തിരുവനന്തപുരം: കേരളത്തിലിത് മാമ്പഴക്കാലം. കൊതിയൂറുന്ന മാമ്പഴങ്ങള്‍ പഴക്കടകളില്‍ നിറയുന്നു. നഗര, ഗ്രാമ വ്യത്യാസമില്ലാതെ മലയാളി പഴക്കടകളില്‍ നിന്ന് മാമ്പഴം വാങ്ങി കഴിക്കുന്നത് ശീലമായി. മുമ്പ് മീനം, മേടം മാസങ്ങളില്‍ മാമ്പഴമില്ലാത്ത വീടുകളുണ്ടായിരുന്നില്ലെങ്കില് വീട്ടു വളപ്പുകളില്‍ നിന്ന് മാവുകള്‍ അന്യമായപ്പോള്‍ മാമ്പഴക്കാലം ഗൃഹാതുരമായ ഓര്‍മ്മയായി. മാമ്പഴരുചിക്കായി അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന മാമ്പഴങ്ങളെ ആശ്രയിക്കേണ്ടി വന്നു. എന്നാല്‍ മാമ്പഴങ്ങള്‍ക്കൊപ്പം മലയാളി കഴിച്ചുകൊണ്ടിരിക്കുന്നത് കൊടിയ വിഷം. വിവിധ റിപ്പോര്‍ട്ടുകള്‍ ഇതിന്റെ ഭീകരാവസ്ഥ ചൂണ്ടിക്കാട്ടിയിട്ടും സര്‍ക്കാര്‍ തലത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ ഫലപ്രദമാകുന്നില്ല. വിപണിയില്‍ വിഷം പുരട്ടിയ പഴവര്‍ഗ്ഗങ്ങള്‍ സുലഭമാകുന്നു.
ഗ്യാസ് വെല്‍ഡിംഗിന് ഉപയോഗിക്കുന്ന കാര്‍ബൈഡ് പൊടിയും ഇത്തഡോണ്‍ എന്ന രാസവസ്തുവുമാണ് മാങ്ങപഴുപ്പിക്കാന് പ്രധാനമായും ഉപയോഗിക്കുന്നത്. വേഗത്തില്‍ പഴുപ്പിക്കാന്‍ വേണ്ടി ഇത്തഡോണ്‍, എത്തിഫോണ്‍ എന്നീ പേരുകളില്‍ വിപണിയില്‍ ലഭ്യമാകുന്ന രാസപദാര്‍ഥം പച്ചമാങ്ങയില്‍ സ്പ്രേ ചെയ്യുകയാണ്. ക്യാന്‍സറടക്കം മാരകമായ രോഗങ്ങള്‍ക്ക് കാരണമാകുന്ന രാസവസ്തുവാണ് പഴുപ്പിക്കുന്നതിനായി ഉപയോഗിക്കുന്നത്. നേരത്തെ കാല്‍സ്യം കാര്‍ബൈഡ് ഉപയോഗിച്ചാണ് മാങ്ങ പഴുപ്പിച്ചിരുന്നത്. ഇതിനായി പ്രത്യേക ഗോഡൗണും സമയവും വേണ്ടിയിരുന്നു. പുതിയ രീതിയില്‍ മാങ്ങ പഴുപ്പിച്ചെടുക്കാന്‍ നാലുമണിക്കൂര്‍ മതിയാകും. തമിഴ്നാട്ടില്‍നിന്ന് ദിവസവും നൂറുകണക്കിന് ലോഡ് മാങ്ങകളാണ് കേരളത്തില്‍ എത്തുന്നത്.
വൈകിട്ടെത്തുന്ന മാങ്ങ രാവിലെ വില്‍പ്പനയ്ക്കെത്തും. പച്ചമാങ്ങ അടുക്കിവയ്ക്കുന്ന പെട്ടിക്കുള്ളില്‍ കാര്‍ബൈഡ് പൊടി വിതറി വെള്ളം തളിച്ചശേഷം അടച്ചു കെട്ടുന്നു. കാര്‍ബൈഡും വെള്ളവും രാസപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയും അസെറ്റിലിന്‍ വാതകവും പലതരം ഓക്സൈഡുകളും രൂപം കൊള്ളുന്നു. കടുത്ത ചൂടോടെ ഓക്സൈഡുകള്‍ പച്ചമാങ്ങയില്‍ പ്രവേശിക്കുന്നതോടെയാണ് മാങ്ങ പഴുക്കുന്നത്. പത്തുമണിക്കൂറുകൊണ്ട് പച്ചമാങ്ങകളെ ഈ വിധം പഴുപ്പിച്ചെടുക്കാനാവും.
മാമ്പഴത്തിലൂടെ ശരീരത്തില്‍ പ്രവേശിക്കുന്ന കാര്‍ബൈഡ് മാരകമായ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും രക്തചംക്രമണത്തെയും ഇത് കാര്യമായി ബാധിക്കും. മാമ്പഴത്തിലൂടെ ഉള്ളില്‍ ചെല്ലുന്ന കാര്‍ബൈഡ് വയറ്റില്‍ പഴുപ്പുണ്ടാക്കാനുള്ള സാധ്യത ഏറെയാണ്. ആന്തരിക രക്തസ്രാവത്തിനും കടുത്ത രക്തസമ്മര്‍ദ്ദത്തിനും ഇത് കാരണമാകുമെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
മാങ്ങയും മേറ്റ്ല്ലാ പഴങ്ങളും സ്വയം ഉത്പ്പാദിപ്പിക്കുന്ന എത്തിലീന്റെ സഹായത്താലാണ് പഴുത്തു പാകമാകുന്നത്. എന്നാല്‍ മൂപ്പെത്തുന്നതിന് മുമ്പ് പറിക്കുന്ന പഴങ്ങളില്‍ എത്തിലീന്‍ ഉല്‍പ്പാദിപ്പിക്കപ്പെടില്ല. അതിനാലാണ് കാര്‍ബൈഡ് ഉപയോഗിച്ച് കൃത്രിമമായി പഴുപ്പിക്കുന്നത്. കൃത്രിമമായി പഴുപ്പിക്കുമ്പോഴുണ്ടാകുന്ന രാസപദാര്‍ത്ഥങ്ങള്‍ നാഡീസംബന്ധമായ മാരകരോഗങ്ങളും സൃഷ്ടിക്കുന്നു. കുട്ടികളെയാണിത് വേഗത്തില്‍ ബാധിക്കുന്നത്.
പാലക്കാട്ടുനിന്നും തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളില്‍നിന്നും കേരളത്തിലെത്തിക്കുന്ന പച്ചമാങ്ങകള്‍ പഴുപ്പിക്കുന്നതിനായി നൂറിലധികം ഗോഡൗണുകള്‍ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തിലെ പലയിടങ്ങളിലും ഇത്തരത്തില്‍ കൃത്രിമമായി മാങ്ങ പഴുപ്പിക്കുന്നതിനുള്ള സംവിധാനമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും നടപടിയെടുക്കാന്‍ ഭക്ഷ്യസുരക്ഷാവിഭാഗം മടിക്കുകയാണ്. മീനം, മേടമാസങ്ങളില്‍ കോടികള്‍ മറിയുന്ന വിപണിയായതിനാല്‍ ഇതിനു പിന്നില്‍ വലിയതോതില്‍ മാഫിയകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരുടെ സമ്മര്‍ദ്ദത്തിനു മുന്നില്‍ ഉദ്യോഗസ്ഥര്‍ വഴങ്ങുകയാണ്.
പഴങ്ങളിലും മറ്റും വിഷംകലര്ത്തുന്നത് കണ്ടെത്താനും നടപടികളെടുക്കാനും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക സ്ക്വാഡ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇവരുടെ പ്രവര്‍ത്തനം കാര്യക്ഷമമാകുന്നില്ല. രാസപദാര്‍ത്ഥങ്ങള്‍ പുരട്ടിയ മാമ്പഴങ്ങള്‍ അതിര്‍ത്തി കടന്നുവരുന്നത് തടയാനും സംവിധാനമില്ല. വിഷുവിന് മാമ്പഴപുളിശേരിക്കും മധുരമാങ്ങ കഴിക്കാനും വിപണിയില്‍ നിന്ന് മാങ്ങാ വാങ്ങാമെന്ന് തീരുമാനിക്കാന്‍ വരട്ടെ. അതില്‍ അടങ്ങിയിരിക്കുന്നത് കൊടിയ വിഷമാണെന്ന് മറക്കാതിരിക്കുക.
ആര്. പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: