തിരുവനന്തപുരം: ചവറ കെഎംഎംഎല്‍ കമ്പനി പുറത്തുവിടുന്ന മാലിന്യത്തിന്റെ ദുരന്തം അനുഭവിക്കുന്ന ചവറ, പന്മന നിവാസികളെ മാറ്റിപ്പാര്‍പ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്. മാലിന്യ സംസ്കരണ ഉപാധികള്‍ സ്ഥാപിക്കാതെ കെഎംഎംഎല്‍ തള്ളുന്ന വിഷമാലിന്യങ്ങള്‍ സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണെന്നും വിഎസ് പറഞ്ഞു. മുമ്പ് അവിടുത്തെ നാട്ടുകാരുടെ ദുരിതം കാണാന്‍ താന്‍ ചവറ സന്ദര്‍ശിച്ചിരുന്നു. അപ്പോള്‍ എന്റെയൊപ്പം അന്ന് ഇടതുമുന്നണിക്കൊപ്പമായിരുന്ന മുന്‍മന്ത്രി എന്‍.കെ.പ്രേമചന്ദ്രനുമുണ്ടായിരുന്നു. ഇന്നിപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പ്രേമചന്ദ്രന്റെ ഇക്കാര്യത്തിലുള്ള നിലപാട് എന്താണെന്നറിയാന്‍ താല്പര്യമുണ്ടെന്നും വിഎസ് പറഞ്ഞു.
മാലിന്യ പ്രശ്നം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കാര്യമായ നടപടികളൊന്നും സ്വീകരിച്ചില്ല. ഇപ്പോള്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ഉദ്ദേശിച്ചുള്ളതാണ്. കേരളത്തിലെ പലവ്യവസായ സ്ഥാപനങ്ങളും ലാഭത്തിനായി സ്വീകരിക്കുന്ന വഴിവിട്ട നടപടികളുടെ ഭാഗമായി ഡയോക്സിന്‍ എന്ന മാരക വിഷം പുറന്തള്ളുന്നുണ്ട്. ഇത് എന്‍ഡോസല്‍ഫാനെക്കാളും 3200 മടങ്ങ് കൂടിയ വിഷമാണ്. തൃശ്ശൂരിലെ നീറ്റാ ജലാറ്റിന്‍ ഫാക്ടറി അവരുടെ ഉല്പാദനത്തിന് ആവശ്യമായ ഹൈഡ്രോക്ലോറിക് ആസിഡ് കുറഞ്ഞ വിലയ്ക്ക് മേട്ടൂരിലെ പ്ലാസ്റ്റിക് ഉരുക്കുന്ന സ്ഥാപനത്തില്‍ നിന്നുമാണ് വാങ്ങുന്നത്. ഇത് നല്ല ഹൈഡ്രോക്ലോറിക് ആസിഡല്ല. ഇതില്‍ ഡയോക്സിന്‍ കലര്‍ന്നിട്ടുണ്ട്. ഫാക്ടറിയുടെ ഉല്പന്നങ്ങളിലും നമ്മുടെ മണ്ണിലും വായുവിലുമെല്ലാം ഈ മാരക വിഷം കലരുന്നു. ആശുപത്രികളിലെ പ്ലാസ്റ്റിക് മാലിന്യം കത്തിക്കുക വഴി പുറന്തള്ളുന്നതും ഇതേ മാരക വിഷമാണ്.
നമ്മുടെ അമ്മമാരുടെ മുലപ്പാലില്‍ പോലും ഡയോക്സിന്‍ വിഷത്തിന്റെ അളവ് വളരെ കൂടുതലാണ്. തലമുറകളെ ബാധിക്കുന്ന ഗൗരവമുള്ള വിഷയത്തില്‍ സര്‍ക്കാര്‍ നടപടികളെടുക്കാതെ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് വിഎസ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: