യഥാര്‍ഥ ജീവിതത്തില്‍ മനുഷ്യന് അഭിനയിക്കാന്‍ തുടങ്ങിയതോടെയാണ് നമ്മുടെ നാട്ടില്‍ നിന്നും നാടകം വഴിമാറിപ്പോയതെന്ന് ഒരു നാടക പ്രേമി ഈയിടെ പറയുകയുണ്ടായി. ഒരുകാലത്ത് കൊഴുത്ത നാടക രാവുകള്‍ എവിടേയും ഉണ്ടായിരുന്നു.നമ്മുടെ നാട്ടിലും. ക്ഷേത്രമുറ്റത്തും പള്ളിപ്പരിസരത്തുമൊക്കെ നാടകം കണ്ട് രാവുകളെ ഇമ്പമാക്കിയ കാലം. ആഘോഷങ്ങള്‍ക്കൊടുവില്‍ നാടകംകണ്ടു പിരിയുന്ന നാട്ടുശീലം ഉണ്ടായിരുന്നു മലയാളിക്ക്. നാടകത്തിന്റെയും തിയറ്ററിന്റെയും വ്യാകരണം അറിയാതെ തന്നെ നാടകത്തെ പ്രണയിച്ചു മലയാളി.പിന്നെപ്പിന്നെ കാലത്തിന്റെ കോലം തിരക്കിന്റെയും യാന്ത്രികതയുടേയും പേരിലൊക്കെ എഴുതിച്ചേര്‍ക്കപ്പെടാന്‍ തുടങ്ങിയപ്പോള്‍ രാവുകള്‍ക്കു നീളം കുറഞ്ഞു. വീട്ടിലടഞ്ഞുകിടന്നു രാവുകള്‍. അങ്ങനെ ഒഴിഞ്ഞുപോയി നാടകം. എങ്കിലും ഒറ്റയ്ക്കും തെറ്റയ്ക്കുമായി ഇപ്പോള്‍ നഗര-ഗ്രാമങ്ങളില്‍ നാടകക്കളികള് വിരുന്നു വന്നു കൊണ്ടിരിക്കുന്നു.
ഈ ഇരുപത്തിയേഴിന് ലോക നാടകദിനമായിരുന്നു. നാടകം കളിക്കാനും കാണാനും ഓര്ക്കാനുമൊക്കയായി ഒരുദിനം. സമഗ്രമായ നാടക വളര്‍ച്ചയുടേയും പടര്ച്ചയുടേയും ജാഗ്രതയെയാണ് ഈ ദിവസം ലക്ഷ്യമിടുന്നത്.ലോകം മുഴുവന്‍ ഈ ദിവസം നാടക സാന്നിധ്യത്താല്‍ സമ്പൂര്‍ണ്ണമായിരുന്നു.നാടകം കൈ വിടാത്തൊരു കാലത്തെ സജീവമായി നിലനിര്‍ത്താനാണ് നാടക ദിനം ആഹ്വാനം ചെയ്യുന്നത്. 1961-ല്‍ ഹെല്‍സിങ്കിയിലും പിന്നീട് വിയന്നയിലും നാടക സമ്മേളനത്തിലാണ് മാര്‍ച്ച് 27 നാടക ദിനമാക്കാന്‍ തീരുമാനമായത്.ആഘോഷ രാവുകളുടെ ഉല്‍പ്പന്നമായും അല്ലാതെയും ചരിത്ര ബോധ്യങ്ങളുടെ കാലംമുതലേ നാടകമുണ്ടായിരുന്നു. ജീവശ്വാസം പോലെയായിരുന്നു ലോകത്തെമ്പാടും തിയറ്ററും നാടകവും ഉണ്ടായിരുന്നത്. പണ്ട് തിയറ്റര്‍ പുറം നാടുകളില്‍ നാടകത്തിനു മാത്രമായിരുന്നപ്പോള്‍ ഇന്ത്യയില്‍ നാടകം പോലെ പലതിന്റെയും അരങ്ങായിരുന്നു തിയറ്റര്‍.
നൂറ്റാണ്ടിന്റെ പഴക്കമുണ്ട് ഇന്ത്യന്‍ നാടകവേദിക്ക്.ഒരു സംസ്ക്കാരമായും സ്വഭാവമായുമുള്ള ഇന്ത്യന്‍ വികാരമാണിത്. നാടകമേ ഉലകമെന്നും നാടകാന്തം കവിത്വമെന്നുമുള്ള ആപ്ത വാക്യങ്ങള്‍ ഈ വികാരത്തിന്റെ വാക്മയങ്ങളാണ്. കവിതയുടെ അത്രതന്നെ പ്രാധാന്യമുണ്ടായിരുന്നു നാടകത്തിനും. കവിതയുടെ വാക്ക് ആവിഷ്ക്കാരമായിരുന്നു നാടകം. ആത്യന്തികമായി മനുഷ്യന് തന്നെയാണ് നാടക വിഷയം എന്നതു കൊണ്ടാവണം നാടകം അന്നും ഇന്നും ജനകീയമായത്. പല രീതിയിലും പേരിലും നാടകം അറിയുമ്പോഴും അതുമനുഷ്യ സ്പര്ശിയാണ്. സിനിമ താത്ക്കാലികാനുഭവമാകുമ്പോള് പ്രേക്ഷകര്‍ക്ക് നേരനുഭവമാണ് നാടകം.
നാടകം വഴിമാറിപ്പോകുന്നതിന്റെ കാരണം തന്നെയാകണം ഒരു പക്ഷേ നാടകം കാണുന്നതിന്റെ കാരണവും. മനുഷ്യര്‍ പരസ്പ്പരം അഭിനയിക്കുന്നുവെന്ന്. എല്ലാ കലയും മനുഷ്യ ശീലമാണ് അനുകരിക്കുന്നതെന്ന യാഥാര്‍ഥ്യം നാടകത്തിന്റെ കാര്യത്തില്‍ കറെക്കൂടി ശരിയുമാണ്.ഇതാണ് ലോക നാടകദിനത്തിന്റെ പ്രസക്തിയും.
സിദ്ധാര്‍ത്ഥ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: