തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാലമ്പലത്തിനുള്ളില്‍ നടന്ന കയ്യാങ്കളിക്ക് ഉത്തരവാദിയായ ഉന്നതനെ രക്ഷിക്കാന്‍ നീക്കം. നാളെ ചേരുന്ന ഭരണസമിതിയോഗം ഇത് മൂലം പ്രക്ഷുബ്ധമാകുമെന്നാണ് സൂചന. സംഭവത്തിന് ഉത്തരവാദിയായ ഭരണസമിതി അംഗത്തിനെതിരെ നടപടിയെടുത്തില്ലെങ്കില്‍ ശക്തമായി പ്രതിഷേധിക്കാനാണ് ജീവനക്കാരുടെ നീക്കം. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദേവസ്വംഭരണസമിതിയുടെ നേതൃത്വത്തില്‍ അരങ്ങേറുന്നത് കടുത്ത ആചാരലംഘനമാണത്രെ. ഉത്സവവേളയില്‍ നാലമ്പലത്തിനകത്ത് നടന്ന കയ്യാങ്കളി ഇതിനൊടുവിലത്തെ ഉദാഹരണമാണ്.
ഉത്സവത്തിലെ ഏറ്റവും പ്രധാനമായ ഒന്നാണ് ഉത്സവബലിദര്‍ശനം. എന്നാല്‍ ഉത്സവബലിദര്ശനസൗകര്യം ഭരണസമിതി അംഗങ്ങള്‍ക്കും അവരുടെ ഭാര്യമാര്‍ക്കുമായി നീക്കിവച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. ഇത്തരമൊരു കീഴ്വഴക്കം ഇതിന്മുമ്പ് ഉണ്ടായിട്ടില്ല. ഇത് തികച്ചും ആചാരലംഘനവും ഭരണസമിതി അംഗങ്ങളുടെ സത്യപ്രതിജ്ഞാ ലംഘനവുമാണ്. ഭരണസമിതി അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ഭക്തജനങ്ങള്‍ക്ക് തൊഴാനുള്ള എല്ലാ സൗകര്യവും ഒരുക്കുമെന്നും അതിനു യാതൊരു വിഘ്നവും ഉണ്ടാക്കില്ലെന്നാണ് പ്രതിജ്ഞയെടുക്കുന്നത്. എന്നാല്‍ ഇവിടെ പ്രധാനപ്പെട്ട ദര്‍ശനങ്ങളെല്ലാം തന്നെ ഇവര്‍ക്കായി മറ്റീവ്ക്കുകയും ചെയ്യുന്നു.
ശ്രീഭൂതബലിസമയത്ത് മുപ്പത്തിമുക്കോടി ദൈവങ്ങളും ഇവിടെ സംഗമിക്കുമെന്നാണ് വിശ്വാസം. അത്കൊണ്ട് തന്നെ ഈ സമയത്ത് ദര്‍ശനം നടത്തുന്നത് അതി വിശിഷ്ടവുമാണ്. എന്നാല്‍ ഭരണസമിതി അംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കും മാത്രമാണ് ദര്‍ശനം അനുവദിച്ചത്. ഈ സമയത്ത് ദര്‍ശനത്തിനെത്തിയ മഹാരാഷ്ട്ര ഗവര്‍ണ്ണറുടെ മകളെ കടത്തിവിടാത്തതിനെ ചൊല്ലിയാണ് പ്രശ്നങ്ങള്‍ ഉണ്ടായത്. ഉത്സവബലിദര്ശനത്തിന് പുറമെ ആറാട്ട്കടവില്‍ ഉച്ചപൂജക്കും ഭക്തജനങ്ങള്‍ക്ക് പ്രവേശനം നല്‍കാതെ ഭരണസമിതി അംഗങ്ങളും ബന്ധുക്കളും മാത്രമാണ് ദര്‍ശനം നടത്തിയത്. ഇത്തരത്തിലുള്ള ഒരുകീഴ്വഴക്കം ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. ജീവനക്കാരന് കൂടിയായ മര്‍ദ്ദനമേറ്റ ഭരണസമിതി അംഗത്തിനെതിരെ മുമ്പും അച്ചടക്കനടപടികള്‍ ഉണ്ടായിട്ടുള്ളതാണ്.
ശ്രീകൃഷ്ണകോളേജില്‍ നടന്ന നിയമനം സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നേരിടുന്ന അതേ ഭരണസമിതിയെ തന്നെയാണ് വീണ്ടും നിയമിച്ചത്. ഇത് അഴിമതിക്ക് വീണ്ടും അവസരം ഒരുക്കികൊടുക്കലാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. അതുപോലെ ഫ്രീ സത്രം ഇന്ന് പോലീസ് എഎപി ക്യാമ്പ് ആക്കിമാറ്റിയിരിക്കുകയാണ്. ഇവിടെ എത്തുന്നഭക്തജനങ്ങള്ക്ക് സൗജന്യമായി താമസിക്കുന്നതിനായിട്ടാണ് മൂന്ന് നിലകളിലായി ഈസത്രം പണികഴിപ്പിച്ചത്. എന്നാല്‍ ഭക്തജനങ്ങള്‍ക്ക് ഇതിന്റെ യാതൊരു പ്രയോജനവും ലഭിക്കുന്നില്ല. തൃശൂര്‍ പോലീസ് എഎപി ക്യാമ്പില്‍ സ്ഥലമില്ലാത്തതിനെ തുടര്‍ന്ന് പോലീസുകാരെ ഇവിടെയാണ് താമസിപ്പിക്കുന്നതത്രെ. ഹിന്ദുക്കള്‍ക്ക് മാത്രമാണ് ദേവസ്വത്തിന്റെ സ്ഥാപനങ്ങളില്‍ താമസിക്കുവാന്‍ പാടുള്ളു എന്നിരിക്കെ അന്യമതസ്ഥരായ പോലീസുകാരുടെ ആവാസകേന്ദ്രമായി മാറിയിരിക്കുകയാണിവിടം. ഇവിടെ എത്തുന്ന പല ഭക്തര്‍ക്കും താമസത്തിന് മുറികള്‍ ലഭിക്കാത്തത് മൂലം റോഡിലും മറ്റുമാണ് അഭയം തേടുന്നത്.
പ്രധാനപ്പെട്ട ദര്‍ശനങ്ങള്‍ വേണ്ടപ്പെട്ടവര്‍ക്ക് മാത്രമായിട്ടാണ് ഉള്ളത്. നിര്‍മ്മാല്യദര്‍ശനത്തിന് ദേവസ്വം മെമ്പറെ വാടകക്ക് എടുക്കാവുന്ന അവസ്ഥവരെയുണ്ട്. ചില ഹോട്ടലുകള്‍ക്ക് വരെ നിര്‍മാല്യദര്‍ശനത്തിന് ആളുകളെ കയറ്റിവിടാനുള്ള സൗകര്യം ഇവര്‍ നല്കുന്നു. എന്തായാലും ക്ഷേത്ര ആചാരവിരുദ്ധമായി പ്രവര്‍ത്തിക്കുകയും ക്ഷേത്രത്തെ കളങ്കപ്പെടുത്തുകയും ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളണമെന്ന് ശക്തമായ ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
എന്‍.പി. സജീവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: