മിര്‍പൂര്‍: പാക് ടീം പ്രവചനാതീത പ്രകടനങ്ങളുടെ തലതൊട്ടപ്പന്മാരാണ്. ചില ദിനങ്ങളില്‍ അവര്‍ ഗംഭീര ജയം ഉറപ്പിക്കും. മറ്റുചിലപ്പോള്‍ ദയനീയമായി തോറ്റമ്പും. ട്വന്റി20 ലോകകപ്പ് വേദിയില്‍ ആ സിദ്ധാന്തം വീണ്ടും തെളിയിക്കപ്പെട്ടു. ഗ്രൂപ്പ് രണ്ടിലെ നിര്‍ണായക മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനോട് 84 റണ്‍സിന് മുട്ടുകുത്തി പാക് പട ടൂര്‍ണമെന്റിന് പുറത്തേക്കു വഴിതേടി. ആദ്യം ബറ്റ്ടുത്ത വിന്‍ഡീസ് 20 ഓവറില്‍ ആറു വിക്കറ്റിന് 166 റണ്‍സ് കുറിച്ചു. പാക്കിസ്ഥാന് 17.5 ഓവറില്‍ 82 റണ്‍സിന് ഓള് ഔട്ടായി.
ഡ്വെയ്ന്‍ ബ്രാവോ (46), ക്യാപ്റ്റന്‍ ഡാരെന്‍ സമ്മി (42 നോട്ടൗട്ട്) എന്നിവരുടെ ബാറ്റിങ്ങും മൂന്നു വിക്കറ്റുകള്‍ വീതം വീഴ്ത്തിയ സാമുവേല്‍ ബദ്രി സുനില്‍ നരെയ്ന് എന്നിവരുടെ സൂപ്പര്‍ സിപ്ന്‍ ബോളുകളുമാണ് കരീബിയന്‍ സംഘത്തെ അവസാന നാലില്‍ എത്തിച്ചത്. നാലുപേരെ സ്റ്റാമ്പ് ചെയ്തു പുറത്താക്കിയ വിക്കറ്റ് കീപ്പര്‍ ദിനേഷ് രാംദിന്റെ പ്രകടനവും വിന്‍ഡീസിന്റെ ജയത്തില്‍ നിര്‍ണായകമായി. പേസര്‍മാരായ കൃഷ്മര് സാന്റോക്കിയും ആന്ദ്രെ റസലും രണ്ടു വിക്കറ്റുകള്‍ വീതം പങ്കിട്ടു. സെമിയില്‍ വിന്‍ഡീസ് ശ്രീലങ്കയെ നേരിടും.
ഭേദപ്പെട്ട ലക്ഷ്യം തേടിയ പാക് ബാറ്റിങ് നിരയില്‍ ആരും കഴിവിനൊത്ത് ഉയര്‍ന്നില്ല. ഓപ്പണര്‍മാരായ അഹമ്മദ് ഷെഹ്സാദും കമ്രാന്‍ അക്മലും പൂജ്യരായി മടങ്ങി. ഉമര്‍ അക്മല്‍ (1), ഷൊയ്ബ്് മാലിക്ക് (2) എന്നിവര്‍ രണ്ടക്കം കടന്നില്ല. ക്യാപ്റ്റന്‍ മുഹമ്മദ് ഹഫീസ് (19), ഷോയ്ബ് മസൂദ് (18), ഷാഹിദ് അഫ്രീദി (18) തുടങ്ങിയവരും അധികനേരം ക്രീസില്‍ ചെലവിടാന്‍ മെനക്കെടാതിരുന്നപ്പോള്‍ മുന്‍ ചാമ്പ്യന്മാര് വമ്പന്‍ തോല്‍വി വഴങ്ങി.
വിസ്ഫോടനങ്ങള്‍ക്കു പേരുകേട്ട ക്രിസ് ഗെയ്ലിന്റെയും ഡ്വെയ്ന്‍ സ്മിത്തിന്റെയും പതനം കണ്ടുകൊണ്ടാണ് വിന്‍ഡീസ് തുടങ്ങിയത്. 5 റണ്‍സ് മാത്രമെടുത്ത ഗെയ്ലിനെ ഹഫീസിന്റെ പന്തില്‍ ക്രമാന്‍ സ്റ്റാമ്പ് ചെയ്തു. പിന്നാലെ സ്മിത്തിനെ (8) ശൊഹൈല്‍ തന്‍വീര്‍ ഡഗ് ഔട്ടിലെത്തിച്ചു. പിന്നെ ലെന്‍ഡല്‍ സിമ്മണ്‍സും (31) മര്‍ലോണ്‍ സാമുവല്‍സും (20) കരീബിയന്‍ ടീമിനുവേണ്ടി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. സിമ്മണ്‍സ് റണ്ണൗട്ടായി; സാമുവല്‍സിനെ അഫ്രീദി ബൗള്‍ഡാക്കി. രാംദിനും (5) അധികം വാണില്ല. പക്ഷേ, വിന്‍ഡീസ് വെടിക്കെട്ടിനു തയ്യാറെടുക്കുകയായിരുന്നു. ബ്രാവോയും സമ്മിയും പിന്നീടുള്ള ഓവറുകളില്‍ ഉറഞ്ഞുതുള്ളി. 26 പന്തില്‍ രണ്ടു ബൗണ്ടറികളും നാലു സിക്സറുകളും പറത്തിയ ബ്രാവോ പാക് ബൗളര്‍മാരെ ഹതാശരാക്കി. അഞ്ചു ഫോറുകളും രണ്ടു സിക്സറുകളും അടങ്ങുന്നതായിരുന്നു സമ്മിയുടെ ഇന്നിങ്ങ്സ്. പാക് ബൗളര്‍മാരില്‍ ഹഫീസും തന്‍വീറും സുള്‍ഫിക്കര്‍ ബാബറും അഫ്രീദിയും ഓരോ ഇരകളെ വീതം കണ്ടെത്തി. 4 ഓവറില്‍ 41 റണ്‍സ് വഴങ്ങിയ സയീദ് അജ്മലിന് വിക്കറ്റൊന്നും ലഭിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: