തിരുവനന്തപുരം: ബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയായ നരേന്ദ്രമോദിയെ തീവ്രവാദിയായി ചിത്രീകരിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നടപടി തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹകസമിതി അംഗം അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള. അധാര്‍മ്മികവും മര്യാദകള്‍ പാലിക്കാത്തതുമായ പ്രസ്താവനയാണ് മുഖ്യമന്ത്രി നടത്തിയതെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആര്‍എസ്എസിന്റെ പിന്തുണയോടുകൂടി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള തീവ്രവിഭാഗം ബിജെപിയിലെ മിതവാദികളെ വെട്ടിനിരത്തി ഭരണം പിടിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടത്തുന്നതെന്ന ഫെയ്സ് ബുക്കിലൂടെയുള്ള ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനയ്ക്കെതിരായിട്ടായിരുന്നു ശ്രീധരന്‍പിള്ളയുടെ പ്രതികരണം. മുമ്പ് വാജ്പേയിയെയും അദ്വാനിയെയും വര്‍ഗ്ഗീയവാദികളെന്ന് ചിത്രീകരിച്ചവരാണ് ഇപ്പോള്‍ അവരെ മിതവാദികളും നരേന്ദ്രമോദിയെ തീവ്രവാദിയുമാക്കിയിരിക്കുന്നതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. മോദിയെ തീവ്രവാദിയായി ചിത്രീകരിക്കുന്നവര്‍ക്ക് അതിന്റെ കാരണങ്ങള്‍ വിശദീകരിക്കാന്‍ കൂടി ബാധ്യതയുണ്ട്. ഇത്തരം വ്യക്തിഹത്യാപരമായ പ്രസ്താവനകള്‍ പിന്‍വലിക്കണമെന്നും ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു.
ലോകസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ കോണ്‍ഗ്രസ് പരാജയം സമ്മതിച്ചു. കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ്സിംഗ് പറയുന്നത് സുഷമാസ്വരാജാണ് പ്രധാനമന്ത്രിയാകാന്‍ യോഗ്യയെന്നാണ്. പ്രധാനമന്ത്രിസ്ഥാനം ബിജെപിക്കു തന്നെയെന്ന് കോണ്‍ഗ്രസ് ഉറപ്പിച്ചു കഴിഞ്ഞു. മോദിയാകണോ മറ്റാരെങ്കിലും വേണമോ എന്നകാര്യത്തിലേ കോണ്‍ഗ്രസിന് തര്‍ക്കമുള്ളു. പരാജയ ഭീതിയിലായ കോണ്‍ഗ്രസ് നേതാക്കള്‍ സ്ഥാനാര്‍ത്ഥികളാകാന്‍ പോലും തയ്യാറാകുന്നില്ല. ചിദംബരത്തെ പോലെ തലമൂത്ത കോണ്ഗ്രസ്സുകാര് പോലും പരാജയം നേരത്തെ ഉറപ്പിച്ചുകഴിഞ്ഞു.
കേരളത്തില്‍ ബിജെപിക്ക് വോട്ട് ചെയ്താലും വിജയിക്കില്ലെന്ന ജനങ്ങളുടെ ധാരണയ്ക്ക് മാറ്റം വന്നു. 2004ലെ തെരഞ്ഞെടുപ്പില്‍ രണ്ട് മലയാളികളായ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ കഴിഞ്ഞു. മൂവാറ്റുപുഴയിലും കവരത്തിയിലും വിജയമുണ്ടായി. അന്നത്തെ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കേരളത്തില്‍ 12.4 ശതമാനം വോട്ടു ലഭിച്ചു. കേരളത്തിലെ അഞ്ച് മണ്ഡലങ്ങളില്‍ ബിജെപി ഒന്നാം സ്ഥാനത്തും അഞ്ചിടത്ത് രണ്ടാം സ്ഥാനത്തുമെത്തി. രണ്ടു മുന്നണികള്‍ക്കുമിടയില്‍ ബിജെപിക്കുള്ള ഇടം തെളിയിക്കപ്പെടുകയായിരുന്നു 2004ലെ തെരഞ്ഞെടുപ്പില്‍. അന്ന് സിപിഎം പുറത്തിറക്കിയ പ്രമേയത്തില്‍ ബിജെപി കേരളത്തില്‍ അപകടകരമായ നിലയില്‍ വളരുന്നുവെന്നാണ് പറഞ്ഞിരുന്നത്. ഇടതുമുന്നണിയില്‍ നിന്നുണ്ടായ വോട്ട് ചോര്‍ച്ചയെ കുറിച്ച് പഠിക്കാന്‍ പന്ന്യന്‍ രവീന്ദ്രന്റെ നേതൃത്വത്തില്‍ കമ്മീഷനെ വച്ചെങ്കിലും അതിന്റെ റിപ്പോര്‍ട്ട് ഇനിയും പുറത്തു വിട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: