കൊച്ചി: ചോദ്യങ്ങള്‍ ചോദിച്ചും വിശകലനം ചെയ്തും ഉത്തരങ്ങള്‍ കണ്ടെത്തിയ മാധ്യമ പ്രവര്‍ത്തകയും ആം ആദ്മി പാര്‍ട്ടിയുടെ എറണാകുളം മണ്ഡലം സ്ഥാനാര്‍ത്ഥിയുമായ അനിത പ്രതാപിന് സ്വന്തം പാര്‍ട്ടിയ്ക്കുള്ളിലെ പ്രശ്്നങ്ങളെ കുറിച്ച് വ്യക്തമായ ഉത്തരമില്ല. ആലപ്പുഴ മണ്ഡലത്തില്‍ എഎപിയുടെ സ്ഥാനാര്‍ത്ഥിയായി സ്വയം പ്രഖ്യാപിച്ച സാമൂഹ്യ പ്രവര്‍ത്തക അശ്വതി നായരുമായി ബന്ധപ്പെട്ട വിവാദത്തെ കുറിച്ച് തനിക്കൊന്നും അറിയില്ലെന്നാണ് അനിത പറയുന്നത്. എറണാകുളം പ്രസ് ക്ലബ്ബില്‍ സംഘടിപ്പിച്ച മീറ്റ് ദ പ്രസ്് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. നാടുനീളെ ജനങ്ങളുടെ പരാതി കേള്‍ക്കാന്‍ നടക്കുന്ന മുഖ്യമന്ത്രി ഒരു വില്ലേജ് ഓഫീസറുടെ പണിയാണ് ചെയ്യുന്നതെന്നും അദ്ദേഹം ക്ലര്ക്കാണോയെന്നും അനിത ചോദിച്ചു.
എറണാകുളം ബസ് സ്റ്റാന്റ് വൃത്തിയാക്കാന്‍ പോയത് മാധ്യമ ശ്രദ്ധ കിട്ടുന്നതിന് വേണ്ടിമാത്രമല്ലെന്നും ഈ വിഷയം ഉയര്‍ത്തിക്കാട്ടുന്നതിന് വേണ്ടിയാണെന്നും ലോക പൈതൃക കേന്ദ്രങ്ങളിലൊന്നായ പശ്ചിമ കൊച്ചിയില്‍ സ്ത്രീകള്‍ക്ക് വേണ്ടി ഒരു ബാത്ത് റൂം സൗകര്യം പോലുമില്ലെന്നും അനിത പറഞ്ഞു.
മുകേഷ് അംബാനിയ്ക്കെതിരെ അരവിന്ദ് കേജ്രിവാള് എഫ്ഐആര്‍ സമര്‍പ്പിക്കാന്‍ കാണിച്ച ധൈര്യമാണ് തന്നെ ആം ആദ്മി പാര്‍ട്ടിയിലേക്ക് ആകര്‍ഷിച്ചത്. പാര്‍ട്ടിക്കുള്ളില്‍ സംഘടനാപാടവത്തിന്റെ അഭാവം ഉണ്ടെന്ന് സമ്മതിച്ച അനിത, പാര്‍ട്ടിയുടെ ഉദയം ഒരു റോക്കറ്റ് ലോഞ്ച് പോലെയായിരുന്നുവെന്നും എല്ലാം നേരെയാക്കാനുള്ള സമയം കിട്ടിയില്ലെന്നും അവകാശപ്പെട്ടു. ആം ആദ്മിയുടെ ആദര്‍ശങ്ങള്‍ തന്നെയായിരുന്നു താന്‍ പിന്തുടര്ന്നിരുന്നതെന്നും അവര്‍ പറഞ്ഞു.
എന്നാല്‍ മാധ്യമപ്രവര്‍ത്തകയെന്ന നിലയില്‍ താനൊരു പരാജയമായിരുന്നുവെന്നും സമൂഹത്തിന് വേണ്ടി യാതൊന്നും പ്രവര്‍ത്തിക്കാന്‍ തനിക്ക് കഴിഞ്ഞിട്ടില്ലെന്നും അനിത അഭിപ്രായപ്പെട്ടു. രാജ്യം അഴിമതിയിലൂടെയാണ് മുന്നോട്ട് പോകുന്നത്. രാജ്യം കണ്ട എക്കാലത്തേയും വലിയ അഴിമതികളാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടന്നത്. രാജീവ് ഗാന്ധിയുടെ കാലഘട്ടത്തില്‍ 64 കോടിയുടെ അഴിമതിയാണ് നടന്നത്. അതേ സമയം ഇന്ന് അത് 1.75 ലക്ഷം കോടി രൂപയുടേതായി ഉയര്‍ന്നു. ഈ തുകയില്‍ എത്ര പൂജ്യം എഴുതേണ്ടി വരുമെന്നു പോലും അറിയില്ല. അഴിമതിയില്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിന് നേരിട്ട് പങ്കില്ലായിരിക്കാം. പക്ഷേ അഴിമതി തടയുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു. തെറ്റു ചെയ്യുന്നതിനേക്കാള്‍ വലിയ കുറ്റമാണ് അതു തടയാത്തതും അതിനു കൂട്ടുനില്ക്കുന്നതും. അതിനാല്‍ പ്രധാനമന്ത്രിയും ഇതില്‍ കുറ്റവാളിയാണെന്നും അനിത പറഞ്ഞു.
എറണാകുളം മണ്ഡലത്തില്‍ തനിക്ക് എത്ര വോട്ട് ലഭിക്കുമെന്ന് പറയാന്‍ ജ്യോതിഷിയല്ലെന്നും അനിത പറഞ്ഞു. സ്വന്തം സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാന്‍ കഴിയാത്ത വേദനയിലാണ് സിപിഎമ്മിലെ സാധാരണക്കാരായ പ്രവര്‍ത്തകര്‍. സിപിഎമ്മിന് ഇവിടെ സ്വന്തം സ്ഥാനാര്‍ഥിയില്ല.
തനി കോട്ടയം ശൈലിയിലായിരുന്നു അനിതയുടെ സംഭാഷണം. ചോദ്യങ്ങള്‍ ചോദിച്ചും ഉത്തരം കണ്ടെത്തിയും ശീലിച്ച ഈ മാധ്യമ പ്രവര്‍ത്തക ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കുന്നതില് നിന്നും അതിവിദഗ്ധമായി ഒഴിഞ്ഞുമാറാനും സാധിക്കുമെന്ന് തെളിയിക്കുകയായിരുന്നു നിലപാട് 2014 ലൂടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: