അലഹാബാദില്‍ പരാജയപ്പെട്ടെങ്കിലും ആഗ്ലോ അമേരിക്കന്‍ ലോബിയുടെ പരിശ്രമം നിശ്ശബ്ദമായി തുടര്‍ന്നു. ഓരോ ഭാരതീയ ഭാഷയിലുമുള്ള പ്രസിദ്ധരായ പണ്ഡിതരെയും സാഹിത്യനായകരെയും അവരറിയാതെ തന്നെ തങ്ങള്‍ക്കു വിധേയരാക്കുകയായിരുന്നു പുതിയ തന്ത്രം. അക്കാദമികളിലും സര്‍വകലാശാലകളിലും ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടുകളിലും കേന്ദ്ര സിവിള്‍ സര്‍വീസിലും ഗവണ്മെന്റുകളിലും അപ്രത്യക്ഷമെങ്കിലും പ്രബലമായ സ്വാധീനമുണ്ടായിരുന്നതുകൊണ്ട് പുരസ്കാരങ്ങളും ബിരുദങ്ങളും നിയമനങ്ങളും പ്രസംഗ പര്യടനങ്ങളും വിദേശയാത്രകളും ഏര്‍പ്പാടാക്കിക്കൊടുക്കാന്‍ ഈ ലോബിക്ക് എളുപ്പമായിരുന്നു. ഭാരതീയ സാഹിത്യകൃതികള്‍ ഇംഗ്ലീഷിലാക്കി ഭാരതീയര്‍ക്കു തന്നെ വിറ്റ് വന്‍തുക സമ്പാദിക്കുകയും അതിന്റെ ഒരു പങ്ക് റോയല്‍റ്റിയായി മൂലകൃതി രചിച്ചവര്ക്കുകൊടുക്കുന്നതും ഒരു തന്ത്രമായി അവര്‍ വിജയപൂര്‍വ്വം നടപ്പിലാക്കി. ഈ വിദ്യകളുപയോഗിച്ച് കേരളത്തില്‍ ഇടതുപക്ഷവുമായി ബന്ധമുള്ള മൂന്നുനാലു പണ്ഡിതരെ ഈ ലോബി സ്വാധീനിച്ചു. ഇവരാരും ഭാഷാ സ്നേഹമില്ലാത്തവരോ ദേശസ്നേഹമില്ലാത്തവരോ സ്വാര്‍ത്ഥമതികളോ വിദേശലോബിയുടെ ഏജന്റുമാരോ അല്ല. സമര്‍ത്ഥമായ വാണിജ്യ തന്ത്രത്തിന്റെ മസ്തിഷ്ക പ്രക്ഷാളനത്തിനു വഴങ്ങിപ്പോയി എന്നേയുള്ളൂ.
കേരളത്തില്‍ ഈ എം. ശങ്കരന്‍നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായി രാജ്യം ഭരിക്കുന്ന കാലത്ത് ഈ സാഹിത്യനായകന്മാര് മലയാളഭാഷ അച്ചടിക്കാനും എഴുതാനും ടൈപ്പുചെയ്യാനുമുള്ള വൈഷമ്യം മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തി. ശുദ്ധഗതിക്കാരനായ മുഖ്യമന്ത്രി അനുഭാവികളായ പണ്ഡിതന്മാര് പറയുന്നത് വിശ്വസിക്കുകയും ചെയ്യും.
ഭാഷകള്‍ അച്ചടിക്കാനും ടൈപ്പുചെയ്യാനും തുനിയുമ്പോള്‍ അതിനുവേണ്ട സാങ്കേതികവിദ്യ സ്വാഭാവികമായി ഉരുത്തിരിയും. ഇംഗ്ലീഷ് ഭാഷ ടൈപ്പുചയ്യാന്‍ ഉണ്ടാക്കിയ ടൈപ്പ്റൈറ്ററില്‍ മലയാളം ടൈപ്പുചെയ്യാന്‍ എളുപ്പമല്ല. അതിനു പരിഹാരം ഭാഷയുടെ ഏതെങ്കിലും ഭാഗം ചെത്തിക്കളയലല്ല. ടൈപ്പുചെയ്യാനും അച്ചടിക്കാനും ഉള്ള ക്ലേശം എല്ലാ ഭാരതീയ ഭാഷകള്‍ക്കുമുണ്ട്. മലയാളികളൊഴിച്ചുള്ള ഭാരതീയര്‍ അവരുടെ ലിപി നശിപ്പിക്കാതെ അച്ചടിക്കുകയും ടൈപ്പുചെയ്യുകയുമൊക്കെ നടത്തുന്നുണ്ട്. മാതൃഭാഷയെ ബഹുമാനിക്കാനറിയാത്ത മലയാളിയുടെ ബുദ്ധിപരമായ അടിമത്തം നടപ്പിലായ കഥ പരിശോധിക്കാം.
1967 ലാണെന്നോര്‍മ്മ, മലയാളപത്രങ്ങളില്‍ മലയാളലിപികളുടെ എണ്ണം കുറയ്ക്കാനായി ഒരു വിദഗ്ദ്ധ സമിതിയെ നിയമിക്കാന്‍ ഗവണ്മെന്റ് ആലോചിക്കുന്നതായി ഒരു വാര്‍ത്ത കണ്ടു. അക്കാലത്ത് ഞാന്‍ മലയാളം ലെക്ലിക്കണില് അസിസ്റ്റന്റ് എഡിറ്ററായി ജോലിചെയ്യുകയാണ്. ലെക്സിക്കണില്‍ എഡിറ്ററും എന്റെ ഗുരുവുമായ ഡോ. ശൂരനാട് കുഞ്ഞന്‍ പിള്ളയെ ഇന്ഡോമാനിയാക് എന്നു പരിഹരിച്ച അമേരിക്കന്‍ ഭാഷാ ശാസ്ത്രജ്ഞന് കേരളീയരെയാകെ അധിക്ഷേപിച്ചു കൈകൊട്ടി ചിരിക്കുന്നതായി എനിക്കു തോന്നി. ലിപി പരിഷ്ക്കരണം ഭാഷയ്ക്കു ദോഷം ചെയ്യുമെന്നും ആവശ്യമില്ലാത്ത ഈ ഉദ്യമം ഉപേക്ഷിക്കണമെന്നും സ്ഥാപിക്കുന്ന ഒരു ലേഖനം ഒരു പ്രമുഖ ദിനപത്രത്തില്‍ ഞാന്‍ പ്രസിദ്ധപ്പെടുത്തി. അച്ചടിക്കാനും ടൈപ്പുചെയ്യാനുമുള്ള വൈഷമ്യങ്ങള്‍ താല്‍ക്കാലികമാണെന്നും കമ്പ്യൂട്ടര്‍ ഉപയോഗിച്ച് അച്ചടിയും ടൈപ്പ്റൈറ്റിംഗും ഏകോപിപ്പിക്കുന്ന സങ്കേതം അതിവേഗത്തില്‍ പ്രചരിക്കുകയാണെന്നും ഭാഷാസമൂഹത്തിന്റെ സജീവ പ്രതീകമാകയാല്‍ അതിനുചേരുന്ന സാങ്കേതികവിദ്യ താനേ ഉണ്ടാകുമെന്നും ആലേഖനത്തില്‍ ഞാന്‍ പറഞ്ഞിരുന്നു. ഈ ലേഖനത്തിന്റെ ഒരു പകര്‍പ്പ് ഞാന്‍ മുഖ്യമന്ത്രിക്കും അയച്ചുകൊടുത്തിരുന്നു.
ഏതാനും ദിവസം കഴിഞ്ഞു. ലെക്ലിക്കന് എഡിറ്ററായ ശൂരനാടു കുഞ്ഞന്‍പിള്ള അധ്യക്ഷനായി ഒരു പണ്ഡിതസമിതി മലയാളഭാഷയും ലിപി പരിഷ്ക്കരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനായി രൂപീകരിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറത്തുവന്നു. ആ കമ്മറ്റിയില്‍ ലിപിശാസ്ത്രം പഠിച്ച ഒരേ ഒരാള്‍ ഡോ. ശൂരനാടുകുഞ്ഞന്‍ പിള്ള മാത്രമായിരുന്നു. എന്റെ ലേഖനത്തിന്റെ പകര്‍പ്പും ഗവണ്മെന്റ് പരിഷ്ക്കരണസമിതിക്ക് അയച്ചുകൊടുത്തിരുന്നു. സമിതിയുടെ ആദ്യദിവസങ്ങളിലെ ചര്‍ച്ചകളില്‍ ഈ ലേഖനവും ചര്‍ച്ചാവിഷയമായി. എഡിറ്റര്‍ എന്നെ അദ്ദേഹത്തിന്റെ മുറിയില്‍ വിളിപ്പിച്ചു. ബാലകൃഷ്ണന്റെ ലേഖനം വായിച്ചു. ഞാന്‍ അതില്‍ പറയുന്ന കാര്യങ്ങളോടു യോജിക്കുന്നുവെന്നും പറയേണ്ട കാര്യമില്ല. പക്ഷേ ബാലകൃഷ്ണന് ഇതില്‍ ഇടപെടാതിരിക്കുകയാണു ബുദ്ധി. ശക്തരായ ശത്രുക്കളെ ഈ പ്രായത്തില്‍ ഉണ്ടാക്കണോ? ബാലകൃഷ്ണനെ പരിഷ്ക്കരണസമിതി തെളിവെടുക്കാന്‍ വിളിക്കും. എന്തെങ്കിലും പറഞ്ഞു പിന്മാറുക. എനിക്കു പിന്മാറാന് സാധ്യമല്ല. ഗവണ്മെന്റിന്റെ നിര്‍ദ്ദേശം അനുസരിക്കണം. കഴിവുള്ളത്ര ഭാഷയ്ക്കു ദോഷം വരാതെ നോക്കാം എന്ന് അദ്ദേഹം ഉപദേശിച്ചു.
അദ്ദേഹം പറഞ്ഞതുപോലെ സമിതിക്കു മുന്നില്‍ ഹാജരാകാനുള്ള ക്ഷണം കിട്ടി. സമിതിയിലെ ചില അംഗങ്ങള്‍ ക്ഷോഭത്തോടെയാണ് നേരിട്ടത്. ഇങ്ങനെയൊരു പണ്ഡിത സമിതിയെയാണ് എല്പ്പിക്കുന്നതെന്നറിഞ്ഞിരുന്നില്ല. അതുകൊണ്ടെഴുതിപ്പോയതാണ് എന്നൊക്കെ പറഞ്ഞുനോക്കിയിട്ടും ഒരംഗം ശാന്തനായില്ല. അദ്ദേഹം അറിയപ്പെടുന്ന ഒരു സംസ്കൃതപണ്ഡിതനും കൂടിയാണ്. ലെക്സികണില് പ്രധാനപ്പെട്ട ഒരു സ്ഥാനത്തിലിരിക്കുന്ന ബാലകൃഷ്ണന് വാക്കുകളുപയോഗിക്കുമ്പോള്‍ അര്‍ത്ഥം അറിയണ്ടേ കമ്പ്യൂട്ടര്‍ അച്ചടിക്കാനും ടൈപ്പുചെയ്യാനുമുള്ള ഉപകരണമാണോ? എന്ന് അദ്ദേഹം പരിഹസിച്ചു. ഞാന്‍ വളരെ വിനീതനായി അദ്ദേഹത്തോടു പറഞ്ഞു. ഒരു സംസ്കൃതശ്ലോകം ഓര്‍മ്മ വരുന്നതു പറഞ്ഞുകൊള്ളട്ടെ ക്ഷമിക്കണം. അതിന്റെ രണ്ടാം ഭാഗമേ ഓര്‍മ്മ വരുന്നുള്ളൂ അതു പറയാം “ശിരസി മാലിഖ മാലിഖ മാലിഖ” എന്നാണത്. ഞാന്‍ വിനയത്തോടെ യാത്ര പറഞ്ഞുപോന്നു. (അക്കാലത്തെ നിഘണ്ടുകളില്‍ കമ്പ്യൂട്ടര്‍ ഒരു കണക്കുകൂട്ടല്‍ യന്ത്രമാണ്. പിന്നെയുള്ള കാര്യങ്ങള്‍ അദ്ദേഹത്തിനറിയില്ല. മലയാള ലിപി പരിഷ്ക്കരിക്കാനുള്ള കമ്മറ്റിയില്‍ ഭരണസംവിധാനത്തെ സഹായിക്കാനുള്ള പണ്ഡിതനുമാണ്. ശ്ലോകത്തിന്റെ ആദ്യഭാഗം ” അരസികേഷു കവിത്വനിവേദനം” എന്നാണ്. ബാക്കി വായനക്കാര്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ). ഇത്രയും വിവരിച്ചത് മലയാളഭാഷയെയും കേരളത്തെയും ഭാരതത്തെയും സ്നേഹിക്കുന്ന ഒരു പണ്ഡിതന് താനറിയാതെ ഭാഷയെ ദ്രോഹിക്കുന്ന ഒരു പദ്ധതിയുടെ നടത്തിപ്പുകാരനാകുന്നതെങ്ങനെയെന്നു സൂചിപ്പിക്കാനാണ്.
ലിപി പരിഷ്കരണത്തെക്കുറിച്ച് അഭിപ്രായമുള്ളവര്‍ അറിയിക്കണമെന്ന് പരിഷ്ക്കരണസമിതിക്കുവേണ്ടി ഒരു അറിയിപ്പ് റേഡിയോയിലും പത്രങ്ങളിലും ഉണ്ടായിരുന്നു. ആയിരക്കണക്കിന് നിര്‍ദേശങ്ങള്‍ സമിതിക്കു കിട്ടി. ഞാന്‍ അക്കാലത്ത് ലെക്സിക്കണില്‍ എഡിറ്ററുടെ കീഴില്‍ ഗവേഷണവിദ്യാര്‍ത്ഥിയും കൂടി ആയിരുന്നു.
പ്രയോജനപ്പെടുമെന്നുള്ളതുകൊണ്ടാകണം ഈ അഭിപ്രായങ്ങള്‍ പരിശോധിച്ച് ഒരു പ്രബന്ധമായി ക്രോഡീകരിക്കുന്ന ജോലി എല്‍പ്പിച്ചു. അധികംപേരും ലിപിയില്‍ ഒരു മാറ്റവും പാടില്ല എന്നഅഭിപ്രായക്കാരായിരുന്നു. ലിപിശാസ്ത്രം പഠിച്ച് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചവരും ഉണ്ടായിരുന്നു. അത്ഭുതകരമായ കാര്യം ഭാരതത്തിന്റെ പല ഭാഗങ്ങളില്‍നിന്നും കേരളത്തിന്റ എല്ലാഭാഗങ്ങളില്‍ ഒരേ പരിഷ്കരണ നിര്‍ദ്ദേശമടങ്ങിയ നാനൂറിലേറെ അഭിപ്രായങ്ങള്‍ കിട്ടി എന്നതാണ്. മുന്‍പ് സൂചിപ്പിച്ച ആഗ്ലോ അമേരിക്കന്‍ ലോബി സമര്‍ത്ഥമായി നിശ്ശബ്ദമായി പ്രവര്‍ത്തിക്കുന്നതിന്റെ തെളിവായാണ് ഞാന്‍ ഇതിനെ കണ്ടത്. ഇക്കാര്യം ഞാന്‍ ഡോ. ശൂരനാടിന്റെ ശ്രദ്ധയില്‍ പെടുത്തുകയും ചെയ്തു. തുടര്‍ന്നുള്ള ചര്‍ച്ചകളില്‍ പരിഷ്ക്കരണസമിതിയിലെ മൂന്നുനാലംഗങ്ങള് ഈ നിര്‍ദ്ദേശങ്ങളുടെ പകര്‍പ്പുകള്‍ സമിതിേയോഗത്തില് കൊണ്ടുവരികയും അതിനുവേണ്ടി ശക്തമായി വാദിക്കുകയുമുണ്ടായി എന്നു കേട്ടിട്ടുണ്ട്.
ഡോ. ശൂരനാടു കുഞ്ഞന്‍പിള്ള വളരെ ലളിതമായ ചില പരിഷ്ക്കാരങ്ങളാണു നിര്‍ദ്ദേശിച്ചത്. അവയുടെ വിശദാംശങ്ങള്‍ ഈ ലേഖനത്തില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ ചില ലിപി ശാസ്ത്രസാങ്കേതങ്ങള് വിവരിക്കണം. അച്ചടിക്കാന്‍ പ്രത്യേക ടൈപ്പുകളും വേണം പുസ്തകരൂപത്തില്‍ പ്രസിദ്ധപ്പെടുത്തുമ്പോള്‍ അവ ചേര്‍ക്കാം. ശൂരനാടന്‍ വരുത്തിയ മാറ്റങ്ങള്‍ അക്കമിട്ടു പറയാം. വ്യഞ്ജനങ്ങളോടു സ്വരചിഹ്നങ്ങള്‍ ചേര്‍ക്കാന്‍ ഉപയോഗിക്കുന്ന രീതി കഴിവുള്ളിടത്തോളം “ഇ, ഈ” എന്നിവ ചേര്ക്കുന്നപോലെയാക്കുക. 2 കൂട്ടക്ഷരങ്ങളുടെ അവസാനഘടകമായി വരുന്ന “ര, യ” എന്നിവയെ ലിപിയുടെ വലതുവശത്ത് ചിഹ്നങ്ങള്‍കൊണ്ടു രേഖപ്പെടുത്തുക “ക്യ, കൃ എന്നിവപോലെ 3 കൂട്ടക്ഷരങ്ങള്‍ പ്രയോഗം കുറഞ്ഞവയെ പിരിച്ച് അവസാനത്തേതൊഴിച്ചുള്ളവയെ ചന്ദ്രക്കലകൊണ്ട് സ്വരവിമുക്തമെന്ന് അടയാളപ്പെടുത്തുക. മറ്റു മാറ്റങ്ങളൊന്നും ആവശ്യമില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. പരിഷ്ക്കരണസമിതിയില് അമേരിക്കന്‍ ഭാഷാശാസ്ത്രജ്ഞരുടെ വക്താക്കളായിപോയ പണ്ഡിതന് അവര്കൊണ്ടുവന്ന പരിഷ്ക്കാരത്തിനുവേണ്ടി വാദിച്ചെങ്കിലും അധ്യക്ഷന്‍ തന്റെ തീരുമാനത്തില്‍ ഉറച്ചുനിന്നു എന്നാണറിവ്. ഒടുവില്‍ അദ്ദേഹം അധ്യക്ഷസ്ഥാനവും സമിതിയിലെ അംഗത്വവും രാജിവയ്ക്കാന്‍ ഒരുങ്ങിയപ്പോള്‍ എല്ലാവരും അദ്ദേഹത്തിന്റെ തീരുമാനം സ്വീകരിച്ചതായി അഭിനയിച്ചു. ഏകകണ്ഠമായി അംഗീകരിച്ച പരിഷ്ക്കരിച്ച ലിപിമാലയടങ്ങിയ റിപ്പോര്‍ട്ട് 1968 മാര്‍ച്ച് 1-ാം തീയതി ഡോ. ശൂരനാടുകുഞ്ഞന്പിള്ള സര്‍ക്കാരിനു സമര്‍പ്പിച്ചു. പലതരത്തിലുള്ള അറുന്നൂറോളം ലിപികളുണ്ടായിരുന്നത് നൂറിനുതാഴെയായി ചുരുങ്ങുയത് പ്രശംസനീയമായ ധിഷണവ്യാപാരമാണെങ്കിലും അദ്ദേഹം അതില്‍ ദുഃഖിതനായിരുന്നു.
തുടര്‍ന്നുണ്ടായ ചില സംഭവങ്ങള്‍ അദ്ദേഹത്തെ കൂടുതല്‍ വേദനിപ്പിച്ചു. സമതി സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ മൂന്നുകൊല്ലം നടപ്പിലാക്കാതെ വച്ചിരുന്നു. ഭാരതീയ ഭാഷകള്ക്കെതിരായി പ്രവര്‍ത്തിക്കുന്ന ഇംഗ്ലീഷ് പുസ്തകലോബിയുടെ സാമര്‍ത്ഥ്യമാണ് ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചത്. മലയാളം ലിപി പരിഷ്ക്കരിച്ച കാര്യം അറിഞ്ഞവരൊക്കെ അതുമറന്നു കഴിഞ്ഞ് 1971 മാര്‍ച്ച് 23ന് പുതുക്കിയ മലയാളലിപി അടുത്ത വിഷുദിവസം മുതല്‍ (1971 ഏപ്രില്‍ 15 മുതല്‍) നടപ്പിലാക്കുമെന്ന് ഉത്തരവിറങ്ങി.
നടപ്പിലായപ്പോള്‍ ഡോ. ശൂരനാടുകുഞ്ഞന്‍ പിള്ളയുടെ നിര്ദ്ദേശങ്ങളില്നിന്ന് ചില ചെറിയ മാറ്റങ്ങള്‍ വരുത്തിയിരുന്നു. 1. മലയാളസ്വരാക്ഷരങ്ങളുടെ കൂട്ടത്തില്‍ നിന്ന് ദീര്‍ഘമായ ഋ കാരവും അതിനടുത്തുവരുന്ന സ്വരത്തിന്റെ ഹ്രസ്വദീര്ഘരൂപങ്ങളും വേണ്ടെന്നു തീരുമാനിച്ചു. 2. സംവൃത ഉകാരം രേഖപ്പെടുത്തുന്ന അടയാളം വേണ്ടെന്നുവച്ചു. (ചെവി എന്നര്‍ത്ഥമുള്ള കാത് എന്ന പദത്തിലെ അവസാനത്തെ അക്ഷരവും ‘ഓം തത്സത്’ എന്ന മന്ത്രത്തിലെ തകാരവും ഒരുപോലെ എഴുതിയാല്‍ മതി എന്നര്‍ത്ഥം). 3. കൂട്ടക്ഷരങ്ങളുടെ അവസാനം വരുന്ന ‘ര’ എന്ന അക്ഷരത്തിന്റെ അടയാളം വലതുവശത്തു ചേര്‍ക്കുന്നതിനുപകരം ഇടതുവശത്താക്കി (ഉദാ: ചക്രം, വക്രം എന്നിവ ഇപ്പോള്‍ അച്ചടിക്കുന്നത് ചര്ക്കം, വര്‍ക്കും എന്നിങ്ങനെയാണ് ‘ര’ യുടെ അടയാളം ‘ക’യ്ക്കു മുന്നിലായി. എണ്ണിപ്പറയാന്‍ നിരവധിയുണ്ട്. അച്ചടിക്കാന്‍ വിഷമമുള്ളതുകൊണ്ട് ഒഴിവാക്കുന്നു.
പുതുക്കിയ ലിപി ടൈപ്പ്റൈറ്ററിനു വേണ്ടിയാണെന്നും അച്ചടിക്കുപോലും ഉപയോഗിക്കാനല്ലെന്നും എഴുതാനും പഠിപ്പിക്കാനും പഴയ ലിപി തന്നെ വേണമെന്നും പരിഷ്കരണസമിതി നിര്‍ദ്ദേശിച്ചിരുന്നു. അത് അവഗണിച്ച് എല്ലാ ആവശ്യങ്ങള്‍ക്കും പുതിയ ലിപിയാക്കിയത് ഉദ്യോഗസ്ഥരില്‍ ചിലരാണെന്നു പറയുന്നു.
ഡോ. ബി.സി. ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: