തിരുവനന്തപുരം: തസ്തികയില്ലെങ്കിലും ദിവസവേതനം നല്കി മൃഗശാലയില്‍ അനധികൃത നിയമനം. മൃഗശാലാ ഡയറക്ടറും ഡോക്ടറും സംയുക്തമായാണ് നിയമനങ്ങള്‍ക്കു നേതൃത്വം നല്കുന്നതെന്നാണാക്ഷേപം. ഒരു ഡോക്ടര്‍, ഒരു അറ്റന്‍ഡര്‍, പിന്നെ ഒരു സഹായിയും മാത്രമാണ് സര്‍ക്കാര്‍ നിയമിച്ചിട്ടുള്ളത്. എന്നാല്‍, മൃഗശാലയിലെ ആശുപത്രിയില്‍ ഇപ്പോള്‍ ദിവസവേതനത്തില്‍ ജോലിചെയ്യാന്‍ ഒരു ഡോക്ടറും, ഒരു അറ്റന്ഡഡറും, ഒരു സഹായിയും ഉണ്ട്. ഇത് നിയമ വിരുദ്ധമായാണ് മൃഗശാലാ അധികൃതര്‍ എടുത്തിരിക്കുന്നതെന്ന ആക്ഷേപമാണ് മൃഗശാലാ ജീവനക്കാര്‍ പറയുന്നത്. മൃഗശാലയിലെ ഡോക്ടര്‍ മൃഗസംരക്ഷണ വകുപ്പില്‍ നിന്നും ഡെപ്യൂട്ടേഷനില്‍ വരുന്നവരാണ്.
ഇവര്‍ക്കു തന്നെ സര്‍ക്കാര്‍ നിശ്ചിത സമയം വെച്ചിട്ടുണ്ട്. മൂന്നു വര്‍ഷം കഴിഞ്ഞാല്‍ സര്‍ക്കാര്‍ കാലാവധി നീട്ടി നല്‍കിയില്ലെങ്കില്‍ ഏതു സ്ഥാപനത്തില്‍ നിന്നാണോ വന്നത് അവിടേക്കു പോകണം. എന്നാല്‍ മൃഗശാലയില്‍ എത്തുന്ന ഡോക്ടര്‍മാര്‍ തിരിച്ചു പോകുന്നതിനു താല്പര്യം കാണിക്കാറില്ല. അങ്ങനെ ഡെപ്യൂട്ടേഷനില്‍ എത്തിയ ഡോക്ടര്‍ മൃഗശാലയില്‍ ഉള്ളപ്പോള്‍ മറ്റൊരു ഡോക്ടറിന്റെ ആവശ്യകത ഇല്ലാത്തതാണ്. എന്നിട്ടും ദിവസ വേതനത്തിനു മറ്റൊരു ഡോക്ടറെ നിയമിച്ചതില്‍ ദുരൂഹതയുണ്ട്. സര്‍ക്കാര്‍ തലത്തില്‍ ഇത്തരം നിയമനം നടത്തണമെന്നാവശ്യപ്പെട്ട് ഡയറക്ടര്‍ നേരത്തെ റിപ്പോര്‍ട്ടു നല്‍കിയിരുന്നു. പുതിയൊരു തസ്തിക സൃഷ്ടിക്കണമെന്നും ജോലിഭാരം കൂടുതലാണെന്നും കാണിച്ചാണ് റിപ്പോര്‍ട്ടു തയ്യാറാക്കിയിരുന്നത്. റിപ്പോര്‍ട്ട് വകുപ്പുമന്ത്രി പി.കെ. ജയലക്ഷ്മിയുടെ ഓഫീസില്‍ തന്നെയുണ്ട്. റിപ്പോര്‍ട്ട് സര്‍ക്കാരിനു കൊടുത്തതിനു പിന്നാലെ തന്നെ പുതിയ ദിവസവേതനക്കാരെ കണ്ടെത്തി ജോലി കൊടുക്കുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധി എങ്ങനെ മറികടക്കാമെന്നു ചിന്തിച്ചിരിക്കുന്ന സര്‍ക്കാരിന്റെ മുകളിലേക്കു മൃഗശാലാ അധികൃതര്‍ അധിക ഭാരമാണ് ഏല്‍പ്പിച്ചിരിക്കുന്നത്.
കോടികളുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന മ്യൂസിയം മൃഗശാലാ വകുപ്പില്‍ നിന്നും ഇപ്പോള്‍ നല്ല വരുമാനം ഉണ്ടാകുന്നുണ്ട്. വരുമാനം ചെലവഴിക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനാണ് മൃഗശാല ഓഫീസിലെ ചില ജീവനക്കാര്‍ ശ്രമിക്കുന്നതെന്നും ആക്ഷേപമുണ്ട്. വന്യമൃഗങ്ങളെ ചികിത്സിക്കുന്നതിനു വേണ്ടി മൃഗശാലയ്ക്കുള്ളില്‍ തന്നെ ആശുപത്രി കെട്ടിടം സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ അസുഖംവരുന്ന മൃഗങ്ങളെയും കുഞ്ഞു മൃഗങ്ങളെയും പരിചരിക്കുന്നുണ്ട്. ഇവയുടെ ആവശ്യത്തിനനുസരിച്ച് ചികിത്സ കിട്ടാനായി മൃഗശാലാ ഡോക്ടര്‍ക്ക് മൃഗശാലയ്ക്കുള്ളില്‍ തന്നെ ക്വാര്‍ട്ടേഴ്സും നല്‍കിയിട്ടുണ്ട്.
എന്നാല്‍, മൃഗശാലയ്ക്കു വെളിയില്‍ നിന്നുള്ള മൃഗങ്ങളെ പരിചരിക്കുന്നതില്‍ കാലാകാലങ്ങളായി എത്തുന്ന ഡോക്ടര്‍മാര്‍ മത്സരിക്കാറുണ്ട്. ഇതില്‍ നിന്നും വിഭിന്നമല്ല ഇപ്പോഴത്തെ സോക്ടര്‍ . അനാക്കൊണ്ടയെ കൊണ്ടുവന്നതിനു പിന്നില്‍ താനും ഡയറക്ടറും മാത്രമാണെന്നു വരുത്തിതീര്‍ക്കാന്‍ ഡോക്ടര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളോട് മൃഗശാലയിലെ ജീവനക്കാര്‍ക്ക് കടുത്ത എതിര്‍പ്പാണുള്ളത്. ദല്‍ഹിയില്‍ നിന്നും നിരവധി മൃഗങ്ങളെ വരുന്ന പത്തു ദിവസത്തിനുള്ളില്‍ മൃഗശാലയില്‍ എത്തിക്കുന്നുണ്ട്.
ഈ മൃഗങ്ങള്‍ക്ക് യാതൊരു പരിക്കോ, അസുഖമോ ഉണ്ടാകാതെ ദല്‍ഹിയില്‍ നിന്നും തിരുവനന്തപുരം വരെ എത്തിക്കേണ്ടചുമതല ഡോക്ടര്‍ക്കാണ്. എന്നാല്‍, ഡോക്ടര്‍ ഇതുവരെ ദല്‍ഹിക്കു പോകാന്‍ കൂട്ടാക്കിയിട്ടില്ല. അനാക്കോണ്ടയുടെ കാര്യം വന്നതോടെ പബ്ലിസിറ്റിക്കു വേണ്ടി ദല്‍ഹിയാത്ര മുടക്കിക്കൊണ്ട് ഡോക്ടര്‍ മൃഗശാലയില്‍ തന്നെ നിന്നു. ദല്‍ഹിയില്‍ നിന്നും എത്തിക്കുന്ന മൃഗങ്ങള്‍ക്ക് ഏകദേശം 30 ലക്ഷം രൂപയോളം വിലവരും. നിരുത്തരവാദപരമായ സമീപനമാണ് ഡോക്ടര്‍ മൃഗങ്ങളുടെ കര്യത്തില്‍ എടുക്കുന്നതെന്നാണറിയുന്നത്. മൃഗശാലയിലെ മൃഗങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കീപ്പര്മാരുമായോ മറ്റുദ്യോഗസ്ഥരുമായോ ഡോക്ടര്‍ ചര്‍ച്ച ചെയ്യാറുപോലുനില്ലെന്നും പരാതിയുണ്ട്.
എ.എസ്. ദേവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: