അദ്ഭുത ലോകത്തിന്റെ വാതായനങ്ങള്‍ തുറന്ന് സന്ദര്‍ശകര്‍ ഉള്ളിലേക്കു കടക്കുന്നു. തേക്കിന്‍തടി മാത്രം കൊണ്ടു നിര്‍മ്മിച്ച വാരാന്തയും ഹാളും. പുറത്തെ കനത്തചൂടില്‍ നിന്നും തണുപ്പിന്റെ ശീതളിമയിലേക്ക്…. കൊത്തുപണികള്‍ കൊണ്ടലങ്കരിച്ച ഹാളിന്റെ ഇരുവശവും രണ്ടു രൂപങ്ങള്‍. ഒന്ന് നീലത്തിമിംഗലത്തിന്റെയും രണ്ടാമത്തേത് കാണ്ടാമൃഗങ്ങളുടേതും. പുല്‍ച്ചെടികള്‍ക്കിടയില്‍ മേഞ്ഞു നടക്കുന്ന രണ്ടു കാണ്ടാ മൃഗങ്ങള്‍. മണിയനും റീത്തയും.
തലസ്ഥാന നഗരത്തില്‍ സ്ഥിതി ചെയ്യുന്ന മൃൂസിയം മൃഗശാലയിലെ നാഷണല്‍ ഹിസ്റ്ററി മ്യൂസിയത്തെ കുറിച്ചാണ് പറയുന്നത്. മൃഗശാലയും മ്യൂസിയവും കാണാനെത്തുന്ന അധികമാര്‍ക്കും അറിയാത്ത അപൂര്‍വ്വ ലോകം. മൃഗശാലയില്‍ ജീവനോടെയുള്ള മൃഗങ്ങളെയും പക്ഷികളേക്കാളും കൂടുതല്‍ എന്‍ എച്ച് മ്യൂസിയത്തിന്റെ കണ്ണാടിക്കൂടുകളിലുണ്ട്. വംശനാശം സംഭവിച്ചു പോയവയുടെ മാതൃകകള്‍, ഉണക്കി സൂക്ഷിക്കുന്ന മീന്‍ വര്‍ഗങ്ങള്‍, ഇന്ത്യയിലെ കാടുകളില്‍ കാണപ്പെടുന്ന അപൂര്‍വ്വയിനം പക്ഷികള്‍, വെസ്റ്റേണ്ഗാഡ്സില് മാത്രം കാണുന്ന പക്ഷികളുടേയും മൃഗങ്ങളുടേയും സ്റ്റഫ് ചെയ്ത മാതൃകകള്‍. അങ്ങനെ തുടങ്ങി ഏകദേശം 1800 ഓളം വരുന്ന സസ്യ, പക്ഷി, മൃഗാദികളുടെ സ്പീഷിസുകള്‍ ഇവിടുണ്ട്. ഉത്രം തിരുനാല്‍ മാര്ത്താണ്ഡവര്മ്മയ്്ക്കു പഠന സൗകര്യത്തിനായി 1853ല്‍ ആനക്കൊമ്പില്‍ തീര്‍ത്ത മനുഷ്യന്റെ അസ്ഥി പഞ്ജരവും ഇവിടുണ്ട്. വിവിധയിനം പാമ്പുകള്‍, അവയുടെ അസ്ഥികൂടങ്ങള്‍, ശരാശരി 120 വയസ്സുവരെ ജീവിച്ചിരുന്ന മൃഗശാലയില്‍ ഉണ്ടായിരുന്ന ഭീമന് കരയാമയുടെ തോട് എന്നിവയും ഉണ്ട്. 55 ഏക്കറില്‍ പരന്നു കിടക്കുന്ന മ്യൂസിയം മൃഗശാല വകുപ്പിനുള്ളില്‍ എന്‍എച്ച് മ്യൂസിയം സ്ഥിതി ചെയ്യുന്നത് അപ്രധാനമായ ഭാഗത്തായതു കൊണ്ട് സന്ദര്‍ശകര്‍ എപ്പോഴും കുറവായിരിക്കും. ഒരുകാലത്ത് ജീവനുണ്ടായിരുന്നവയുടെ അസ്ഥി കൂടങ്ങളും മാതൃകകളും സൂക്ഷിക്കുന്ന ഇടമായതിനാല്‍ ആളനക്കമില്ല. ശബ്ദകോലാഹലമില്ല. എപ്പോഴും ശാന്തം.
വിനോദ സഞ്ചാരികള്‍ മുതല്‍ വിദേശ പഠിതാക്കള്‍ വരെ എത്തുന്ന ഇവിടെ ഇത്രയും പ്രാധാന്യമുള്ള മ്യൂസിയം ഉണ്ടെന്നറിയാവുന്നത് വിരലില്‍ എണ്ണാവുന്നവര്‍ക്കു മാത്രം. എന്നാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിപ്പുറം കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞു. എന്‍എച്ച് മ്യൂസിയത്തിന് പുതിയ സാരഥ്യം വന്നതോടെ ആളനക്കമില്ലാതെ കിടന്ന എന്‍എച്ച് മ്യൂസിയത്തിനു ജീവന്‍വെച്ചു. അബു ശിവദാസ് എന്ന സൂപ്രണ്ടിന്റെ നിരന്തമായ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കേരളത്തിന്റെ അഭിമാനമായ നാച്വറല്‍ ഹിസ്റ്ററി മ്യൂസിയം ലോക നിലവാരത്തിലേക്ക് ഉയരുന്നു. പുരാവസ്തുക്കളുടെ ത്രീ ഡൈമെന്‍ഷനിലുള്ള ചിത്രങ്ങളും വിഷ്വലുകളും ഇതിനായി എന്‍എച്ച് മ്യൂസിയത്തിലൊരുക്കുകയാണ് അധികൃതര്‍. ലോകത്തിലെ തന്നെഏറ്റവും വലിയ മ്യൂസിയങ്ങളെ കിടപിടിക്കുന്ന തരത്തിലേക്ക് എന്‍എച്ച് മ്യൂസിയത്തെ എത്തിക്കുകയാണ് ലക്ഷ്യം. ഒന്നരക്കോടി രൂപ ചെലവാക്കിയുള്ള ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ഏകദേശം പൂര്‍ത്തിയായി കഴിഞ്ഞു.
മാമല്സുകളുടെ അസ്ഥികൂടവും, നീലതിമിംഗലത്തിന്റെ താടിയെല്ലും, മൃഗശാലയില്‍ വെച്ചുതന്നെ ചത്ത കാണ്ടാമൃഗങ്ങളുടെ തൊലിയെടുത്തു നിര്‍മ്മിച്ച മാതൃകയുമെല്ലാം കാഴ്ചക്കാര്‍ക്ക് ഇനി പുതിയ അനുഭവമാകും. എന്‍എച്ച് മ്യൂസിയത്തിന്റെ പ്രധാന കവാടം കടന്നെത്തുമ്പോള്‍ കാണുന്ന കാണ്ടാ മൃഗങ്ങളുടെ സ്റ്റഫുകള്‍ക്ക് ഒരു കഥയുണ്ട്. ആസ്സാമിലെ കാസിരംഗ മൃഗശാലയില്‍ നിന്നും 1956ല്‍ എത്തിച്ച മണിയന്റേയും 2003ല്‍ എത്തിച്ച റീത്തയുടേയും തൊലി സ്റ്റഫ്ചെയ്തുണ്ടാക്കിയ രൂപങ്ങളാണിവ. മണിയന് എന്ന കാണ്ടാമൃഗം 1988ല്‍ മരണമടഞ്ഞു. 1990ല്‍ മണിയന്റെ തൊലി സ്റ്റഫ് ചെയ്തു വെച്ചു. തുടര്‍ന്ന് രാമു എന്ന കാണ്ടാമൃഗത്തിന്റെ കുത്തേറ്റ് 2006ല്‍ റീത്തയും ചത്തു. അങ്ങനെ മൃഗശാലയ്ക്കുള്ളില്‍ ഉണ്ടായിരുന്ന രണ്ടു കാണ്ടാ മൃഗങ്ങളുടെയും തൊലി എടുത്ത് വീണ്ടും അവരെ ഓര്‍മ്മിക്കുന്നതിനു വേണ്ടി പുനരാവിഷ്ക്കരിച്ചു. ഇവയെ പോലെതന്നെ മൃഗശാലയില്‍ ഉണ്ടായിരുന്ന വംശനാശം സംഭവിച്ചു പോയ മേഘവര്ണ്ണപുലി, കടുവ, ചുവന്ന പാണ്ട(റെഡ് പാന്തര്‍), സണ്ബീയര്, അമേരിക്കന്‍ സിഹം(പ്യൂമ), അമേരിക്കന്‍ കടുവ(ജാഗ്വര്‍), ചിമ്പാന്‍സി, സീബ്ര, വിവിധ തരം മാനുകള്‍, വരയാടുകള്‍, കാട്ടുകാള(വൈല്‍ഡ് ബീഗ് ആഫ്രിക്കന്‍), ആഫ്രിക്കന്‍ വനാന്തരങ്ങളിലുള്ള മിക്ക മൃഗങ്ങളുടെയും സ്പീഷിസുകള്‍ ഇവിടെയുണ്ട്.
20 അടിയോളം ഉയരമുള്ള തിമിംഗലത്തിന്റെ താടിയെല്ല് പ്രധാന ആകര്‍ഷണമാണ്. കൂടാതെ മാമല്സിന്റെ വളഞ്ഞ കൊമ്പുകള്‍, നീലത്തിമുംഗലത്തിന്റെ അസ്ഥിപഞ്ജരം, ഏകകോശ ജീവികളുടെ മാതൃകകള്‍ മുതല്‍ വിവിധയിനം കടല്‍ ജീവികളുടെയും അപൂര്‍വ്വ ശേഖരമാണ് എന്‍എച്ച് മ്യൂസിയം. 400ഓളം പക്ഷികളുടെ സ്പീഷിസും 60ഓളം സസ്തനികളുടെയും, 60 ഓളം മീനുകളുടെയും, 60ഓളം ഉരഗങ്ങളുടേയും, ശേഖരമാണ് വളരെ മനോഹരമായി സൂക്ഷിച്ചിട്ടുള്ളത്. കേരളത്തിലെ വേഴാമ്പല്‍ കുടുംബത്തിലെ പാണ്ടന്‍ വേഴാമ്പല്‍, കോഴി വേഴാമ്പല്‍, വേഴാമ്പല്‍ മലമുഴക്കി, മക്കാച്ചിക്കാട(സിലോണ്‍), കാട്ടുപനം കൊക്ക്(നാലില്‍ അധികം സംസ്ഥാനങ്ങളുടെ സംസ്ഥാന പക്ഷിയാണിത്), നാഗമോഹന്‍(പാരഡൈസ് ഫ്ലൈ കാച്ചര്‍), ഒറിയോള്ഡ്, വിവിധയിനം തത്തകള്‍, നീല്‍ഗിരി വുഡ് പീജിയണ്‍, അരയന്നങ്ങള്‍, താറാവുകള്‍ തുടങ്ങി വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നവയുടെ എല്ലാം മോഡലുകള്‍ ഇവിടെയുണ്ട്്. ജീവിച്ചിരുന്നപ്പോള്‍ എങ്ങനെയാണ് മരങ്ങളും കാടുകളും ഇവ ഉപയോഗിച്ചിരുന്നത്, അതേ രീതിയില്‍ തന്നെയാണ് മ്യൂസിയത്തിനുള്ളിലെ കണ്ണാടിക്കൂടും തയ്യാറാക്കിയിട്ടുള്ളത്. മ്യൂസിയത്തിന്റെ രണ്ടിടങ്ങളിലായി ദിനോസോറിന്റെ രണ്ടു പ്രതിമകള്‍ നിര്‍മ്മിച്ചു വെച്ചിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് ഇത് ഏറെ ആകര്‍ഷകമായിട്ടുണ്ട്. രണ്ടു കോടി വര്‍ഷം പഴക്കമുള്ള തടി(ഫോസില്‍) എന്‍എച്ച് മ്യൂസിയത്തിനു മുന്നിലായി പ്രദര്‍ശനത്തിന് ഒരുക്കിയിട്ടുണ്ട്. തമിഴ്നാട്ടിലെ തിരുനക്കര നാഷണല്‍ ഫോസില്‍ പാര്‍ക്കില്‍ നിന്നും 40 വര്‍ഷം മുമ്പ് തിരുവനന്തപുരം മൃഗശാലയില്‍ എത്തിച്ചതാണ്. എന്നാല്‍, ഇത്രയും ദിവസംവരെ അവ പുറത്ത് മറ്റു വിറകു കൂട്ടങ്ങള്‍ക്കിടയില്‍ അപ്രസക്തമായി കിടക്കുകയായിരുന്നു. വര്‍ഷങ്ങള്‍ പഴക്കമുള്ള ചരിത്രപരമായി സംരക്ഷിക്കപ്പെടേണ്ട ഫോസിലിന് പുതുജീവന്‍ ലഭിച്ചത് അടുത്തിടെയാണ്. ഇപ്പോള്‍ ഒന്നരലക്ഷം രൂപ മുടക്കി ഫോസില്‍ പ്രദര്‍ശിപ്പിക്കാനായി മണ്ഡപം കെട്ടിയിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് കൗതുകം ഉണര്‍ത്തുന്നതാണിത്.
എന്‍എച്ച് മ്യൂസിയത്തിന്റെ രണ്ടാം ഘട്ടത്തിന് ഏകദേശം മൂന്നു കോടിരൂപയുടെ പ്രോജക്ടാണുള്ളത്. ഇതില്‍ വിദേശ മ്യൂസിയങ്ങളില്‍ നിന്നും എത്തിക്കുന്ന വിവിധ തരം മൃഗങ്ങളുടെ അസ്ഥിപഞ്ജരങ്ങളും, പക്ഷികളുടെയും വംശനാശം സംഭവിച്ചു പോയ എല്ലാത്തരം ജന്തുക്കളുടെയും അസ്ഥികളുടെ ശേഖരവും വിവരങ്ങളുമാണ് ഉള്‍പ്പെടുത്തുക. കൂടാതെ വിദ്യാര്‍ഥികള്‍ക്കു വേണ്ടിയുള്ള പ്രത്യേക ക്ലാസ്സുകള്‍ പുരാവസ്തുക്കളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാനായി ഒരുക്കും. പ്രകൃതിയോടിണങ്ങിയുള്ള തരത്തിലായിരിക്കും എന്‍എച്ച് മൃൂസിയത്തിലെ കാഴ്ചകള്‍ ഒരുക്കുന്നത്. സ്പോര്‍ട് ലൈറ്റുകളും വാര്‍ണിഷ് ചെയ്ത ഡയസ്സുകളിലും ഇത്തരം സ്റ്റഫ് ചെയ്ത രൂപങ്ങളെ സ്ഥാപിക്കും. ആഫ്രിക്കന്‍ മാമല്സുകളെ കുറിച്ചു മനസ്സിലാക്കാന്‍ എത്തുന്നവര്‍ അകപ്പെടുന്നത്, ശരിക്കും ഒരു കാട്ടിലായിരിക്കും. അവിടെ ആഫ്രിക്കന്‍ കാടുകളിലുള്ള അപൂര്‍വ്വയിനം മരങ്ങളുണ്ടാകും, പക്ഷികളുണ്ടാകും, വെള്ളച്ചാട്ടമുണ്ടാകും, മൃഗങ്ങളുണ്ടാകും, ഒപ്പം മാമല്സും ഉണ്ടാകും. ആഫ്രിക്കന്‍ കാടുകളില്‍ മാമല്സുകള് എങ്ങനെയാണോ ജീവിച്ചിരുന്നത് അത്തരം കാഴ്ചകള്‍ രൂപപ്പെടുത്താനാണ് അധികൃതര്‍ ശ്രമിക്കുന്നത്. ഇത് നിലവിലെ നാച്വറല്‍ മ്യൂസിയങ്ങളിലുള്ള കാഴ്ചയെക്കാള്‍ വ്യത്യസ്തമായിരിക്കും. കോടി വര്‍ഷങ്ങള്‍ പഴക്കമുള്ള ഫോസിലുകള്‍ മുതല്‍ കേരളത്തിന്റെ മുഖ്യമന്ത്രി മാരായിരുന്ന ഇകെ നായനാര്‍, കെ കരുണാകരന്, എകെ ആന്റണി തുടങ്ങിയവര്‍ക്കു കിട്ടിയിട്ടുള്ള അവാര്‍ഡുകള്‍, പേനകള്‍, കണ്ണട തുടങ്ങിയവ വരെ ഇവിടെയുണ്ട്.
നാച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തിന്റെ ഉപജ്ഞാതാവായ ജനറല്‍ കെല്ലന്‍ എന്ന ബ്രിട്ടീഷുകാരന്റെ ചരിത്രപരമായ രേഖപ്പെടുത്തല്‍ ഇനിമുതല്‍ എന്‍എച്ച് മ്യൂസിയത്തിലുണ്ടാകും. വിദേശികള്‍ക്ക് എന്‍എച്ച് മ്യൂസിയത്തിനെ അറിയാന്‍ രണ്ടു ടച്ച് സ്ക്രീന്‍ കിയോസ്ക്കുകള്‍ വെയ്ക്കുന്നുണ്ട്. കൂടാതെ മ്യൂസിയത്തിനുള്ളില്‍ എന്തൊക്കെയാണുള്ളതെന്ന വിവരങ്ങള്‍ സന്ദര്‍ശകര്‍ക്കു നല്കാന് എല്‍സിഡി ടിവിയുമുണ്ടാകും. ഈ ടിവിയില്‍ ജനറല്‍ കെല്ലന്റെ വിവരങ്ങള്‍ എപ്പോഴും പ്രദര്‍ശിപ്പിക്കും. അദ്ദേഹത്തിന്റെ യാത്രകളില്‍ വിവിധ രാജ്യങ്ങളില്‍ നിന്നും ലഭിച്ച കല്ലുകള്‍, പുരാവസ്തുക്കള്‍, ശിലകള്‍, പ്രകൃതിയുടെ സൃഷ്ടികള്‍ തുടങ്ങിയവയെ സംരക്ഷിക്കാന്‍ വേണ്ടിയാണ് 1885 ല്‍ എന്‍എച്ച് മ്യൂസിയം എന്ന ആശയം കൊണ്ടു വന്നത് ഈ നേപ്പിയര്‍ മ്യൂസിയത്തോടൊപ്പമായിരുന്നു.
എന്നാല്‍ മ്യൂസിയത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് പുതിയ കെട്ടിടം നിര്‍മ്മിച്ചു. എന്‍എച്ച് മ്യൂസിയത്തെ അതിലേക്കു മാറ്റി. 1958ല്‍ കേരളത്തിന്റെ ആദ്യ ഗവര്‍ണര്‍ കൃഷ്ണറാവുവാണ് ഈ കെട്ടിടത്തിനു തറക്കല്ലിട്ടത്. 1964ല്‍ നാച്വറല്‍ ഹിസ്റ്ററി മ്യൂസിയം പൊതുജനങ്ങള്‍ക്കു തുറന്നു കൊടുത്തു. എന്‍എച്ച് മ്യൂസിയം സ്ഥാപകന്‍ കെല്ലന്‍ അന്ത്യവിശ്രമം കൊള്ളുന്നത് ആലപ്പുഴയിലെ ഒരു ക്രിസ്ത്യന്‍ പള്ളിയിലെ സെമിത്തേരിയിലാണ്. ചരിത്രം മറയ്ക്കപ്പട്ട ഇദ്ദേഹത്തിന്റെ തിരിച്ചു വരവ് നാച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തിന് മുതല്‍ക്കൂട്ടാവുമെന്ന് അധികൃതര്‍ പറയുന്നു. എന്‍എച്ച് മ്യൂസിയവും, നേപ്പിയര്‍, ആര്‍ട്ട ്ഗ്യാലറി, മൃഗശാല എന്നിവയില്‍ നിന്നും ഇപ്പോള്‍ വകുപ്പിന് വരുമാന വര്‍ധന ഉണ്ടായിട്ടുണ്ട്. ഏകദേശം 75,000രൂപയോളം ഒരു ദിവസം വരുമാനമുണ്ട്. അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് 5,000രൂപ പോലും തികയ്ക്കാന്‍ പറ്റാത്തിടത്താണ് ഇത്. ഗാര്‍ഡനിംഗ്, ഫൗണ്ടേയ്ന്‍ നിര്‍മാണം, ഫോസിലുകളെ കണ്ടെത്തല്‍ തുടങ്ങി മറ്റു പ്രവര്‍ത്തനങ്ങള്‍ക്കും അധികൃതര്‍ ഫണ്ടു ചെലവഴിക്കുന്നുണ്ട്.
എ. എസ്. ദേവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: