ചെമ്മണ്ണിന് പാതയില്‍ പാഥേയമില്ലാതെ
മെല്ലെ തളര്‍ന്നു നടന്നു പാന്ഥന്
അന്തമില്ലാതെ കിടക്കുന്നു പാതയും
മന്ദമൊഴുകുമരുവി പോലെ
ഏകനായേതൊരു ലക്ഷ്യവുമില്ലാതെ
മൂകനായ് പാന്ഥന് നടന്നിടവേ
പാതയോടാദരമോടെ ചോദിച്ചയാള്‍
ഏതാണ് ലക്ഷ്യം പറഞ്ഞീടാമോ
ദുഃഖസമ്മിശ്രമായ് പാത ചൊല്ലീടിനാള്‍
ദിക്കറിയാതെ ചരിച്ചിടുന്നു
അന്ത്യമറിയാതെ നീണ്ടു കിടക്കുന്നു
ഹന്ത ഹതഭാഗ്യയത്രെ ഞാനും
എന്നെച്ചവിട്ടി മെതിച്ചു കടന്നു പോം
അന്തിയും, കാലവും, ജീവികളും
സൂര്യനും, ചന്ദ്രനും, താരാഗണങ്ങളും
മാരിയും, കാറ്റും,പറവകളൂം
പോകുന്ന കാഴ്ചകള്‍ കണ്ടു ഞാന്‍ നിത്യവും
ഏകാന്ത സാക്ഷിയായ് മൗനിയായി
എങ്ങു പോകുന്നു നീയാദ്യമായെന്നോടു
ചങ്ങാത്തം കൂടിയ യാത്രക്കാരാ
ലക്ഷ്യമറിയാതെ ജീവിതപ്പാതയില്‍
ഭിക്ഷുവെപ്പോലെ നടപ്പു ഞാനും
മുമ്പെനടന്നവരന്നു തെളിയിച്ച
ദീപ പ്രശോഭയില്‍ മുങ്ങിമുങ്ങി
എത്രയോ വര്‍ഷമായ് യാത്ര തുടരുന്നു
സത്യത്തില്‍ ദേഹം തളര്‍ന്നീടുന്നു
വിശ്രമിച്ചീടുവാന്‍ ദാഹം ശമിപ്പിക്കാന്‍
ആശയുണ്ടെന്നാലും നിന്നു പോയാല്‍
എന്നെ തുടര്‍ന്നു വരുന്നവര്‍ പാതയില്‍
നിന്നാലവന്റെ പിന്‍ഗാമികളും
ദിക്കറിയാതെ തളര്‍ന്നു നശിച്ചീടാം
ദുഃഖമുണ്ടിന്നു ഞാനോര്ത്തീടുകില്
കാലിന്റെ താളം പിഴക്കും വരേക്കും നാം
നീളെ നടക്കാം മരണം വരെ
യു. ഭാസ്ക്കരന്‍
കൊല്‍ക്കത്ത
പ്രതികരിക്കാൻ ഇവിടെ എഴുതുക: