ആറന്മുള: കേരളം മരുഭൂമിയാക്കുവാന് മൂലധന ശക്തികളുമായി ഒത്തുചേര്‍ന്നു നീങ്ങുന്ന ജനപ്രതിനിധി ആരായാലും അവരെ ഒറ്റപ്പെടുത്തണമെന്ന് ആറന്മുള വിമാനത്താവള പദ്ധതിക്കെതിരെ നടക്കുന്ന അനിശ്ചിതകാല സത്യഗ്രഹത്തിന്റെ നാല്‍പ്പത്തിയൊന്നാം ദിവസം സമ്മേളനം ഉദ്ഘാടനം ചെയ്ത് ബി എം എസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. എം.പി. ഭാര്ഗ്ഗവന്.
ആറന്മുളയിലെ പൈതൃകവും പ്രകൃതി വിശ്വാസവും അനശ്വരമാണെന്നും ഇത് വരുംതലമുറയ്ക്ക് അതേപോലെ നിലനിര്‍ത്തി കൈമാറുകയാണ് വേണ്ടതെന്നും ഭാര്ഗ്ഗവന് കൂട്ടിച്ചേര്‍ത്തു.
സത്യഗ്രഹത്തിലെ ജനബാഹുല്യം കാണുമ്പോള്‍ ഹാലിളകുന്ന ജനപ്രതിനിധി ധനമോഹിയായി മാറിയിരിക്കുകയാണെന്ന് അദ്ധ്യക്ഷം വഹിച്ച കേരള ഗണക മഹാസഭ സംസ്ഥാന ഉപദേശക സമിതി അംഗം കെ.എന്‍. ഗോപി ഗണകന് അഭിപ്രായപ്പെട്ടു. ആറന്മുളയിലെ വലുതും ചെറുതമായ എല്ലാ സാമുദായിക സാംസ്കാരിക രാഷ്ട്രീയ സംഘടനകളും വിമാനത്താവളത്തിനെതിരെ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും അതിനെതിരെ ജനപ്രതിനിധികള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും ഗോപി ഗണകന് അഭിപ്രായപ്പെട്ടു. സത്യഗ്രഹത്തില്‍ ഇടശ്ശേരിമല ഹിന്ദു പുലയ സമാജം, കേരള എന്‍ജിഒ സംഘ്, ഗണക മഹാസഭ എന്നീ സംഘടനകള്‍ പങ്കെടുത്തു.
സത്യാഗ്രഹത്തില്‍ കേരള എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് കെ.പി. രാജേന്ദ്രന്, സിപിഐ(എം) ഏരിയ കമ്മിറ്റി അംഗം കെ.കെ. ശിവാനന്ദന്, സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം വത്സമ്മ മാത്യു, വിമാനത്താവള വിരുദ്ധ ഏകോപന സമിതി കണ്‍വീനര്‍ പി. ഇന്ദുചൂഢന്, പി.എന്‍. ജയശങ്കര്‍, കെ.ഐ. ജോസഫ്, പി.ആര്. ഷാജി, ആറന്മുള വിജയകുമാര്‍, ശ്രീകുമാരി മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു. സത്യഗ്രഹത്തിന്റെ നാല്‍പ്പത്തിരണ്ടാം ദിവസമായ തിങ്കളാഴ്ച വനവാസി വികാസ കേന്ദ്രം സംസ്ഥാന പ്രസിഡന്റ് പള്ളിയറ രാമന് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: