തിരുവനന്തപുരം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ അതിര്‍ത്തികള്‍ പുനര്‍നിര്‍ണയിച്ചുള്ള കരടുഭൂപടം തയാറായതോടെ ഇടുക്കിയിലെ 7.21 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ഇഎസ്എയില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. മൂന്ന് വില്ലേജുകള്‍ പൂര്‍ണമായും 27 വില്ലേജുകള്‍ ഭാഗികമായും ഇഎസ്എയില്‍ നിന്നൊഴിവാകും. സംസ്ഥാനത്ത് ഏറ്റവുമധികം പ്രദേശം ഇഎസ്എയില്‍ നിന്നൊഴിവാക്കപ്പെട്ടതും ഇടുക്കി ജില്ലയിലാണ്.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പ്രകാരം 4511 ചതുരശ്ര കിലോമീറ്ററാണ് ഇടുക്കിയിലെ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ വിസ്തൃതി. റിമോട്ട് സെന്‍സിങ് പ്രകാരം തയ്യാറാക്കിയ ഭൂപടത്തില്‍ ഇത് 3789.5 ചതുരശ്ര കിലോമീറ്ററായി ചുരുങ്ങി. അതിര്‍ത്തികള്‍ പുനര്‍നിര്‍ണയിച്ചതോടെ 47 വില്ലേജുകളില്‍ 30 എണ്ണത്തിനും വലിയ തോതില്‍ ഇളവ് ലഭിച്ചിട്ടുണ്ട്.
കുഞ്ചിത്തണ്ണി, വണ്ടന്മേട്, അണക്കര എന്നീ മൂന്ന് വില്ലേജുകള്‍ ഏതാണ്ടു പൂര്‍ണമായും ഇഎസ്എയില്‍ നിന്നൊഴിവായി. കട്ടപ്പന, രാജാക്കാട്, ശാന്തമ്പാറ, ഉടുമ്പന്‍ചോല തുടങ്ങി ജനങ്ങള്‍ തിങ്ങിനിറഞ്ഞ വില്ലേജുകളില്‍ ഇഎസ്എയുടെ വിസ്തൃതി അഞ്ച് ചതുരശ്ര കിലോമീറ്ററില്‍ താഴെയാണ്.
23 വില്ലേജുകളില്‍ 50 മുതല്‍ 90 ശതമാനം വരെ ഇഎസ്എ വിസ്തൃതി കുറഞ്ഞു. എന്നാല്‍ 17 വില്ലേജുകളിലെ പകുതിയിലേറെ പ്രദേശം ഇപ്പോളും പരിസ്ഥിതി ലോല മേഖലയിലാണ്. ഇതില്‍ മൂന്നാറും ഇടുക്കിയും ഉള്‍പ്പെടെ 5 വില്ലേജുകളില്‍ 90 ശതമാനത്തിലധികവും ഇഎസ്എ പ്രദേശമാണ്.
കുമളി, അടിമാലി എന്നീ ടൗണ്‍ പ്രദേശങ്ങളും പരിസ്ഥിതി ലോല മേഖലയില്‍ തുടരുന്നു. ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഇഎസ്എയില്‍ നിന്നൊഴിവാക്കിയപ്പോള്‍ വനം, ജലാശയം, വെറുതേ കിടക്കുന്ന ഭൂമി തുടങ്ങിയവയുള്ള പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലയായി കണക്കാക്കിയാണ് ഭൂപടം തയ്യാറാക്കിയിരിക്കുന്നത്.
സ്വന്തം ലേഖന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: