പത്തനംതിട്ട: ഇടതുവലതു മുന്നണികളിലെ കോണ്‍ഗ്രസുകാരായ സ്ഥാനാര്‍ത്ഥികളോട് മത്സരിക്കാനുള്ള വേറിട്ട നിയോഗവുമായാണ് ബിജെപി സ്ഥാനാര്‍ത്ഥി എം.ടി.രമേശ് പത്തനംതിട്ടയിലെത്തിയത്. എഐസിസി അംഗമായ പീലിപ്പോസ് തോമസ് എല്‍ഡിഎഫിന്റെ സീറ്റ് വാഗ്ദാനത്തെത്തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഇടതുപാളയത്തിലെത്തിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സര രംഗത്ത് എത്തിയത് നിലവിലുള്ള എംപി ആന്റോ ആന്റണിതന്നെയാണ്. വിമാനത്താവള വിരുദ്ധസമരം കൊടുമ്പിരികൊണ്ട ആറന്മുള പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലാണ് സ്ഥിതിചെയ്യുന്ന്. ഇതിനാല്‍ കരുത്തനായ സ്ഥാനാര്‍ത്ഥിയെതന്നെ ഇവിടെ മത്സരിപ്പിക്കണമെന്നുള്ളത് ബിജെപിയുടെ തീരുമാനമായിരുന്നു. ഇതനുസരിച്ചാണ് എം.ടി.രമേശ് കടത്തനാട്ടുനിന്നും പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് ഗോദയിലേക്കെത്തിയത്.
ആറുവര്‍ഷക്കാലം യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷനായിരുന്ന എം.ടി.രമേശ് സംഘടനയ്ക്ക് ശക്തമായ അടിത്തറ പാകുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച വ്യക്തിയാണ്. ഈ കാലയളവില്‍ നിരവധി സമരങ്ങള്‍ക്ക് യുവമോര്‍ച്ച നേതൃത്വം നല്കി. ഇവയിലേറെയും വിജയത്തിലെത്തിക്കാന്‍ സാധിച്ചത് രമേശിനെ സംസ്ഥാന രാഷ്ട്രീയത്തില്‍ ശ്രദ്ധേയനായ വ്യക്തിയാക്കിമാറ്റി. സാമൂഹ്യ വിഷയങ്ങളിലുള്ള അഗാധമായ പാണ്ഡിത്യവും മികച്ച അവതരണ ശേഷിയും രമേശിനെ വ്യത്യസ്ഥനാക്കുകയാണ്. ചാനല്‍ ചര്‍ച്ചകളില്‍ സജീവ സാന്നിദ്ധ്യമായ ബിജെപി സ്ഥാനാര്‍ത്ഥി എതിരാളികള്‍ക്കുപോലും പ്രിയങ്കരനാണ്.
മികച്ച പ്രാസംഗികനായി വിലയിരുത്തപ്പെടുന്ന നേതാവാണ് എം.ടി.രമേശ്. മണ്ഡലത്തിലെ നിഷ്പക്ഷ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശേഷിയുള്ള സ്ഥാനാര്ത്ഥികൂടിയായി അദ്ദേഹം വിലയിരുത്തപ്പെടുന്നു. മണ്ഡലത്തില്‍ ബിജെപി പ്രകടനം മെച്ചപ്പെടുത്തുമെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി നേതൃത്വം.
ഇടത്-വലത് മുന്നണികളിലെ ആഭ്യന്തരപ്രശ്നങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളെ ബാധിക്കുന്നുണ്ട്. മുന്നണികളിലുണ്ടായ വോട്ടുചോര്‍ച്ച മണ്ഡലത്തില്‍ ബിജെപിക്ക് അനുകൂലമായ ഒരു തരംഗം സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തപ്പെടുന്നു.ശക്തമായ ഒരു കേന്ദ്ര സര്‍ക്കാരിനായി ചിന്തിക്കുന്നവര്‍ യാഥാസ്ഥിതിക മുന്നണി നിലപാടുകളില്‍ നിന്നും വ്യതിചലിക്കുകയാണ്. ഇവിടെ നേട്ടം ബിജെപിക്കുതന്നെയാണ്. പരമ്പരാഗതമായ ചിന്താഗതികളില്‍ നിന്നും മാറിയവരും നവ വോട്ടര്‍മാരും ഈ തെരഞ്ഞെടുപ്പിലെ പ്രത്യേക ഘടകം തന്നെയാണ്.നിഷേധവോട്ടുകള്ക്കും ഇക്കുറി സ്ഥാനമുണ്ട്. നിലവിലുള്ള എം പി ആന്റോ ആന്റ ണിക്കെതിരായ വികാരം മണ്ഡലത്തില്‍ ശക്തമാണ് .വികസനം എത്തിക്കുന്നതില്‍ എംപി പരാജയപ്പെട്ടതാണ് ഏറ്റവും വലിയ ആരോപണം. പാര്‍ട്ടിയിലെ ആഭ്യന്തരപ്രശ്നങ്ങള്‍ വേറെയാണ്. മറുവശത്ത് പീലിപ്പോസ് തോമസിനെ സ്ഥാനാര്ഥിയാക്കിയതുപോലും എല്‍ ഡി എഫിന് രുചിച്ചിട്ടില്ല.
ഇവിടെ ബിജെപി സ്ഥാനാര് ഥിയുടെ മൂല്യം ജനം തിരിച്ചറിയുന്നു. മുന്നണികള്‍ തമ്മിലുള്ള രസക്കേടുകള്‍ എം.ടി. രമേശിന് പിന്തുണയായി മാറുമെന്നുറപ്പാണ്.
ആദര്‍ശശുദ്ധിയും യുവത്വത്തിന്റെ പ്രസരിപ്പുമുള്ള രമേശ് മണ്ഡലത്തില്‍ സുപരിചിതനായികഴിഞ്ഞു. രമേശിന്റെ വരവോടെ പത്തനംതിട്ട മണ്ഡലത്തില്‍ തീപാറുന്ന പോരാട്ടത്തിനാണ് അരങ്ങൊരുങ്ങിയിരിക്കുന്നത്. ആര്‍എസ്എസിലൂടെ പൊതുരംഗത്ത് എത്തിയ രമേശ് എബിവിപിയിലൂടെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. തുടര്‍ന്ന് യുവമോര്‍ച്ചയിലൂടെ ബിജെപിയിലെത്തി ദേശീയ നിര്വ്വാഹകസമിതിയംഗമായി.
ഇപ്പോള്‍ സംസ്ഥാന വൈസ് പ്രസിഡന്റാണ് 2004 ല്‍ കോഴിക്കോട് ലോക് സഭാമണ്ഡലത്തിലും 2001 ല്‍ ചെങ്ങന്നൂര്‍ നിയമസഭാ മണ്ഡലത്തിലും ജനവിധി തേടിയിട്ടുണ്ട്. കോഴിക്കോട് ബാറിലെ അഭിഭാഷകയും മഹിളാമോര്‍ച്ച സംസ്ഥാന സെക്രട്ടറിയുമായ ശാലിനയാണ് ഭാര്യ. ജ്വാല മകളാണ്.
ജി. സുനില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: