായ സാഹചര്യത്തില്‍ കുട്ടനാട്ടിലെ കര്‍ഷകര്‍ക്ക് 200 കോടിയോളം രൂപയാണ് സപ്ലൈകോ നല്‍കാനുള്ളത്. ആലപ്പുഴ ജില്ലയിലെ കര്‍ഷകര്‍ക്ക് മാത്രം 115 കോടിയോളം നല്‍കാനുണ്ട്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഫണ്ട് അനുവദിക്കാത്തതാണ് പ്രശ്നം സൃഷ്ടിക്കുന്നതെന്ന് സപ്ലൈകോ അധികൃതര്‍ പറയുന്നു.
ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന അഖില കുട്ടനാടന്‍ മേഖലകളില്‍ ഇനി 25 ശതമാനത്തില്‍ താഴെ മാത്രമെ കൊയ്ത്ത് പൂര്‍ത്തിയാകാനുള്ളു. ഈ മാസാവസാനത്തോടെ ഇവിടങ്ങളില്‍ കൊയ്ത്ത് പൂര്‍ത്തിയാകും.പ്രതികൂല കാലാവസ്ഥയെ വരെ നേരിട്ട് കൃഷി ചെയ്ത കര്‍ഷകര്‍ക്ക് നെല്‍വില യഥാസമയം ലഭിക്കാത്തത് ഏറെ ബുദ്ധിമുട്ടായിരിക്കുകയാണ്. കൊള്ളപ്പലിശയ്ക്ക് കടം വാങ്ങിയും സ്വര്‍ണ്ണം പണയം വെച്ചുമാണ് പല കര്‍ഷകരും ഇത്തവണ കൃഷിയിറക്കിയത്. നെല്‍വില എത്രയും വേഗം ലഭിച്ചില്ലെങ്കില്‍ നാട്ടില്‍ നില്ക്കാന് കഴിയാത്ത അവസ്ഥയുണ്ടാകുമെന്ന് കര്‍ഷകര്‍ പറയുന്നു. എല്ലാ വര്‍ഷവും ഇത്തരത്തിലുള്ള ദുരനുഭവമാണ് കര്‍ഷകര്‍ക്ക് നേരിടേണ്ടി വരുന്നത്. അതിനിടെ വര്‍ധിപ്പിച്ച നെല്‍ വില ഭൂരിപക്ഷം കര്‍ഷകര്‍ക്കും ലഭിച്ചില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. നെല്ലിന്റെ സംഭരണ വില കിലോഗ്രാമിന് 18 രൂപയില്‍ നിന്ന് 19 രൂപയായി വര്‍ധിപ്പിച്ചെന്ന് മാര്‍ച്ച് മൂന്നിനാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.
സര്‍ക്കാര്‍ വില വര്‍ധിപ്പിച്ചതായുള്ള ഉത്തരവ് ലഭിക്കാന്‍ കാലതാമസം ഉണ്ടായപ്പോള്‍ അതിന് മുമ്പ് സംഭരിച്ച നെല്ലിന്റെ വില നല്കുന്നതിലാണ് സപ്ലൈകോക്ക് ആശയകുഴപ്പമുണ്ടായത്. രാസവളങ്ങളുടെയും കീടനാശിനികളുടെയും വില വര്‍ധനവും കൂലി വര്‍ധനവും മൂലം ഉല്പാദന ചെലവ് ഗണ്യമായി കൂടിയ സാഹചര്യത്തില്‍ നെല്‍വില കിലോഗ്രാമിന് 25 രൂപയായെങ്കിലും വര്‍ധിപ്പിക്കണമെന്ന് കര്‍ഷകര്‍ ആവശ്യമുന്നയിക്കുന്ന സാഹചര്യത്തിലാണ് കേവലം ഒരു രൂപയുടെ മാത്രം വര്‍ധനവുണ്ടായത്. ഇതും യഥാസമയം കൊടുക്കാതെ സര്‍ക്കാര്‍ ദ്രോഹിക്കുകയാണെന്ന് കര്‍ഷകര്‍ പരാതിപ്പെടുന്നു.
പി.ശിവപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: