ആറന്മുള : വികസനമെന്ന പേരില്‍ പ്രകൃതിയെ നശിപ്പിച്ചും ജനങ്ങളെ കുടിയൊഴിപ്പിച്ചും ആറന്മുളയില് നടപ്പാക്കുന്ന വിമാനത്താവള പദ്ധതിയ്ക്കെതിരായ സമരത്തിന് കേരള ലാറ്റിന്‍ കാത്തലിക് സഭയുടെ പൂര്‍ണ്ണ പിന്തുണ ഉണ്ടായിരിക്കുമെന്ന് സഭയുടെ പ്രതിനിധിയായി സത്യഗ്രഹപ്പന്തലില്‍ എത്തിയ ആറന്മുള സെന്റ് സെബാസ്റ്റ്യന്‍സ് കാത്തലിക് ചര്‍ച്ച് ഇടവക വികാരി റവ. ഫാദര്‍ സാം ഷൈന്‍ പറഞ്ഞു. ആറന്മുള വിമാനത്താവള പദ്ധതിക്കെതിരെ നടക്കുന്ന അനിശ്ചിതകാല സത്യഗ്രഹത്തിന്റെ നാല്പത്തിമൂന്നാം ദിവസ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിസ്ഥിതി സംരക്ഷണത്തെ ക്രൈസ്തവര്‍ ജീവിതചര്യയാക്കി മാറ്റണമെന്ന് പ്രഖ്യാപിച്ച ഫ്രാന്‍സിസ് ഒന്നാമന് മാര്‍പ്പാപ്പയുടെ വചനങ്ങള്‍ അനുസരിക്കുന്ന സഭാംഗങ്ങള്‍ പൂര്‍ണ്ണമായും ആറന്മുള സത്യഗ്രഹത്തില്‍ പങ്കു ചേരുമെന്നും ലാറ്റിന്‍ കാത്തലിക് സഭയുടെ മുഴുവന്‍ ഏകോപനസമിതി അംഗങ്ങളും വരും ദിവസങ്ങളില്‍ ആറന്മുളയിലെത്തുമെന്നും അദ്ദേഹം അറിയിച്ചു.
കേരളത്തിലെ ലാറ്റിന്‍ കാത്തലിക് സഭയുടെ 11 രൂപതയുടെ കീഴില്‍ വരുന്ന എല്ലാ വൈദികരും ഒരുമിച്ചു തന്നെ ആറന്മുളയിലെത്തുമെന്നും, സുഗതകുമാരി നേതൃത്വം നല്കുന്ന ആറന്മുള സമരം 25 ലക്ഷത്തോളം വിശ്വാസികളുടെ പിന്തുണയുള്ള സഭയുടെ സമരമായി ഏറ്റെടുത്തിരിക്കുന്നു എന്നും സത്യഗ്രഹത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ കേരളത്തിലെ ലാറ്റിന്‍ കാത്തലിക് സഭ പുനലൂര്‍ രൂപത കണ്‍വീനര്‍ ജോസഫ് ഇടമണ്‍ പറഞ്ഞു.
ആരോഗ്യഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ. ജെ. രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു.
സെന്റ് സെബാസ്റ്റ്യന്‍സ് കാത്തലിക് ചര്‍ച്ച് ഇടവക അംഗങ്ങളോടൊപ്പം ആറന്മുള ഓട്ടോ ബ്രദേഴ്സ് സാംസ്കാരിക സമിതി പ്രവര്‍ത്തകരും സത്യഗ്രഹത്തില്‍ പങ്കു ചേര്‍ന്നു.
സിപിഐ. ലോക്കല്‍ കമ്മറ്റി സെക്രട്ടറി പ്രകാശ് കുമാര്‍ , സെന്റ് സെബാസ്റ്റ്യന്‍സ് കാത്തലിക് ചര്‍ച്ച് ട്രഷറാര്‍ പി.ജി. ലോറന്‍സ്, സിപിഐ.(എം.) ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ. പത്മകുമാര്‍, ഓട്ടോ ബ്രദേഴ്സ് സാംസ്കാരിക സമിതി കണ്‍വീനര്‍ പ്രസന്നകുമാര്‍, ഇടശ്ശേരിമല എന്‍എസ്എസ് കരയോഗം മുന്‍ പ്രസിഡന്റ് എ.കെ. ചന്ദ്രന് നായര്‍, ഭാരതീയ വേലന്‍ സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് വി.എസ്. ആനന്ദന്,. സിപിഐ(എം) ജില്ലാ കമ്മറ്റി അംഗം കെ.എം. ഗോപി, മാധ്യമ പ്രവര്ത്തകന് ഇലന്തൂര്‍ ഹരി, പ്രദീപ്കുമാര്‍, പി.ആര്. ഷാജി, ആറന്മുള വിജയകുമാര്‍, മോളി തോമസ് എന്നിവര്‍ സംസാരിച്ചു.
സത്യഗ്രഹത്തിന്റെ നാല്പത്തിനാലാം ദിവസമായ ഇന്ന് ആറന്മുള കണ്ണാടിയുടെ 15 ഓളം യൂണിറ്റില്‍ നിന്നുള്ള ശില്പികള് സത്യഗ്രഹത്തില്‍ പങ്കെടുക്കുകയും. കണ്ണാടിയുടെ നിര്‍മ്മാണരീതി പന്തലില്‍ അവതരിപ്പിക്കുകയും ചെയ്യും. ചുണ്ടന്‍വള്ളങ്ങളുടെ ശില്പി ചങ്ങംകരി വേണു ആചാരി, കണ്ണാടിയുടെ മുഖ്യശില്പി മോഹനന് ആചാരി എന്നിവരെ ചടങ്ങില്‍ ആദരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: