പ്രപഞ്ചത്തേയും അതില്‍ ഒളിഞ്ഞിരിക്കുന്ന ദിവ്യമായ ചൈതന്യത്തിലേക്കും വെളിച്ചം വീശുന്ന വേദങ്ങളില്‍ പ്രതിപാദിക്കാത്തതായി ഒന്നും ഇല്ലെന്നാണ് ഭാരതീയ സങ്കല്പം. പക്ഷേ അതൊരു സങ്കല്പം മാത്രമായി ഒതുക്കിക്കളയാന്‍ നടന്ന ബോധപൂര്‍വ്വമായ ശ്രമത്തില്‍ സ്വത്വം നഷ്ടപ്പെട്ടവരായി നമ്മള്. മറ്റാര്‍ക്കും സ്വന്തമായില്ലാത്ത ബൃഹത്തായ ജ്ഞാനം കൈമുതലായി ഉണ്ടായിരുന്നിട്ടും അതിന്റെ കരുത്ത് മനസ്സിലാക്കാതെ പോയി. എങ്കിലും ആ വേദ സംഹിതകളില്‍ നിന്നും ചിലതൊക്കെ മനസ്സിലാക്കി പ്രാവര്‍ത്തികമാക്കാന്‍ പ്രയത്നിച്ചവരും ഇല്ലാതില്ല, വേദങ്ങളിലെ ശാസ്ത്രീയതയെ അറിഞ്ഞ് പ്രയോഗിച്ചവര്‍. വിമാനവും മിസെയിലുമെല്ലാം കണ്ടുപിടിച്ചതിന്റെ ക്രെഡിറ്റ്്് വിദേശ രാജ്യങ്ങള്‍ക്ക് പങ്കുവച്ചുകൊടുക്കുമ്പോള് സംവത്സരങ്ങള്‍ക്ക് മുമ്പുതന്നെ ഭാരതീയര്‍ക്ക് വിമാനം പരിചിതമായിരുന്നുവെന്ന് മഹാഭാരതവും രാമായണവും പറയുന്നു.
വേദങ്ങളും അതിലെ ശാസ്ത്രവും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ വേര്‍തിരിച്ച് അറിയണമെങ്കില്‍ അതി പുരാതനമായതില്‍ നിന്നു തുടങ്ങി അത്യാധുനിക കാലത്തിലേക്ക് ഒരു യാത്ര ആവശ്യമാണ്. ആ യാത്ര ഒരു ചലച്ചിത്രത്തിലൂടെയാണെങ്കിലോ? ദൃശ്യഭാഷയും സംസാര ഭാഷയും എല്ലാം ചേര്‍ന്നുള്ള ആ യാത്ര ഒരു അവിസ്മരണീയ അനുഭവം സമ്മാനിച്ചേക്കാം. വേദ കാലഘട്ടത്തില്‍ തുടങ്ങി ബ്രിട്ടീഷ് ഇന്ത്യയും കടന്ന് ഐഎസ്ആര്‍ഒയുടെ ചരിത്രനേട്ടങ്ങളിലേക്കാണ് ഈ സിനിമ നമ്മെ കൂട്ടിക്കൊണ്ടുപോവുക. എല്ലാം കൊണ്ടും അന്വര്‍ത്ഥമായ പേരാണ് ചിത്രത്തിന്; ദ സ്ട്രാറ്റജിസ്റ്റ്. മലയാളിയായ പ്രശാന്ത് പനമൂട്ടീലാണ് സംവിധായകന്. പത്ത് വര്‍ഷത്തെ ശ്രമഫലമാണ് തന്റെ ഈ ചിത്രമെന്ന് പ്രശാന്ത് പറയുന്നു. ഇതിനായി നിരന്തരമായ ഗവേഷണങ്ങള്‍, പല പ്രമുഖരുമായുള്ള അഭിമുഖങ്ങള്‍ എല്ലാത്തിനുമൊടുവില്‍ സിനിമ പിറവി കൊള്ളുമ്പോള്‍ ഇന്ത്യന്‍ സിനിമ കണ്ടതില്‍ വച്ചേറ്റവും മികച്ച ക്ലാസിക് ചിത്രങ്ങളിലൊന്നായി സ്ട്രാറ്റജിസ്റ്റ് മാറുമെന്നും അദ്ദേഹം പറയുന്നു.
5000 വര്‍ഷം മുമ്പ് സമുദ്രദേവന്റെ കൈയില്‍ നിന്നും ദാനമായി സ്വീകരിച്ച ഭൂമിയായിരുന്നു ശീകൃഷ്ണാവതാരത്തെ വരവേറ്റ ദ്വാരക. കടല്‍ നികത്തിയും ടൗണ്‍ഷിപ്പുകള്‍ പണിയുന്നത് പ്രാവര്‍ത്തികമാക്കിയപ്പോള്‍ പുരാണത്തില്‍ പ്രതിപാദിക്കുന്ന സങ്കല്പ കഥകള്‍ സത്യമാകുന്ന കാഴ്ച. ലോകം കണ്ടതില്‍ വച്ചേറ്റവും വലിയ നയതന്ത്രജ്ഞനായ കൃഷ്ണനില്‍ തുടങ്ങി പല ചരിത്ര പുരുഷന്മാരിലൂടെയും സഞ്ചരിച്ചാണ് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ വിജയഗാഥയിലേക്ക് എത്തുന്നത്. പ്രധാനമായും ഈ ചിത്രം പറയുന്നത് ഐഎസ്ആര്‍ഒയ്ക്ക് വേണ്ടി ജീവിതം മാറ്റിവച്ച എപിജെ അബ്ദുള്‍ കലാം എന്ന പ്രതിഭയെക്കുറിച്ചാണ്.
ഇംഗ്ലീഷിലാണ് ചിത്രീകരിക്കുന്നതെങ്കിലും 10 മിനിറ്റ് ഈ ചിത്രം സംസാരിക്കുക ബ്രാഹ്മി ഭാഷയിലായിരിക്കും.
രാമേശ്വരത്ത് അറിവിന്റെ ഇടനാഴികളിലൂടെ സഞ്ചരിച്ച, മതസൗഹാര്‍ദ്ദം തൊട്ടറിഞ്ഞ മുസ്ലീം ബാലന് പിന്നീട് ബഹിരാകാശ രംഗത്ത് ഇന്ത്യ കൈവരിച്ച ചരിത്ര നേട്ടങ്ങളില്‍ പങ്കാളിയാവുന്നതും മറ്റും വേദങ്ങളുടെ പിന്‍ബലത്തില്‍ ആവിഷ്കരിക്കുകയാണ് സ്ട്രാറ്റജിസ്റ്റിലൂടെ. അബ്ദുള്‍ കലാമില്‍ നിന്നും അകമഴിഞ്ഞ സഹകരണമാണ് ലഭിച്ചതെന്ന് പ്രശാന്ത്. അദ്ദേഹത്തിന്റെ അനുഗ്രഹത്തോടെയാണ് ചിത്രം തുടങ്ങുന്നത്.
ഐഎസ്ആര്‍ഒയുടെ ചെയര്‍മാനായി വിക്രം സാരാഭായ് ചുമതലയേല്‍ക്കുന്നതും ഇന്ത്യയുടെ ആദ്യത്തെ റോക്കറ്റിന് രോഹിണി എന്ന പേര് അദ്ദേഹത്തിന്റെ ഭാര്യ മൃണാളിനി നിര്‍ദ്ദേശിക്കുന്നതും ഉള്‍പ്പെടെ ഐഎസ്ആര്‍ഒയുമായി ബന്ധപ്പെട്ടതെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട് ഈ ചിത്രത്തില്‍. 2010 ലാണ് ഇത്തരത്തിലൊരു ചിത്രം എടുക്കുന്നതിന് ഐഎസ്ആര്‍ഒ അനുമതി നല്‍കിയത്.
ജോണ്‍പോള്‍, പ്രശാന്ത് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ത്യ, ഇംഗ്ലണ്ട്, ജപ്പാന്, റഷ്യ, യുഎസ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങളുടെ നീണ്ട നിരതന്നെയുണ്ട് 250 കോടി രൂപ മുതല്‍ മുടക്കി നിര്‍മിക്കുന്ന ഈ ചിത്രത്തില്‍. വിക്രമാണ് വിക്രം സാരാഭായ് ആയി വേഷമിടുന്നത്.
അബ്ദുള്‍കലാമിന്റെ സുഹൃത്തായി സമുദ്രകനിയും എത്തുന്നു. ഇന്ത്യയുടെ അഭിമാന നിമിഷങ്ങളുടെ കഥ പറയുന്ന ചിത്രത്തില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച പ്രതിഭാധനരാണ്് അണിയറ ശില്പികള്. ക്ലാസിക്കല്‍ ഡാന്‍സിനും സംഗീതത്തിനും ആത്മീയതയ്ക്കും കലയ്ക്കും ശാസ്ത്രത്തിനും തത്വചിന്തയ്ക്കും ഒരേ പ്രാധാന്യമാണ് പ്രശാന്ത് നല്‍കിയിരിക്കുന്നത്. നാലോളം ഓസ്കാര്‍ പുരസ്കാര ജേതാക്കളും 30 ഓളം ദേശീയ അവാര്‍ഡ് ജേതാക്കളുമാണ് അണിയറയില്‍. ടൈം ആന്റ് ടൈഡ് ഫ്രെയിംസ് ബാനറില്‍ പ്രമോദ് പൂവനാണ് ദ സ്ട്രാറ്റജിസ്റ്റ് നിര്‍മിച്ചിരിക്കുന്നത്. രാമേശ്വരം, തിരുവനന്തപുരം, ദല്‍ഹി, ഗുജറാത്ത് എന്നിവിടങ്ങളിലായി ചിത്രീകരണം. കടലെടുത്ത ദ്വാരകയുടെ ശേഷിപ്പിനും ബ്രാഹ്മി ഭാഷയ്ക്കും പ്രാധാന്യം നല്‍കിയാണ് ചിത്രീകരണം. അടുത്ത ജനുവരിയില്‍ ദ സ്ട്രാറ്റജിസ്റ്റ് പ്രദര്‍ശനത്തിനെത്തും.
കൊല്ലം സ്വദേശിയാണ് പ്രശാന്ത് പനമൂട്ടില്‍. 2003 ല്‍ ആര്‍മിയില്‍ ഡപ്യൂട്ടേഷനില്‍ അഡ്വഞ്ചര്‍ പെയിലറ്റായി ചേരുന്നു. ഒരു അപകടത്തെ തുടര്‍ന്ന് സൈനിക സേവനത്തില്‍ നിന്നും 2005 ല്‍ വിആര്‍എസ് എടുത്തു. തുടര്‍ന്ന് ടി.കെ. രാജീവ്, മുരളി നാഗവള്ളി, മേജര്‍ രവി, കെ. രാജേഷ് കുമാര്‍ തുടങ്ങിയവരുടെ കീഴില്‍ അസോസ്യേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചു. ആ അനുഭവ സമ്പത്തുമായാണ് രാജ്യത്തിന്റെ അഭിമാന സ്തംഭമായ ഐഎസ്ആര്‍ഒയ്ക്ക് ചലച്ചിത്രഭാഷ്യം ഒരുക്കുന്നത്.
വിനീത വേണാട്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: