മലയാളത്തിന്റെ ഇതിഹാസമായ ഒ.വി. വിജയന് വിടപറഞ്ഞിട്ട് ഇന്നേക്ക് ഒന്‍പത് വര്‍ഷം
ഇതിഹാസത്തില്‍ ഖസാക്ക് എന്ന പേരുകൂടി ചേര്‍ത്ത ഒ.വി.വിജയന്റെ വേര്പാടിന് ഇന്നേയ്ക്ക് ഒന്‍പതു വയസ്സ്. പാലക്കാടന്‍ മണ്ണില്‍നിന്ന് മലയാള സാഹിത്യത്തിന് ഇന്ത്യന്‍ വലിപ്പവും ആഗോള സാന്നിധ്യവും നല്കിയ വിജയന് എന്നിട്ടും വായനക്കാരില്‍ മികവുകൊണ്ടു വേര്‍പിരിയാതെ മുന്നില്‍. വായനയുടെ നടവഴികളില്‍ പച്ചപ്പിന്റെ കൊയ്ത്തുത്സവങ്ങളാണ് ഇപ്പോഴും ഈ എഴുത്തുകാരന്റെ കൃതികള്‍. കൂമന്‍കാവില്‍ രവി ബസ് കാത്തുനില്‍ക്കുംപോലെ വായനയുടെ ക്യൂവില്‍ വിജയനെ കാത്തുനില്‍ക്കുന്നവരാണധികവും.
ഒ.വി.വിജയനെ വായിച്ചില്ലെന്ന കുറവില്‍ തലതാഴ്ത്തി നിന്നവരുണ്ട്. വിജയനെ വായിച്ചെന്ന അഹങ്കാരത്തില്‍ അര്‍മാദിച്ചവരും അനേകം. ഖസാക്കിന്റെ ഇതിഹാസം വായിച്ചില്ലെങ്കില്‍പ്പിന്നെ ജീവിച്ചിട്ടെന്തിനെന്ന് ചോദിച്ചവരുണ്ട്. മലയാളത്തില്‍ അത്തരമൊരു ചോദ്യവും ഇത്തരമൊരു പുസ്തകവും നേരത്തെ ഉണ്ടായിട്ടില്ല. മലയാള വായനയുടെ ഇതിഹാസം കൂടിയാണ് ഖസാക്ക്. ഗൗരവമുളള വായനയുടെ ബാല്യം വിടാത്തവര്‍ പോലും കൈവിടില്ല ഖസാക്കിനെ.
ചൂടില്‍ വെന്തുരുകുന്ന പാലക്കാടിനെക്കുറിച്ചിന്നു പറയുമ്പോള്‍ പതിറ്റാണ്ടുകള്‍ക്കു മുമ്പേ അതനുഭവിച്ചിട്ടുണ്ടെന്ന് പറയും മലയാളി; ഖസാക്കിന്റെ ഇതിഹാസം വായിച്ച്. പാലക്കാടന്‍ ചുരം കടന്നുവന്നും പനമ്പട്ടകളില്‍ കൂടുവെച്ചും കളിച്ച കാറ്റിനെ അവര്‍ക്കറിയാം. പാലക്കാടന്‍ മണ്ണും മനസ്സും അവരുടെ വായനപ്പാതയില്‍ ഇടിച്ചുകേറി. സ്വന്തമോ ബന്ധമോ അയല്‍ക്കാരോ ആയിത്തീര്‍ന്നവരാണ് മൈമുനയും അപ്പുക്കിളിയും മാധവന് നായരും അള്ളാപ്പിച്ചാ മൊല്ലാക്കയും അവര്‍ക്ക്. എന്നിട്ടും രവിയെ പിടികിട്ടിയില്ല. രവി അവരെ ചുറ്റിച്ചു. ഭ്രാന്തുപിടിപ്പിച്ചു. അതിശയിപ്പിച്ചു. അങ്ങനെയൊരു നായകനെ വായനക്കാര്‍ മുന്‍പു കണ്ടിട്ടില്ല. പിന്നെപ്പിന്നെ അവര്‍ തിരിച്ചറിഞ്ഞു. സ്വത്വപ്രതിസന്ധികളിലൂടെ സ്വയം കണ്ടെത്താനലയുന്ന രവി തങ്ങളുടെ കൂടി പ്രതിനിധിയാണെന്ന്.
വായനാശീലങ്ങളിന്മേലുള്ള നെടുങ്കന്‍ പിളര്‍പ്പു തീര്‍ത്ത രസക്കൂട്ടായിരുന്നു ഖസാക്കിന്റെ ഇതിഹാസം. സാഹിത്യ ചരിത്രത്തെത്തന്നെ ഈ നോവല്‍ രണ്ടായിപ്പകുത്തു. ഖസാക്കിനു മുമ്പും ശേഷവും എന്ന്. നീണ്ട പന്ത്രണ്ടുവര്‍ഷങ്ങളുടെ അന്വേഷിച്ചു കണ്ടെത്തലും എഴുത്തും തിരുത്തുമായി 1969 ലാണ് ഖസാക്ക് വെളിച്ചമായത്. അത്രയും കാലം ഖസാക്ക് വിജയനുള്ളില്‍ ഗര്‍ഭധ്യാനത്തിലായിരുന്നു.
ഭാഷയോടു കലഹിച്ച് വാമൊഴിയും വരമൊഴിയും തമ്മില്‍തല്ലി നാട്ടുമെഴുക്കും വഴുപ്പും കൊണ്ട് വിജയന് കുഴിച്ചെടുത്തൊരു ഭാഷയുണ്ട് ഖസാക്കില്‍…. ചെതലിയുടെ ചെരിവില്‍ നേരം താണു. പൂവാക മരങ്ങള്‍ക്കിപ്പോള്‍ അസ്തമയത്തിന്റെ ഇരുണ്ട നിറമാണ്. അകത്തെ മുറിയില്‍ ചെന്നപ്പോള്‍, പൊട്ടിയൊലിക്കുന്ന ചലംപോലെ, ജമന്തിയുടെ മണം. പായിലും അതേമണം. അവളുടെ ഉടലില്‍ എവിടെനിന്നെല്ലാമോ രവി വിയപ്പ് ഒപ്പിയെടുത്തുനോക്കി. അങ്ങനെ തന്നെ മണക്കുന്നു.
ഇങ്ങനെ മനസ്സില്‍ തൂക്കിയിടാവുന്ന ഭാഷ കൊണ്ടുള്ള ചിത്രങ്ങള്‍ അനേകമുണ്ട് ഖസാക്കില്‍. ആധുനികോത്തരമെന്ന് ഖസാക്കിന്റെ ഇതിഹാസത്തെ വിളിക്കുമ്പോഴും കാലാതീതമായ മനസ്സില്‍ കിനാവിലെ നാട്ടുമണമായി ഈ നോവല്‍ ഉള്ളില്‍ അള്ളിപ്പിടിക്കുന്നുണ്ട്. അങ്ങനെ എഴുത്തില്‍ ഒരു വിജയന് കാലവും അതുതന്നെയായ സ്ഥലവും (ഇടവും) തീര്‍ത്തു വിജയന്.
എഴുത്തുകാരന്, അദ്ധ്യാപകന്, പത്രപ്രവര്‍ത്തകരന്‍, കാര്‍ട്ടൂണിസ്റ്റ്, രാഷ്ട്രീയ നിരീക്ഷകന് തുടങ്ങിയ വിജയനെന്ന ബൃഹദാഖ്യാനങ്ങള്‍ അദ്ദേഹത്തിന്റെ രചനകളില്‍ ചെടിപ്പാകുന്നുണ്ട്. ധര്‍മപുരാണത്തില്‍ വിജയനിലെ കാര്‍ട്ടൂണിസ്റ്റും രാഷ്ട്രീയ നിരീക്ഷകനും നേര്‍ക്കുനേരുണ്ട്. അടിയന്തരാവസ്ഥയുടെ ചുറ്റുമുള്ള ഒരിന്ത്യന്‍ മിനിയേച്ചറാണ് കല്ല് പിളര്‍ക്കുന്ന നര്‍മത്തിന്റെ കാമ്പുള്ള ധര്‍മപുരാണം. ഖസാക്കിലെ അസ്തിത്വവാദിയില്‍നിന്ന് ശുദ്ധീകരണ പ്രക്രിയയുള്ളൊരു സിനിക്കിന്റെ നോട്ടമാണ് ഈ നോവല്‍. ഇതിലെ പ്രധാന കഥാപാത്രമായ സിദ്ധാര്ത്ഥന് പ്രവചനാതീത ബോധ്യങ്ങളുടെ ഗയാ വെളിച്ചമാകുന്നത് ഒരുപക്ഷേ മനഃപൂര്‍വമാകാം. വിജയന് എന്ന കാര്‍ട്ടൂണിസ്റ്റ് വേഷം മാറിയതോ സിദ്ധാര്ത്ഥന്.
അസ്തിത്വവാദ സമുദ്രത്തില്‍ മുങ്ങി അസംബന്ധം കൊണ്ടു തോര്‍ത്തി പിന്നേയും സന്ദേഹങ്ങളില്‍ തെന്നിയതുകൊണ്ടാവണം ഗുരുസാഗരത്തില്‍ മുങ്ങി ഉണര്‍വിലേക്കു നിവര്‍ന്നത്. വിജയനിലെ വിപ്ലവകാരിയിലെ കുറവു നികത്താനാവണം ആത്മീയതയുടെ ഛന്ദസ്സിനായി ഗുരുവിനെത്തേടിയത്. വിജയനിലെ എഴുത്തുകാരന്റെയും അന്വേഷിയുടെയും വഴിത്തിരിവാണ് ഗുരുസാഗരം എന്ന നോവല്‍. പ്രത്യയശാസ്ത്രങ്ങളുടെ നിര്‍ബന്ധങ്ങള്‍ക്കും സാംസ്ക്കാരിക ചിന്തകളുടെ സമ്മര്‍ദ്ദങ്ങള്‍ക്കുമപ്പുറത്തെ സ്നേഹത്തിന്റേയും കരുണയുടെയും ദയാര്‍ദ്രതയാണത്. ഖസാക്കിലെ രവിയുടെ അന്വേഷണം പോലെ പത്രപ്രവര്‍ത്തകന്റെ അന്വേഷണമെന്ന മാറ്റമേയുള്ളൂ. എല്ലാ പുഴകളും കടലിലേക്കെന്നപോലെ എല്ലാ വഴികളും ഒന്നിലേക്ക്. 1971 ലെ ഇന്തോ-പാക് യുദ്ധം റിപ്പോര്‍ട്ടു ചെയ്യാന്‍ തെരഞ്ഞെടുക്കപ്പെട്ട ദല്‍ഹിയില്‍ ജോലി ചെയ്യുന്ന മലയാളി പത്രപ്രവര്‍ത്തകനാണ് ഇതിലെ മുഖ്യ കഥാപാത്രം. ഈഗോയുടെ നാനാത്വം ശരീര-മനസ്സുകളില്‍നിന്നും എങ്ങനെ ഒഴിയാമെന്ന് അയാള്‍ അറിയുന്നു.
ആ അനന്തരാശിയില്‍നിന്ന് ഏതോ സാന്ദ്രതയുടെ കിനിവുകള്‍ അയാളുടെ നിദ്രയിലിറ്റു വീണു. അവ ആ മനുഷ്യനെ സ്നാനപ്പെടുത്തി. രവി ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഇങ്ങനെയൊരു സ്നാനപ്പെടുത്തലിനെക്കുറിച്ച് ഖസാക്കിന്റെ ഇതിഹാസത്തിലുണ്ട്. ഇത്തരമൊരു സ്നാനപ്പെടലായിരിക്കണം മനസ്സും ഉടലും അഴിഞ്ഞ് അഹങ്കാരം ഇല്ലാതാകുന്ന ഗുരുസാഗരത്തിലെ പത്രപ്രവര്‍ത്തകനും കിട്ടുന്നത്.
മധുരം ഗായതി, പ്രവാചകന്റെ വഴി, തലമുറകള്‍ എന്നിങ്ങനെ ആറ് നോവലുകള്‍ക്കും കുറെ കഥകളും ലേഖനങ്ങളും മറ്റുമായ മുപ്പതോളമുണ്ട് ഒ വിയുടെ കൃതികള്‍. ‘സമുദ്രത്തിലേക്ക് വഴിതെറ്റിവന്ന പരല്‍മീന്‍’ എന്ന അദ്ദേഹത്തിന്റെ സ്മരണ പുസ്തകം പോലെ വഴിതെറ്റിവന്നവന്റെ തിരുവെഴുത്തുകളാണ് വിജയന് കൃതികള്‍. മലയാളിയുടെ വായനാവഴിയില്‍ കല്ലും മുള്ളും കുണ്ടും കുഴിയുമുണ്ട്. ചുറ്റും മുളപൊട്ടുന്ന പുല്‍ക്കൊടികളുമുണ്ട്. മന്ദാരത്തിന്റെ ഇലകള്‍ ചേര്‍ത്തു തുന്നിയ ഈ പുനര്‍ജനിയുടെ കൂടുവിട്ട് ഞാന്‍ വീണ്ടും യാത്രയാണെന്ന് ഖസാക്കിലെ രവി. അവസാനിക്കാത്ത വായന യാത്രയിലൂടെ വിജയന് വീണ്ടും പുനര്‍ജനിക്കുന്നു.
സേവ്യര്‍ ജെ
പ്രതികരിക്കാൻ ഇവിടെ എഴുതുക: