ആലുവ: പെരിയാറിന്റെ തീരത്ത് ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ നിര്‍മ്മിച്ച മഴവില്‍ റസ്റ്റോറന്റ് പൊളിച്ചുനീക്കല്‍ ആരംഭിച്ചു. സുപ്രീംകോടതി വിധിയെത്തുടര്‍ന്നാണ് ഇന്നലെ രാവിലെ ജില്ലാ കളക്ടര്‍ രാജമാണിക്യത്തിന്റെ നിര്‍ദ്ദേശപ്രകാരം കെട്ടിടം പൊളിക്കല്‍ ആരംഭിച്ചത്. മേല്‍ക്കൂരയില്‍ ഷീറ്റ് മേഞ്ഞ ഭാഗങ്ങള്‍ നീക്കംചെയ്തശേഷം ജെസിബി ഉപയോഗിച്ച് ഓരോ ഭാഗമായി ഇടിച്ചുനിരത്തല്‍ ആരംഭിച്ചിട്ടുണ്ട്.
എട്ട് മണിയോടെയാണ് ഇതിന് തുടക്കമായത്. എഡിഎം രാമച്വന്ദ്രന്, പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സലോമി എന്നിവര്‍ക്ക് പുറമെ തഹസില്‍ദാര്‍ ചന്ദ്രശേഖരന് നായര്‍, ആലുവ വെസ്റ്റ് വില്ലേജ് ഓഫീസര്‍ ജോസഫ്, പിഡബ്ല്യുഡി അസിസ്റ്റന്റ് എഞ്ചിനീയര്‍ ബെന്നി, ഡിവൈഎസ്പി വി.കെ. അനില്‍കുമാര്‍, സിഐ ബി. ഹരികുമാര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥ സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.
നദീസംരക്ഷണ നിയമം ലംഘിച്ച് ഒരു കോടിയോളം രൂപ മുടക്കി ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ 2005 ലാണ് കെട്ടിടം നിര്‍മ്മാണം ആരംഭിച്ചത്.
ഇതിനെതിരെ ഹിന്ദു ഐക്യവേദിയും പരിസ്ഥിതി സംരക്ഷണ സംഘവും ബിജെപിയും രംഗത്തുവന്നിരുന്നു. ഇതൊന്നും കാര്യമാക്കാതെയാണ് 2009ല്‍ അന്നത്തെ ടൂറിസം മന്ത്രി കൊടിയേരി ബാലകൃഷ്ണന് റസ്റ്റോറന്റ് ഉദ്ഘാടനം ചെയ്തത്. ആലുവ പരിസ്ഥിതി സംഘം സുപ്രീംകോടതിയില്‍ നല്കിയ ഹര്‍ജിയില്‍ തീര്‍പ്പാക്കുന്നതിന് മുമ്പ് തന്നെയായിരുന്നു ഉദ്ഘാടനം. 2013 ജൂലായ് രണ്ടിനാണ് കെട്ടിടം പൊളിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. സെപ്തംബര്‍ രണ്ടുവരെ സമയം അനുവദിച്ചു. ഇതിനടിയില്‍ സര്‍ക്കാര്‍ നല്കിയ റിവ്യൂഹര്‍ജിയും കോടതി തള്ളി. അനുവദിച്ച സമയം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും നടപടിയില്ലാത്ത സാഹചര്യത്തില്‍ ഹര്‍ജിക്കാരായ പരിസ്ഥിതിസംരക്ഷണ സംഘം കോടതിയലക്ഷ്യത്തിന് കോടതിയെ സമീപിച്ചു. കെട്ടിടം പൊളിക്കാന്‍ ഒരു ദിവസം പോലും സാവകാശം നല്‍കാനാവില്ലെന്നും കെട്ടിടം പൊളിച്ചില്ലെങ്കില്‍ കോടതിയലക്ഷ്യമാകുമെന്നും കഴിഞ്ഞ ഫെബ്രുവരി 21 ന് സുപ്രീംകോടതി വീണ്ടും വ്യക്തമാക്കി. ആവശ്യമെങ്കില്‍ കേന്ദ്രസേനയുടെ സഹായം തേടാനും കോടതി നിര്‍ദ്ദേശം നല്കി. എന്നിട്ടും അധികാരികള്‍ ഗൗനിച്ചില്ല.
കെട്ടിടം പൊളിക്കാന്‍ ടെണ്ടര്‍ നടപടികള്‍ സ്വീകരിച്ച് ജനങ്ങളുടെയും കോടതിയുടെയും കണ്ണില്‍ പൊടിയിട്ടു. ഇതേത്തുടര്‍ന്ന് തിങ്കളാഴ്ച ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് കോടതി മുമ്പാകെ ഹാജരാകാന്‍ ഉത്തരവിട്ടതിനെത്തുടര്‍ന്നാണ് ഇന്നലെ നടപടികള്‍ ആരംഭിച്ചത്. സംസ്ഥാന സര്‍ക്കാര്‍ ഒന്നാം പ്രതിയും കെടിഡിസി, ജില്ലാ കളക്ടര്‍, ഡിടിപിസി സ്റ്റേറ്റ് റിവര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍, നഗരസഭ എന്നിവര്‍ മറ്റുപ്രതികളുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: