അവധിക്കാലം ഇന്ന് അവധി ഇല്ലാത്ത കാലം. അവധിയുടെ പൂരമായിരുന്നു പണ്ട് അവധിക്കാലം.ക്ലാ സടച്ച് സ്കൂളു പൂട്ടി എന്നുകൂടി പറഞ്ഞിരുന്ന കാലം. പുസ്തകം അടച്ചുവെക്കാനൊരു കാലം എന്നും പറയാം. രണ്ടു മാസത്തേക്ക് ഒന്നും പഠിക്കേണ്ടെന്നും പുസ്തകം തുറക്കേണ്ടെന്നുമുള്ള സ്വാതന്ത്ര്യം. വീട്ടുകാര്‍ ആവര്‍ത്തിക്കുന്ന പഠന നിര്ബന്ധങ്ങളില് നിന്നുള്ള മോചനം. പുതിയ സ്കൂള്‍ വര്‍ഷത്തിലേക്കും മേല്‍ ക്ലാസിലേക്കും പോകും മുന്‍പ് കളിച്ചു രസിക്കാന്‍ സമ്മര്ദങ്ങളയഞ്ഞ വിനോദത്തിന്റെ അടിപൊളി ദിനങ്ങള്‍.
കളിക്കാലം മാത്രമല്ല രണ്ടു മാസം യാത്രപോകലും കൂട്ടായ്മയുമൊക്കെയായി തമ്മിലറിയാനും ചേരാനും കൂടിയായിരുന്നു അവധി ദിനങ്ങള്‍. അച്ഛന്റെയും അമ്മയുടേയും അമ്മാവന്റെയും കൂട്ടുകാരുടേയുമൊക്ക വീട്ടില്‍ പോയും നിന്നും അവര്‍ ഇങ്ങോട്ടു വന്നുമൊക്കെയായി സ്നേഹക്കണ്ണികള്‍ ചേര്‍ന്നും വിളങ്ങിയുമിരുന്നുഅക്കാലത്ത്. വീട്ടുകാര്‍ക്കൊപ്പം വിനോദ യാത്രപോയും സിനിമ കണ്ടുമൊക്കെ ഉല്ലസിച്ച വേളകള്‍. നാട്ടിന് പുറത്തെ സിനിമാകൊട്ടകയില്‍ നിന്നും നഗരത്തിലെ തീയറ്ററിലേക്ക് സിനിമയ്ക്കായി വന്നിരുന്ന കാലങ്ങള്‍.
രാവിലത്തേതും കഴിഞ്ഞ് ഒറ്റ ഇറക്കമാണ്. മുറ്റത്തോ കാട്ടിലും മേട്ടിലും മൈതാനത്തുമൊക്കെയാവും പിന്നെ കാണുക. കണ്ണില്‍ കണ്ട തോട്ടിലും കുളത്തിലും കുത്തിമറിഞ്ഞുമൊക്കെ ഒരു വേഷത്തിലാവും വീട്ടിലെത്തുക. എന്തെല്ലാം കളികളാണ്,കൊന്തിയും കല്ലുകളിച്ചും കുട്ടിയുംകോലും, ഫുട്ബോളും സാറ്റും കള്ളനും പോലീസും ഒക്കെയായി. വീറും വാശിയെക്കാളും സ്നേഹവും സഹകരണവും ശീലമാക്കിയ കളികള്‍. അച്ഛനും അമ്മയും മക്കളുമൊക്കെയായി കൂട്ടുകുടുംബം പോലുമുണ്ടായിരുന്നു കളികളില്‍. അങ്ങനെയൊരു കാലം.
ഇന്നോ. എല്ലാം മാറിയില്ലേ.മാറും. അതൊരു തെറ്റോ കുറ്റമോ അല്ല. കാല വികൃതി. മാറ്റമില്ലാത്തത് മാറ്റത്തിനു മാത്രം. എന്നാലും എല്ലാം മാറരുതായിരുന്നു. ഇന്ന് അവധിക്കാലമുണ്ട്. പക്ഷേ അവധിയില്ലെന്നുമാത്രം. പഠനകാലത്തേക്കാള്‍ പഠനമാണ് അവധിക്കാലത്ത്. കളിക്കാണ് അവധി. സ്കൂളും കോളേജും അടക്കുമ്പോള്‍ തുറക്കാന്‍ കാത്തിരിക്കുകയാണ് കാക്കത്തൊള്ളായിരം കോഴ്സുകള്‍. വെളിപ്പിനുതൊട്ട് അന്തിവരെ തുറന്നിരിക്കുന്ന ക്ലാസുകളും കോഴ്സുകളും നൂറുകണക്കിന്. സൂര്യനു കീഴിലുള്ളതെന്തും ഈ കോഴ്സുകാര്‍ രണ്ടു മാസം കൊണ്ട് ശരിയാക്കി കുട്ടികളുടെ ഭാവികെട്ടിപ്പടുക്കുമെന്ന് കൊട്ടിഘോഷിക്കുന്നു. ധാരാളം നല്ല കോഴ്സുകളുണ്ട്. തട്ടിപ്പും തരികിടയും അനേകം. ഏതെങ്കിലുമൊരു കോഴ്സില്‍ മക്കളെ വിട്ടില്ലെങ്കില്‍ കുറവാണെന്നും അതല്ല ഭാവിതന്നെ നഷ്ടപ്പെടുമെന്നും കരുതുന്നവരാണ് ചില മാതാപിതാക്കള്‍. നാലഞ്ചുതരം കോഴ്സുകള്‍ക്കു വരെ മക്കളെ വിടുന്നവരുമുണ്ട്.
ഇരുമാസംകൊണ്ട് ഒന്നും ആകില്ലെന്നറിഞ്ഞുകൊണ്ടാണ് പത്തു പേരുടെ മുന്നില്‍ നെഞ്ചുവിരിച്ചു നില്ക്കാന് മക്കളെ ഉന്തിതള്ളി വിടുന്നത്. ഇത്തരം പൊങ്ങച്ചംകൊണ്ട് കാശുവാരുന്നതാകട്ടെ കോഴ്സുകാരും.
നഗരത്തിലാണ് അവധിക്കാലത്ത് പെട്ടിക്കട പോലെ കോഴ്സുകളുള്ളത്. ആകര്‍ഷകമായ കോഴ്സുകള്കൊണ്ട് ഇവര്‍ മാതാപിതാക്കളേയും കുട്ടികളേയും വലവീശുന്നു. രണ്ടു മാസക്കാലം മക്കള്‍ വീട്ടിലും നാട്ടിലും പ്രശ്നക്കാരാകാതെ എവിടെയെങ്കിലും കുത്തിയിരിക്കുമല്ലോയെന്നോര്ക്കുന്നവരും കുറവല്ല. എന്നാല്‍ അവധിക്കാലത്തെ ഗൗരവമായി കാണുന്നവരും ഒത്തിരി. കളിയല്ല അവര്‍ക്കു കാര്യം. കളിയും കൂട്ടുമായി തുരുമ്പിക്കുന്നതിലും ഭേദം പറ്റുന്ന കോഴ്സില്‍ ചേരുന്നതല്ലേയെന്നാണ് വിചാരം. ഇതു തെറ്റാണെന്ന് കരുതാനാവില്ല. കളിയെന്നും കൂട്ടെന്നും പറഞ്ഞ് മക്കള്‍ വീട്ടില്‍ നിന്നും പോയാല്‍ എങ്ങോട്ടെന്ന് ആരറിയും. പഴയകാലമല്ല, കൊള്ളരുതായ്മയുടെ പാതാളക്കുഴിയാണ് ഇപ്പോള്‍ നഗരം. അതില്‍പ്പെടാതെ നോക്കാന്‍ ഇത്തരം കോഴ്സുകളാണ് നല്ലതെന്നു കരുതുന്നതും ശരിയാണ്.
പണ്ടത്തെ കളികളൊന്നും ഇന്നത്തെ കുട്ടികള്‍ക്കറിയില്ല. അല്ലെങ്കിലും പഴയ കളികള്‍ ഇന്നത്തെ കുട്ടികള്‍ക്കെന്തിന്. ക്രിക്കറ്റും കംപ്യൂട്ടറും മൊബെയിലും ടാബ്ലെറ്റുമാണ് അവരുടെ കളികള്‍. അതവരുടെ കുറ്റമല്ല. പക്ഷേ അവര്‍ കളിക്കണം.കളി ഉപേക്ഷിക്കുന്ന അവധിക്കാലം അവരുടെ ജീവിതത്തിലെ പലതിനും അവധി പ്രഖ്യാപിക്കും.
സിദ്ധാര്‍ത്ഥ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: