ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഞായറാഴ്ച രാത്രി നടന്ന മത്സരത്തില്‍ വെസ്താമിനെ പരാജയപ്പെടുത്തിയാണ് ലിവര്‍പൂള്‍ ചെല്‍സിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഒരു ദിവസത്തെ ഇടവേളക്കുശേഷം ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ലിവര്‍പൂള്‍ എവേ മത്സരത്തില്‍ വെസ്താമിനെ കീഴടക്കിയത്. സ്റ്റീഫന്‍ ജെറാര്‍ഡാണ് പെനാല്‍റ്റിയിലൂടെ ലിവര്‍പൂളിന്റെ രണ്ട് ഗോളുകളും നേടിയത്. ലിവര്‍പൂളിന് 33 മത്സരങ്ങളില്‍ നിന്ന് 74 പോയിന്റാണുള്ളത്. രണ്ടാമതുള്ള ചെല്‍സിക്ക് അത്രയും മത്സരങ്ങളില്‍ നിന്ന് 72 പോയിന്റും. ഇരു ടീമുകള്‍ക്കും വെല്ലുവിളിയുയര്‍ത്തി മാഞ്ചസ്റ്റര്‍ സിറ്റിയാണ് മൂന്നാമത്. ഇവരേക്കാള്‍ രണ്ട് മത്സരം കുറച്ചുകളിച്ച സിറ്റി 70 പോയിന്റുമായാണ് മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.
വെസ്താമിനെതിരായ പോരാട്ടത്തില്‍ ലിവര്‍പൂളിന്റെ ആധിപത്യമായിരുന്നു. മത്സരത്തിന്റെ 64 ശതമാനവും പന്ത് കൈവശം വെച്ച ലിവര്‍പൂള്‍ താരങ്ങള്‍ 17 ഷോട്ടുകളാണ് എതിര് ഗോള്‍മുഖത്തേക്ക് ഉതിര്‍ത്തത്. ഇതില്‍ എട്ടെണ്ണവും ലക്ഷ്യത്തിലേക്കായിരുന്നു. വെസ്റ്റ് ഹാം ഗോളിയുടെ മികച്ച പ്രകടനമാണ് കൂടുതല്‍ ഗോള്‍ നേടുന്നതില്‍ നിന്നും ലിവര്‍പൂളിനെ തടഞ്ഞുനിര്‍ത്തിയത്. അതേസമയം വെസ്റ്റ് ഹാം ഉതിര്‍ത്തി പതിനൊന്ന ഷോട്ടുകളില്‍ ഒരെണ്ണം മാത്രമാണ് ലക്ഷ്യത്തിലേക്കായിരുന്നത്.
മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ലൂയി സുവാരസ് ഒരു അവസരം നഷ്ടമാക്കി. പിന്നീട് 21-ാം മിനിറ്റില്‍ സുവാരസിന്റെ പാസില്‍ നിന്ന് റഹിം സ്റ്റര്‍ലിംഗ് പായിച്ച ഷോട്ട് വെസ്താം ഗോളി രക്ഷപ്പെടുത്തി. തുടര്‍ന്നും ഇരുടീമുകളും മികച്ച ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ വിട്ടുനിന്നു. ഒടുവില്‍ 43-ാം മിനിറ്റില്‍ ലിവര്‍പൂള്‍ ലീഡ് നേടി. വെസ്റ്റ് ഹാമിന്റെ ജെയിംസ് ടോംകിന്‍സ് പെനാല്‍റ്റി ഏരിയയ്ക്കുള്ളില്‍ നിന്ന് പന്ത് കൈകൊണ്ട് തടുത്തതിന് ലഭിച്ച പെനാല്‍റ്റിയിലൂടെയാണ് ലിവര്‍പൂള്‍ മുന്നിലെത്തിയത്. കിക്കെടുത്ത സ്റ്റീഫന്‍ ജെറാര്‍ഡ് ലക്ഷ്യം പിഴക്കാതെ പന്ത് വലയിലെത്തിച്ചു. തൊട്ടടുത്ത മിനിറ്റില്‍ വെസ്താം സമനില പിടിച്ചു. ഒരു കോര്‍ണറില്‍ നിന്ന് ഉയര്‍ന്നുവന്ന പന്ത് ലഭിച്ച ഗെ ഡെമല് ക്ലോസ് റേഞ്ചില്‍ നിന്ന് വലംകാലുകൊണ്ട് പായിച്ച ഷോട്ടാണ് ലിവര്‍പൂള്‍ വലയില്‍ കയറിയത്. ഇതോടെ ആദ്യപകുതി തുല്യതയില്‍ കലാശിച്ചു.
പിന്നീട് മത്സരത്തിന്റെ 71-ാം മിനിറ്റിലാണ് ലിവര്‍പൂള്‍ രണ്ടാം ഗോള്‍ നേടിയത്. ലിവര്‍പൂളിന്റെ ജോണ്‍ ഫ്ലാനഗനെ ബോക്സിനുള്ളില്‍ വച്ച് വെസ്താമിന്റെ അഡ്രിയാന്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ജെറാര്‍ഡ് വലയിലെത്തിച്ചു. തുടര്‍ന്ന് സമനിലക്കായി വെസ്താം പൊരുതിയെങ്കിലും അവയെല്ലാം ലിവര്‍പൂള്‍ പ്രതിരോധത്തില്‍ തട്ടി പാഴായി. അടുത്ത ഞായറാഴ്ച നടക്കുന്ന മത്സരത്തില്‍ ലിവര്‍പൂള്‍ സ്വന്തം തട്ടകത്തില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയുമായി ഏറ്റുമുട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: